മനോജ് വധം: തുടര്‍നീക്കങ്ങള്‍ നിര്‍ണായകമാവും

ഹനീഫ എടക്കാട്

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് ഇളന്തോട്ടത്തില്‍ മനോജ് വധക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയതോടെ സിപിഎമ്മിന്റെയും സിബിഐയുടെയും തുടര്‍നീക്കം നിര്‍ണായകമാവും.
പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയുന്ന ജയരാജന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള മെഡിക്കല്‍ റിപോര്‍ട്ട് തേടുകയാവും സിബിഐ ആദ്യം ചെയ്യുക. ആര്‍എസ്എസ് ആക്രമണത്തില്‍ പരിക്കേറ്റ ജയരാജന്റെ വലതുകൈയ്ക്ക് ഇപ്പോഴും ശേഷി കുറവുണ്ട്. കൂടാതെ ഹൃദ്‌രോഗബാധിതനുമാണ്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ബലപ്രയോഗത്തിലൂടെയുള്ള അറസ്റ്റ് പരമാവധി ഒഴിവാക്കാനാണ് സിബിഐ നീക്കം. അതേസമയം കോടതിയില്‍ കീഴടങ്ങാന്‍ അനുവദിക്കാതെ അറസ്റ്റ് ചെയ്യണമെന്നാണ് ആര്‍എസ്എസ് നിലപാട്. അതിനാല്‍ തന്നെ സിബിഐയ്ക്കു മേലുള്ള സമ്മര്‍ദം ശക്തമാക്കാന്‍ ആര്‍എസ്എസ് ശ്രമിച്ചേക്കും.
നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ പാര്‍ട്ടി സ്വീകരിക്കുമെന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിരുവനന്തപുരത്തും സംസ്ഥാനസമിതിയംഗം എം വി ജയരാജന്‍ കണ്ണൂരും വ്യക്തമാക്കിയത്.
സിബിഐയ്ക്ക് പിടികൊടുക്കാതെ ജയരാജന്‍ കോടതിയില്‍ കീഴടങ്ങാനാണ് സാധ്യത. നിയമോപദേശം തേടിയ ശേഷമായിരിക്കും കോടതിയില്‍ ഹാജരാവുക. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇനിയും വിഷയം വഷളാക്കാന്‍ പാര്‍ട്ടിക്കും ആഗ്രഹമില്ല. അതുകൊണ്ട് വരും ദിവസങ്ങളില്‍ തന്നെ ജയരാജന്‍ കോടതിയില്‍ കീഴടങ്ങുമെന്നാണ് സൂചന.
സിബിഐയുടെ അറസ്റ്റ് ഒഴിവാക്കാനും യുഎപിഎയില്‍ നിന്നു രക്ഷപ്പെടാനും ജയരാജന്‍ നടത്തിയ നിയമ പോരാട്ടങ്ങളെല്ലാം വിഫലമാവുകയായിരുന്നു. സെഷന്‍സ് കോടതിയില്‍ മൂന്നുവട്ടമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മൂന്നും തള്ളി. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ജയരാജനെ 25ാം പ്രതി ചേര്‍ത്താണ് കോടതിയില്‍ സിബിഐ റിപോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ 19ന് സെഷന്‍സ് കോടതി ജാമ്യഹരജി തള്ളിയ ശേഷം, രാത്രിയോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ അഡ്മിറ്റായ ജയരാജന്‍ 31 മുതല്‍ പരിയാരം സഹകരണ മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.
Next Story

RELATED STORIES

Share it