wayanad local

മനുഷ്യ-വന്യജീവി സംഘര്‍ഷം; ശാസ്ത്രീയ മാര്‍ഗങ്ങള്‍ വേണമെന്ന് ശില്‍പശാല

കല്‍പ്പറ്റ: മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കാന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് ചെയ്യേണ്ടതെന്ന് എം വി ശ്രേയാംസ്‌കുമാര്‍ എംഎല്‍എ. പൂക്കോട് വെറ്ററിനറി യൂനിവേഴ്‌സിറ്റിയില്‍ ആരംഭിച്ച റീജ്യനല്‍ ഏഷ്യന്‍ എലഫന്റ് ആന്റ് ടൈഗര്‍ വെറ്ററിനറി ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവികള്‍ക്ക് വനത്തില്‍ അവയുടെ ആവാസവ്യവസ്ഥയ്ക്ക് ഭംഗം വരുമ്പോഴാണ് അവ നാട്ടിന്‍പുറങ്ങളിലിറങ്ങി നാശം വിതയ്ക്കുന്നത്. കേരളത്തില്‍ വനം വ്യാപകമായി കൈയേറ്റത്തിനിരയായിട്ടുണ്ട്. ശേഷിക്കുന്ന വനങ്ങളില്‍ മരം കൊള്ളക്കാരും നായാട്ടുകാരും തമ്പടിക്കുന്നു. അതുകൊണ്ട് വനത്തിനു പുറത്തുകടക്കുന്ന വന്യജീവികള്‍ വിനാശകാരികളാവുകയാണ്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെട്ടതടക്കം 200 വന്യജീവി-മനുഷ്യ സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്. വെറ്ററിനറി സര്‍വകലാശാലയില്‍ ആരംഭിച്ച ശില്‍പശാലയില്‍ വന്യജീവികളും അവശ്യഘടകമാണെന്ന വസ്തുത മനസ്സിലാക്കി ഈ വിഷയത്തില്‍ കൂടുതല്‍ പഠനങ്ങളും ഗവേഷണങ്ങളും നടത്തി ഫലപ്രദമായി മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ കഴിയട്ടേയെന്നും എംഎല്‍എ പറഞ്ഞു. ശില്‍പശാല നാലിനു സമാപിക്കും. സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സ്റ്റഡീസ്, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂനിവേഴ്‌സിറ്റി, പറമ്പിക്കുളം ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷന്‍ എന്നിവ ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍ ഡോ. ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ഡോ. കെ ദേവത, ഡോ. കെ വിജയകുമാര്‍, ഡോ. അരുണ്‍ സക്കറിയ, ലിന്റ റിഷ്‌നെയ്ഡര്‍, പി ധനേഷ്‌കുമാര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it