മനുഷ്യ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ നിയമാനുസൃതം കൊല്ലാമെന്ന് സുപ്രിംകോടതി

ന്യൂഡല്‍ഹി: മനുഷ്യ ജീവന് ഭീഷണി ഉയര്‍ത്തുന്ന അപകടകാരികളായ തെരുവുനായ്ക്കളെ നിയമാനുസൃതമായി കൊല്ലാമെന്ന് സുപ്രിംകോടതി. രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് സുപ്രിംകോടതി ഇതുസംബന്ധിച്ച അനുമതി നല്‍കിയത്. മൃഗസംരക്ഷണ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച ശേഷം മാത്രമെ ഇത്തരം നടപടി സ്വീകരിക്കാവൂ. മൃഗസരംക്ഷണ ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസ്സമില്ലെന്നാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പൊതുസ്ഥലങ്ങളില്‍ ശല്യക്കാരായ തെരുവുനായ്ക്കളെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച  ഹരജികളിലാണ് ഉത്തരവ്.
മനുഷ്യന്റെ ജീവനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. എന്നാല്‍, തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. തെരുവുനായ്ക്കളുടെ ജനന നിയന്ത്രണത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഒരുക്കണം. നിയമം കര്‍ശനമായി നടപ്പാക്കാത്തതാണ് തെരുവുനായ്ക്കളുടെ ശല്യം കൂടാന്‍ കാരണമെന്ന് കോടതി നിരീക്ഷിച്ചു. ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ് എല്ലാ സംസ്ഥാനങ്ങളിലേയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ചുകൊടുക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. കേസിന്റെ അന്തിമവാദം അടുത്തവര്‍ഷം മാര്‍ച്ച് ഒമ്പതിന് തുടങ്ങും. അന്തിമ വിധി വരുന്നതുവരെ ഹൈക്കോടതികള്‍ തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുകയോ ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.
അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന ആവശ്യം കഴിഞ്ഞമാസം സുപ്രിംകോടതി തള്ളിയിരുന്നു. പേവിഷബാധയുള്ളതും അപകടകാരികളുമായ തെരുവുനായ്ക്കളെ കൊല്ലുന്നതിന് പ്രശ്‌നമില്ല. തെരുവനായ്ക്കള്‍ക്കു വാക്‌സിന്‍ നല്‍കുകയോ അവയെ പിടികൂടി പ്രത്യേക കേന്ദ്രങ്ങളിലാക്കുകയോ വേണമെന്നും കോടതി വ്യക്തമാക്കി.മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള 1960ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ചട്ടങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും ചട്ടങ്ങളില്‍ തെരുവുനായ്ക്കള്‍ എന്ന പ്രയോഗത്തില്‍ ഉള്‍പ്പെടുന്ന നായകള്‍ ഏതൊക്കെ എന്നതു സംബന്ധിച്ച് നിര്‍വചനം ഇല്ലെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it