മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷണം; അറിവില്ലായ്മ അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നു

തിരുവനന്തപുരം: എങ്ങനെ അപേക്ഷിക്കണം എന്നറിയാത്തതു കാരണം അര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി. ദാരിദ്ര്യവും അസുഖങ്ങളും അറിവില്ലായ്മയും കണക്കിലെടുത്ത് ഇത്തരക്കാരെ റവന്യൂ, പഞ്ചായത്ത് ഉദേ്യാഗസ്ഥര്‍ സഹായിക്കണമെന്നും കമ്മീഷന്‍ നിരീക്ഷിച്ചു. അറിവില്ലായ്മ കാരണം പലര്‍ക്കും വിധവ പെന്‍ഷനും വാര്‍ധക്യകാല പെന്‍ഷനും കിട്ടുന്നില്ല.
തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ ഇക്കാര്യം പ്രതേ്യകം ശ്രദ്ധിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഒറ്റശേഖരമംഗലം കൈതക്കുഴി കോളനിയില്‍ എസ് ഉഷ സമര്‍പ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നിരീക്ഷണം. പരാതിക്കാരി തന്റെ പിതാവിന് 35 വര്‍ഷം മുമ്പ് പഞ്ചായത്ത് അനുവദിച്ച നാലുസെന്റ് സ്ഥലത്തുള്ള പൊട്ടിപ്പൊളിഞ്ഞ കൂരയിലാണു താമസം. ഭര്‍ത്താവ് ഉപേക്ഷിച്ച പരാതിക്കാരിയുടെ പിതാവിന് 85 വയസ്സായി. പിതാവും രണ്ടുമക്കളും പരാതിക്കാരിക്കൊപ്പമാണു താമസം. മക്കള്‍ രോഗം കാരണം ചികില്‍സയിലാണ്.
കെട്ടിടം നിര്‍മിക്കാന്‍ പഞ്ചായത്തുകാര്‍ സ്ഥലം അനുവദിച്ചെങ്കിലും സാമ്പത്തിക സഹായം നല്‍കിയില്ല. കമ്മീഷന്‍ ഒറ്റശേഖരമംഗലം ഗ്രാമപ്പഞ്ചായത്തില്‍നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയുടെ കുടില്‍ ജീര്‍ണാവസ്ഥയിലാണെന്നും പരാതിക്കാരി ഗ്രാമസഭയില്‍ പങ്കെടുത്ത് അപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും വിശദീകരണത്തില്‍ പറയുന്നു. അര്‍ഹതാ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കു മാത്രമാണ് മുന്‍ഗണനാക്രമം അനുസരിച്ച് സഹായം അനുവദിക്കുന്നതെന്നും പഞ്ചായത്ത് പറയുന്നു. വീട് പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കാന്‍ ജസ്റ്റിസ് ജെ ബി കോശി ജില്ലാ കലക്ടര്‍ക്കു നിര്‍ദേശം നല്‍കി. ഗ്രാമസഭ കൂടുമ്പോള്‍ പഞ്ചായത്ത് അക്കാര്യം പരാതിക്കാരിയെ അറിയിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. പരാതിക്കാരിക്ക് വിധവ പെന്‍ഷനും പിതാവിന് വാര്‍ധക്യകാല പെന്‍ഷനും അനുവദിക്കാനും കമ്മീഷന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു ധനസഹായം അനുവദിക്കാനുള്ള ശുപാര്‍ശ സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്ന് ജില്ലാകലക്ടര്‍ കമ്മീഷനെ അറിയിച്ചു.
Next Story

RELATED STORIES

Share it