Pathanamthitta local

മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; എന്‍ജിനീയര്‍ക്ക് ഒരു വര്‍ഷത്തിന് ശേഷം പെന്‍ഷന്‍

പത്തനംതിട്ട: ഒന്നര വര്‍ഷം മുമ്പ് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറായി വിരമിച്ചയാള്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കാന്‍ നടപടിയായി. പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം ബാധ്യതാ സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍ ഒരു കൊല്ലത്തെ കാലതാമസം വരുത്തിയത് കാരണമാണ് പെന്‍ഷന്‍ മുടങ്ങിയത്.
റാന്നി സ്വദേശി കെ പി രവിക്കാണ് കമ്മീഷന്‍ ഇടപെടല്‍ ആശ്വാസമായത്. 2015 ജനുവരി 31 നാണ് അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചത്. ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കേറ്റ് ലഭിക്കാത്തതു കാരണമാണ് ഡിസിആര്‍ജി തുകയായ 7 ലക്ഷം രൂപ പരാതിക്കാരന് ലഭിക്കാതിരുന്നത്. കമ്മീഷന്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനീയറില്‍ നിന്നും വിശദീകരണം തേടിയിരുന്നു.
രവിക്ക് ബാധ്യതകളുണ്ടോ എന്നറിയുന്നതിനായി അദ്ദേഹം ജോലിചെയ്തിരുന്ന പത്തനംതിട്ട എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വിജിലന്‍സ് വിഭാഗം നിരത്തുകളും പാലങ്ങളും, ബില്‍ഡിങ്‌സ്, നാഷണല്‍ ഹൈവേ എന്നിവര്‍ക്ക് കത്തയച്ചെങ്കിലും നിരത്തുകളും പാലങ്ങളും വിഭാഗം സീനിയര്‍ ഫിനാന്‍സ് മാനേജരില്‍ നിന്ന് റിപോര്‍ട്ട് ലഭിക്കാത്തതാണ് സര്‍ട്ടിഫിക്കേറ്റ് നല്‍കാനുള്ള കാലതാമസത്തിന് കാരണമായതെന്ന് പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറഞ്ഞു. 2015 ഡിസംബര്‍ 21 നുള്ള മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെ തുടര്‍ന്ന് ബാധ്യതാ വിവരം അടിയന്തിരമായി സമര്‍പ്പിക്കാന്‍ നിരത്തുകളും പാലങ്ങളും വിഭാഗത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയായിരുന്നത്രേ. 2016 ജനുവരി 13 ന് വിവരം ലഭ്യമായതിനെ തുടര്‍ന്ന് ബാധ്യതകളില്ലെന്ന സര്‍ട്ടിഫിക്കേറ്റ് പരാതിക്കാരന് നല്‍കിയിട്ടുണ്ടെന്ന് ചീഫ് എന്‍ജിനീയര്‍ വിശദീകരണത്തില്‍ അറിയിച്ചു. സര്‍ട്ടിഫിക്കേറ്റ് റാന്നി സബ് ട്രഷറിക്ക് കൈമാറിയതായും ചീഫ് എന്‍ജിനീയര്‍ വിശദീകരണത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it