മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു; പട്ടിക ജാതിക്കാരന് മതം ചേര്‍ക്കാതെ ജാതി സര്‍ട്ടിഫിക്കറ്റ്

പത്തനംതിട്ട: നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് ആദ്യമായി പട്ടികജാതിക്കാരന് മതം രേഖപ്പെടുത്താതെ ജാതിസര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍ മൂലമാണ് അപേക്ഷ നല്‍കി ഒരു വര്‍ഷത്തിനുശേഷം വടശ്ശേരിക്കര കുമരംപേരൂര്‍ സൗത്ത് പള്ളിപ്പടിഞ്ഞാറേതില്‍ പി കേശവദേവിന് റാന്നി താലൂക്ക് ഓഫിസര്‍ മതം രേഖപ്പെടുത്താത്ത ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.
2014 ആഗസ്ത് 18നാണ് പുലയ വിഭാഗത്തില്‍പ്പെടുന്ന കേശവദേവ് ജാതി സര്‍ട്ടിഫിക്കറ്റിനായി റാന്നി തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയത്. എന്നാല്‍, മതം രേഖപ്പെടുത്താതെ സര്‍ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ അറിയിച്ചെങ്കിലും തനിക്കു മതമില്ല, ജാതി മാത്രമേയുള്ളൂ എന്ന് കേശവദേവ് വാദിച്ചു. ഭരണഘടന അത് അനുശാസിക്കുന്നുണ്ടെന്നു വാദിച്ചെങ്കിലും ഉദ്യോഗസ്ഥന്‍ അനുവദിച്ചില്ല. രാജ്യത്തിനും പട്ടികജാതിക്കാരനും മതമില്ലെന്ന തിരിച്ചറിവില്‍ താന്‍ മതം ഉപേക്ഷിച്ചതാണെന്നും തനിക്ക് ജാതി മാത്രമേ ഉള്ളൂ എന്നും അദ്ദേഹം അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരം സര്‍ക്കാര്‍ സംബന്ധമായ അപേക്ഷകളില്‍ മതം നിര്‍ബന്ധമല്ലെന്ന ഉത്തരവുണ്ടായിരുന്നു. ഇതു കാണിച്ചെങ്കിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തഹസില്‍ദാര്‍ പറഞ്ഞതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. സര്‍ക്കാര്‍ സംബന്ധമായ ഏതാവശ്യതിനും പട്ടികജാതിക്കാരന് സര്‍ട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മതവിശ്വാസത്തിന്റെ പേരില്‍ അതു നിഷേധിക്കുന്നത് നീതിക്കും നിയമത്തിനും നിരക്കാത്തതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മതം വ്യക്തമാക്കണമെന്നു നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും മതം ആചരിക്കാന്‍ അവകാശമുള്ളതുപോലെ നിഷേധിക്കാനും പൗരന് അവകാശമുണ്ടെന്നുമുള്ള ബോംബെ ഹൈക്കോടതി വിധിയും പരാതിക്കൊപ്പം ചേര്‍ത്തിരുന്നു. മതത്തിനുള്ളിലെ രണ്ടാംതരം പൗരന്‍മാരായി തന്റെ പൂര്‍വികര്‍ അനുഭവിച്ച അവഗണനയുടെയും ചൂഷണത്തിന്റെയും തിരിച്ചറിവില്‍ നിന്നാണ് താന്‍ മതം ഉപേക്ഷിച്ചതെന്നും പരാതിയില്‍ സൂചിപ്പിരുന്നു. കേശവദേവിന്റെ പരാതി സ്വീകരിച്ച മനുഷ്യാവകാശ കമ്മീഷന്‍ ജൂലൈ 27ന് മതത്തിന്റെ കോളത്തില്‍ 'നില്‍' എന്നെഴുതി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ആനുകൂല്യം ലഭിക്കുമോ ഇല്ലയോ എന്ന കാര്യം കമ്മീഷന്‍ തീരുമാനിക്കുന്നില്ലെന്നും ജസ്റ്റിസ് ജെ ബി കോശി തഹസില്‍ദാര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it