മനുഷ്യര്‍ക്ക് ഇവിടെ വിലയില്ലാതാവുന്നു

അരുന്ധതി ബി

ഹൈദരാബാദ് സര്‍വകലാശാലാ അധികൃതരും വൈസ് ചാന്‍സലര്‍ അപ്പാറാവുവും എന്താണോ ലക്ഷ്യമിട്ടത്, അതിലവര്‍ക്ക് തിരിച്ചടി നേരിട്ടിരിക്കുന്നു. തന്റെ തിരിച്ചുവരവിനെതിരേ വിദ്യാര്‍ഥിപ്രതിഷേധവും സമരവും ഉണ്ടാവുമെന്ന് അറിഞ്ഞുകൊണ്ടാണ് പോലിസിനെ ഇറക്കിയും കാംപസ് അടച്ചിട്ടും വിദ്യാര്‍ഥികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിച്ചും തങ്ങള്‍ക്ക് വിജയിക്കാമെന്നു വിസിയും കൂട്ടരും കരുതിയത്. ഇതിനൊപ്പം ശാരീരിക ആക്രമണംകൂടിയുണ്ടായാല്‍ വല്ലാത്തൊരു ഭീതി വിദ്യാര്‍ഥികളില്‍ ഉണ്ടാവുമെന്നും അവര്‍ കണക്കുകൂട്ടി.
എന്നാല്‍, ഭയപ്പെട്ടുതുടങ്ങിയിരിക്കുന്നത് അവരാണ്. എത്ര കുട്ടികളെ അവര്‍ മര്‍ദ്ദിച്ചുവോ അതില്‍ കൂടുതല്‍ പേര്‍ വീണ്ടും സമരത്തിനിറങ്ങി. മെസ് അടച്ചിട്ട് ഭക്ഷണം നിഷേധിച്ചപ്പോള്‍ പല സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ മുന്നോട്ടുവന്ന് ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്തു. ഭക്ഷണം ഉണ്ടാക്കി എന്ന കാരണത്താല്‍ മാത്രമാണ് ഉദയഭാനു എന്ന വിദ്യാര്‍ഥിയെ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചത്. അയാള്‍ ഇപ്പോഴും ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണ്. എന്നിട്ടും വിദ്യാര്‍ഥികള്‍ ഭയന്നു പിന്മാറിയില്ല. ഭക്ഷണം ഉണ്ടാക്കിയും വിതരണം ചെയ്തും അവര്‍ മുന്നോട്ടുപോയി. ഇന്റര്‍നെറ്റ് കണക്ഷന്‍ കട്ട് ചെയ്താല്‍ പുറംലോകവുമായുള്ള ബന്ധം നിലയ്ക്കുമെന്ന് അവര്‍ വിചാരിച്ചു. തങ്ങളുടെ മൊബൈല്‍ ഫോണുകളില്‍ ഷൂട്ട് ചെയ്ത വയലന്‍സിന്റെ വീഡിയോകള്‍ പരമാവധി ഷെയര്‍ ചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഈ വിഷയങ്ങള്‍ സജീവമാക്കിനിര്‍ത്തി.
അക്കാദമികളില്‍നിന്നോ മാധ്യമങ്ങളില്‍നിന്നോ ഇവിടെനിന്ന് പഠിച്ചിറങ്ങിയവരില്‍നിന്നോ ബുദ്ധിജീവികളില്‍നിന്നോ വേണ്ടത്ര പിന്തുണ കിട്ടാതിരുന്നിട്ടും വിദ്യാര്‍ഥികള്‍ സമരം തുടരുക തന്നെയാണ്. കാംപസിനകത്തെ നല്ലൊരുവിഭാഗം വിദ്യാര്‍ഥികള്‍ എബിവിപിക്കാരാണ്. അവര്‍ വൈസ് ചാന്‍സലറുടെ കൂടെയാണ്. എന്നിട്ടുപോലും ബാക്കിവരുന്ന വിദ്യാര്‍ഥികള്‍ നാല്‍പ്പത് നാല്‍പ്പത്തിയഞ്ചു ഡിഗ്രി ചൂടില്‍ കുടിവെള്ളംപോലും കിട്ടാതെ തങ്ങളുടെ പ്രതിഷേധം നടത്തുന്നു. ടോയ്‌ലറ്റ് ആവശ്യത്തിന് വച്ചിരിക്കുന്ന വെള്ളം തിളപ്പിച്ച് കുടിക്കുന്ന അവസ്ഥയില്‍ വരെ ഞങ്ങളെത്തിയിരുന്നു. എന്നിട്ടുപോലും കാംപസ് വിട്ടുപോവാനോ സമരം അവസാനിപ്പിക്കാനോ തയ്യാറായിട്ടില്ല.
അത് അവരെ പേടിപ്പിച്ചു. കാംപസില്‍ നടക്കുന്നത് അങ്ങേയറ്റത്തെ മനുഷ്യാവകാശലംഘനങ്ങളാണ്. ഇപ്പോള്‍ മറ്റു യൂനിവേഴ്‌സിറ്റികളില്‍നിന്നും പിന്തുണ ഏറിവരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ കൈയൊഴിഞ്ഞിട്ടും സോഷ്യല്‍മീഡിയ വഴി എല്ലാ കാര്യങ്ങളും രാജ്യമാകെ അറിഞ്ഞു. ഇതൊക്കെ തിരിച്ചടിയാവുമെന്നു കൃത്യമായി മനസ്സിലാക്കിയിട്ടാണ് അവര്‍ ഇന്റര്‍നെറ്റ് കണക്ഷനും വെള്ളവുമൊക്കെ തിരിച്ചെത്തിച്ചിരിക്കുന്നത്. കാംപസ് സാധാരണനിലയിലേക്ക് തിരിച്ചെത്തി എന്നു മറ്റുള്ളവരെ അറിയിക്കാനുള്ള ഒരു തന്ത്രമായും അഡ്മിനിസ്‌ട്രേഷന് ഇതു മുതലാക്കാം. അവിടെയാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്: നിങ്ങള്‍ വെള്ളം തന്നാലും ആഹാരം തന്നാലും രോഹിതിന് നീതി കിട്ടുംവരെ, നിങ്ങള്‍ മര്‍ദ്ദിച്ചവശരാക്കി ഇവിടെനിന്നു കൊണ്ടുപോയ 36 വിദ്യാര്‍ഥികളെ തിരികെയെത്തിക്കുന്നതു വരെ, വിദ്യാര്‍ഥികളുടെ മുന്നിലിട്ടു മര്‍ദ്ദിച്ച മൂന്ന് അധ്യാപകരെ പുറത്തുവിടുന്നതു വരെ, അവരോട് മാപ്പുപറയുന്നതു വരെ ഈ സമരം അവസാനിക്കില്ല.
ഏതുതരം സമ്മര്‍ദ്ദം ഉപയോഗിച്ചും നിങ്ങള്‍ക്ക് ഞങ്ങളെ തോല്‍പിക്കാന്‍ നോക്കാം. എന്നാല്‍, ഞങ്ങളുടേത് ജയിക്കാനുള്ള സമരമാണ്. കാരണം, ഈ സമരത്തിന് ഒരു കാരണമുണ്ട്. ആ കാരണം അത്രമേല്‍ ശക്തമാണ്. നോക്കൂ, ഇവിടെയിപ്പോള്‍ രോഹിതിന്റെ അമ്മയുണ്ട്. രാധിക വെമുല. ആ അമ്മയെ ചെറുത്തുനില്‍പിന്റെ മാതാവ് എന്നു വിശേഷിപ്പിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. എത്രമാത്രം ധൈര്യശാലിയാണവര്‍. സോണി സോറിയെ പോലെ, ഇറോം ശര്‍മിളയെ പോലെ രാധിക വെമുലയും ഇനി നമുക്കുണ്ട്. നീതി കിട്ടേണ്ടിടത്തുനിന്നെല്ലാം തിരിച്ചടികളും അവഗണനകളും ഉണ്ടായിട്ടും അവര്‍ രോഹിതിന്റെ നീതിക്കുവേണ്ടി നിലയുറപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായി അവര്‍ക്ക് കാംപസില്‍ പ്രവേശിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടു. അവരുടെ മകന്റെ രാഷ്ട്രീയം പിന്തുടരുന്ന, രോഹിതിനെ ഇപ്പോഴും മനസ്സില്‍ കൊണ്ടുനടക്കുന്ന ആയിരക്കണക്കിനു കുട്ടികളുള്ള കാംപസില്‍ പ്രവേശിക്കാനാണ് ആ അമ്മയ്ക്ക് അനുമതി നിഷേധിച്ചത്. ഇതൊക്കെ കാണുമ്പോള്‍, അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്തുനിന്നുള്ള കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ തുടരുമ്പോള്‍ സമരം ചെയ്യാനുള്ള ഞങ്ങളുടെ ആവേശം ഇരട്ടിക്കുകയാണ്.
കടുത്ത ചൂടിലും രാത്രിയിലും ഗേറ്റിനു വെളിയില്‍ ഇരുന്ന് രോഹിതിനു വേണ്ടി മുദ്രാവാക്യം വിളിക്കാന്‍ ആ അമ്മയ്ക്ക് കഴിയുമെങ്കില്‍ അതു ഞങ്ങള്‍ക്കും കഴിയും. ഞങ്ങള്‍ക്ക് ചെറിയ ഭയമുണ്ടെങ്കില്‍ അത് ഇവിടെനിന്ന് അറസ്റ്റ് ചെയ്തുകൊണ്ടുപോയ വിദ്യാര്‍ഥികളെയും അധ്യാപകരെയും ഓര്‍ത്താണ്. അവരെ ഞങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല. ഇപ്പോള്‍ അറിയാന്‍ കഴിയുന്നത് റിമാന്‍ഡ് പ്രതികളായി ജയിലില്‍ ആണെന്നാണ്. അതിനുമുമ്പ് അവരെ ഏതൊക്കെ പോലിസ് സ്റ്റേഷനുകൡ കൊണ്ടുപോയി, ഏത് കോടതിയിലാണ് അവരെ ഹാജരാക്കിയത് എന്നൊന്നും അറിയില്ല; ഇവിടെയുള്ള അഭിഭാഷകര്‍ ശ്രമിച്ചിട്ടുപോലും. ഒരു ജനാധിപത്യരാജ്യത്ത് നടക്കുന്ന കാര്യങ്ങളാണോ ഇതൊക്കെ?
ഇത്തരം സംഭവങ്ങള്‍ നാം മുമ്പ് കേട്ടിട്ടുള്ളത് കശ്മീരിലാണ്. ഹൈദരാബാദ് സര്‍വകലാശാലയെ കശ്മീരാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്‍ഫോഴ്‌സ്ഡ് ഡിസപ്പിയറന്‍സ് ആണ് ഇവിടെ നടക്കുന്നത്. സമാധാനപരമായി സമരം ചെയ്തവരെ നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടുപോവുന്നു. പിന്നീടവരെക്കുറിച്ച് യാതൊരു വിവരവുമില്ല. അവരുടെ മേല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തുന്നു. ദലിത് പീഡനവിരുദ്ധ നിയമം അനുസസരിച്ച് അറസ്റ്റ് ചെയ്യപ്പെടേണ്ടയൊരാള്‍ വൈസ് ചാന്‍സലറായ ഒരു കാംപസിലാണ് ഇതെല്ലാം നടക്കുന്നതെന്നതാണ് വൈരുധ്യം.
ഒന്നുകൂടി വ്യക്തമാക്കാം. ഇത് അപ്പാറാവുവിനെതിരേ മാത്രമുള്ള സമരമല്ല. അപ്പാറാവു എന്ന ഒരാള്‍ മാത്രം വിചാരിച്ചാല്‍ അയാള്‍ക്കിവിടെ ഇത്രത്തോളം ധാര്‍ഷ്ട്യത്തോടെ തുടരാന്‍ കഴിയുമെന്ന് വിശ്വസിക്കാന്‍തക്ക വിഡ്ഢികളല്ല ഞങ്ങള്‍. ഇവിടെയുള്ളൊരു മന്ത്രിയാണ് മാനവ വിഭവശേഷി വകുപ്പിന് കത്തുകള്‍ അയച്ചത്. ആ വകുപ്പില്‍നിന്നാണ് സര്‍വകലാശാലയിലേക്ക് നിരന്തരം കത്തുകള്‍ അയച്ചുകൊണ്ടിരുന്നത്. ഭാരത് മാതയുടെ മകന്‍ മരിച്ചു എന്നാണല്ലോ നമ്മുടെ പ്രധാനമന്ത്രി രോഹിതിനെക്കുറിച്ച് പറഞ്ഞത്. ബ്രസ്സല്‍സില്‍ നടന്ന ആക്രമണത്തെ അപലപിച്ചും പാകിസ്താനെ തോല്‍പിച്ച ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചും ട്വീറ്റ് ചെയ്യാന്‍ തയ്യാറായ അതേ പ്രധാനമന്ത്രിക്ക് എന്തുകൊണ്ട് സ്വന്തം രാജ്യത്തെ, അതും പ്രസിഡന്റിന്റെ ഒന്നാംറാങ്ക് വാങ്ങിയിട്ടുള്ള ഒരു കേന്ദ്രസര്‍വകലാശാലയില്‍ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച്, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഒരുവാക്ക് പറയാന്‍ കഴിയുന്നില്ല.
എവിടെയാണ് സ്മൃതി ഇറാനി? തന്റെ മകനാണ് എന്നു പറഞ്ഞല്ലേ അവര്‍ കരഞ്ഞത്! അവരുടെ മക്കളെന്നു പറഞ്ഞവര്‍ തന്നെയാണ് ഇവിടെ പലതും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. എന്തുകൊണ്ട് അവര്‍ക്കിപ്പോള്‍ കരച്ചില്‍ വരുന്നില്ല? ബഹുമാനപ്പെട്ട മന്ത്രി, താങ്കളുടെ മക്കള്‍ ഇവിടെ വെള്ളമോ ഭക്ഷണമോ ഇല്ലാതെ കൊടുംചൂടില്‍ പോലിസിന്റെയും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെയും അക്രമങ്ങളും ഭീഷണികളും സഹിക്കുകയാണ്.

(അവസാനിക്കുന്നില്ല) 
Next Story

RELATED STORIES

Share it