മനുഷ്യരാശിയാണ് അപകടത്തില്‍

റംസി ബറൂദ്

ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു അയാളുടെ മുഖത്ത് കണ്ട ചെടിപ്പിക്കുന്ന സംതൃപ്തി. വസ്തുതകള്‍ പറയുമ്പോള്‍ പാശ്ചാത്യ മാധ്യമപ്രവര്‍ത്തകര്‍ സാധാരണ ചെയ്യുന്നപോലെ പ്രതികരിക്കുകയായിരുന്നു അയാള്‍. 1991ല്‍ ഒരു വാര്‍ത്താസമ്മേളനത്തില്‍ സ്‌റ്റോര്‍മിംഗ് നോര്‍മന്‍ എന്നറിയപ്പെടുന്ന ജനറല്‍ നോര്‍മന്‍ ഷ്‌വാര്‍സ്‌കോഫ് 'ഞാന്‍ നിങ്ങള്‍ക്കു മുമ്പില്‍ ഇറാഖിലെ ഏറ്റവും ഭാഗ്യവാനായ ഒരാളുടെ ചിത്രം കാണിക്കാന്‍ പോവുകയാണ്' എന്നു പറഞ്ഞ് ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്നു. യുഎസ് നടത്തിയ ബോംബാക്രമണത്തില്‍ ഇറാഖിലെ ഒരു പാലം തകര്‍ന്നുകൊണ്ടിരിക്കുന്നത് കാണിക്കുന്ന വീഡിയോ. ഒരു ഇറാഖി ഡ്രൈവര്‍ വാഹനമോടിച്ച് പാലം മുറിച്ചുകടന്ന ഉടനെയാണ് പാലം പൊളിഞ്ഞുവീണത്.
പിന്നീട് 2003ഓടെ നിരവധി അന്യായമായ അധിനിവേശങ്ങള്‍ക്ക് ഇറാഖ് സാക്ഷിയായി. ദശാബ്ദക്കാലം നീണ്ടുനിന്ന ഇറാഖ് അധിനിവേശം ദശലക്ഷക്കണക്കിനു കുഞ്ഞുങ്ങളെ കൊലപ്പെടുത്തി. ഇറാഖിന്റെ സാമ്പത്തിക വ്യവസ്ഥ തകര്‍ത്തെറിഞ്ഞു. ഇവിടെ യുക്തി മരിക്കുകയും 'യുഎസ് അറബികളുടെ സുഹൃത്തായിരുന്നു'വെന്ന അന്നുവരെയുണ്ടായിരുന്ന മിഥ്യകള്‍ക്ക് അന്ത്യംകുറിക്കുകയുമായിരുന്നു. പുതിയ സഹസ്രാബ്ദം ആരംഭിച്ചതോടെ സഹസ്രാബ്ദത്തിന്റെ പഴക്കമുള്ള അറബ് സംസ്‌കാരത്തിന്റെ കേന്ദ്രഭാഗം അമേരിക്ക തകര്‍ക്കുക മാത്രമല്ല, ആ പ്രവൃത്തികളിലൂടെ അവര്‍ നമ്മെ തരംതാഴ്ത്തി ആനന്ദം കണ്ടെത്തുകയും ചെയ്തു.
യുഎസ് ബോംബറുകള്‍ക്ക് പറന്നെത്താവുന്ന സ്ഥലങ്ങളിലേക്കൊക്കെ ആക്രമണങ്ങള്‍ വ്യാപിപ്പിച്ചു. തടവിലാക്കിയ ഇറാഖികളെ വലിയ കപ്പലുകളില്‍ കുത്തിനിറച്ച് നടുക്കടലില്‍ കൊണ്ടുവന്നു പീഡിപ്പിച്ചു. എന്നിട്ട്, അന്താരാഷ്ട്ര ജലപരിധിയില്‍ പീഡനം നടത്തുന്നത് കുറ്റകരമല്ലെന്ന് കൗശലകരമായി വാദിക്കുകയും ചെയ്തു. പാശ്ചാത്യ മാധ്യമ വിദഗ്ധരും ബുദ്ധിജീവികളും തത്ത്വചിന്തകന്‍മാരും കലാകാരന്‍മാരും നമ്മെ കീറിപ്പരിശോധിച്ചു. നമ്മെ അപമാനവികരാക്കാനും മല്‍സരിച്ചു പണമുണ്ടാക്കി അവര്‍ നമ്മള്‍ മുറുകെപ്പിടിച്ചതിനെയെല്ലാം താഴ്ത്തിക്കെട്ടാനുമുള്ള ദൗത്യം ഏറ്റെടുത്തു. ഒരടയാളമോ ഒരു പ്രവാചകനെയോ ഒരു സംസ്‌കാരത്തെയോ മൂല്യങ്ങളോ ധാര്‍മികതകളോ അവര്‍ ബാക്കിവച്ചില്ല.
അവരെപ്പോലെയല്ലാത്ത, അവരുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്ത സ്ത്രീകളെയും പുരുഷന്‍മാരെയും കറുത്ത വര്‍ഗക്കാരെയും തുറന്ന കൂട്ടക്കശാപ്പുകള്‍ക്കു വിധേയരാക്കിയ കൊളോണിയല്‍ കാലഘട്ടം അവര്‍ക്ക് നിസ്സാരമായിരുന്നു. ഇറാഖില്‍ ദശലക്ഷക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയതിനെ ഭീകരതയായി ചരിത്രത്തില്‍ എവിടെയും പറയുന്നില്ല. അങ്ങനെ ആരും മനസ്സിലാക്കുന്നുമില്ല.
യഥാര്‍ഥത്തില്‍ 'ഭീകരത' എന്നാല്‍ അറബികള്‍ മാത്രം ചെയ്യുന്നതായി മാറി. രാഷ്ട്രീയ മുതലെടുപ്പിനായി സാധാരണക്കാരായ ജനങ്ങള്‍ക്കു നേരെയുള്ള എല്ലാ ആക്രമണങ്ങളും ഭീകരവാദമാണ്. എന്നാല്‍, ആ കാഴ്ചപ്പാടിനു പിന്നില്‍ പോലും അറബികളാണ് എന്ന മട്ടിലായി കാര്യങ്ങള്‍. കാര്യങ്ങള്‍ വിശകലനം ചെയ്തുനോക്കുമ്പോള്‍ യുഎസും ഇസ്രായേലും പാശ്ചാത്യ രാജ്യങ്ങളും വിയറ്റ്‌നാം, കൊറിയ, കംബോഡിയ, ഫലസ്തീന്‍, ലബ്‌നാന്‍, ഈജിപ്ത്, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നടത്തിയ കൂട്ടക്കൊലകള്‍ ഭീകരവാദത്തിന്റെ നിര്‍വചനത്തില്‍പ്പെടും. എന്നാല്‍, അവയൊക്കെ ഒഴിവാക്കപ്പെടുന്നതായി കാണാം.
അറബികള്‍ എന്നു പ്രതികരിക്കാന്‍ തുടങ്ങിയോ, അന്നു മുതല്‍ അറബികള്‍ സംഘര്‍ഷത്തിനു തുടക്കം കുറിച്ചവരായി പ്രചരിപ്പിക്കപ്പെടാന്‍ തുടങ്ങി. ഇറാഖില്‍ പാശ്ചാത്യര്‍ സാമൂഹികമായും ജനസംഖ്യാപരമായും അത്തരം വലിയ പരീക്ഷണങ്ങള്‍ നടത്തി. ഇറാഖിനു പുറമേ അത് പശ്ചിമേഷ്യയിലേക്കു മുഴുവന്‍ വ്യാപിക്കാനും തുടങ്ങി. അവര്‍ അവരുടെ ഇരകളെ തമ്മിലടിപ്പിക്കാനും തുടങ്ങി. ശിയാക്കളെ സുന്നികളുമായും സുന്നികളെത്തന്നെ സുന്നികളുമായും അറബികളെ കുര്‍ദുകളുമായും കുര്‍ദുകളെ തുര്‍ക്കികളുമായും തമ്മിലടിപ്പിച്ചു.
എന്നാല്‍, അവരുടെ പ്രവൃത്തികള്‍ എന്നു വിപരീത ഫലമുണ്ടാക്കിയോ അന്ന് അവര്‍ ഇരകളെത്തന്നെ കുറ്റപ്പെടുത്താന്‍ ആരംഭിച്ചു. അവരുടെ താളത്തിനൊത്തു തുള്ളുന്ന കലാകാരന്മാരും ബുദ്ധിജീവികളും തത്ത്വചിന്തകരും മാധ്യമ വിദഗ്ധരുമടക്കം ബുഷ് ഭരണത്തിന്റെ തെറ്റുകള്‍ ശരികളാക്കാന്‍ കച്ചകെട്ടിയിറങ്ങി. ജപ്പാന്‍കാരില്‍ നിന്നും ജര്‍മന്‍കാരില്‍ നിന്നും വ്യത്യസ്തമായി അറബികളില്‍ മറ്റൊരു രക്തമാണുള്ളതെന്നു മുദ്രകുത്തി അവരെ ജയിലില്‍ അടയ്ക്കുകയും തട്ടിക്കൊണ്ടുപോയി നിയമം ബാധകമല്ലാത്ത അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ പീഡിപ്പിക്കുകയും ചെയ്തു.
ബാഹ്യാര്‍ഥത്തില്‍ അമേരിക്കയും സഖ്യകക്ഷികളും ഇറാഖ് വിട്ടപ്പോള്‍ പിന്നിലുണ്ടായിരുന്നത് ചോരയൊലിക്കുന്നതും ദാരിദ്ര്യം നിറഞ്ഞതുമായ ഒരു രാഷ്ട്രമാണ്. ഇറാഖികള്‍ തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരതുകയായിരുന്നു. എങ്കിലും അമേരിക്കയും ബ്രിട്ടനും ഇസ്രായേലും ഫ്രാന്‍സും തിരഞ്ഞെടുപ്പു പ്രചാരണവേദികളിലും സംവാദങ്ങളിലും മുഖ്യമായും പറയുന്നത് ഏറ്റവും കൂടുതല്‍ ആര്‍ക്കാണ് അറബികളെ പീഡിപ്പിക്കാന്‍ സാധിക്കുക, ആര്‍ക്കാണ് കൂടുതല്‍ അപമാനിക്കാന്‍ സാധിക്കുക, മറക്കാനാവാത്ത പാഠങ്ങള്‍ പഠിപ്പിക്കാന്‍ സാധിക്കുക എന്നിവയെപ്പറ്റിയാണ്.
ഇതൊരു ദൂഷിതവലയമാണ്. ഇറാഖിലും വിയറ്റ്‌നാമിലും ജനറല്‍ ഷ്‌വാര്‍സ്‌കോഫിന്റെ വിജയപ്രവൃത്തികളെക്കുറിച്ച് പുനര്‍വിചിന്തനം നടത്താന്‍ നന്നേ കുറച്ചു പേര്‍ക്കേ താല്‍പര്യമുണ്ടായിരുന്നുള്ളൂ. എന്താണ് യഥാര്‍ഥത്തില്‍ തെറ്റായതെന്നോ യഥാര്‍ഥ ചരിത്രം എന്താണെന്നോ അംഗീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും തയ്യാറാകുന്നില്ല. അവരുടെ മുഖത്ത് ചെടിപ്പിക്കുന്ന ആത്മസംതൃപ്തിയാണുള്ളത്.
ഫലസ്തീന്‍കാരുടെ മുറിവില്‍ ചോര പൊടിയുന്നതും ഈജിപ്ഷ്യന്‍ വിപ്ലവകാരികളുടെ നെഞ്ചു തകരുന്നതും ഇറാഖികളുടെ തകര്‍ക്കപ്പെട്ട ദേശീയതയും ലിബിയയിലെ ചോര കിനിയുന്ന തെരുവുകളും പാശ്ചാത്യ ഭീകരയുദ്ധങ്ങളുടെ പ്രത്യാഘാതങ്ങളും അംഗീകരിക്കാന്‍ അവര്‍ തയ്യാറാകുന്നില്ല. അവരുടെ എണ്ണക്കൊതി മൂത്ത വിദേശ നയങ്ങള്‍ താറുമാറാക്കിയ, ഇനിയൊരിക്കലും തിരിച്ചുകിട്ടാത്ത സംസ്‌കാരത്തെപ്പറ്റി അവര്‍ക്ക് ദുഃഖമില്ല. ഈ സംഘര്‍ഷങ്ങള്‍ അറബികളെ മാത്രം ബാധിക്കുന്നതായിരിക്കില്ല. അവരാണ് ഈ ഭീകരതയുടെ ഏറ്റവും വലിയ ഇരകളെന്നതു ശരി തന്നെ.
യുഎസും സഖ്യകക്ഷികളും നടത്തിയ ക്രൂരമായ അധിനിവേശം സൃഷ്ടിച്ച സായുധസംഘങ്ങള്‍ അളമുട്ടുമ്പോള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിക്കുകയും നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കുകയും അവസാനം ദൈവത്തിന്റെ നാമം അട്ടഹസിക്കുകയും ചെയ്യുന്നു. അടുത്തായി അവര്‍ ഫ്രാന്‍സില്‍ ആക്രമണം നടത്തി. അതിനു ദിവസങ്ങള്‍ക്കു മുമ്പ് ലബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തില്‍ സ്‌ഫോടനം നടത്തി. റഷ്യക്കു നേരെയും തുര്‍ക്കിക്കു നേരെയും കുര്‍ദുകള്‍ക്കു നേരെയും ഇറാഖിലും സിറിയയിലും അവര്‍ അതിക്രമിച്ചുകയറി. അടുത്തത് ആരായിരിക്കും? ആര്‍ക്കും യഥാര്‍ഥത്തില്‍ അറിയില്ല. ി

പരിഭാഷ: ഷിനില മാത്തോട്ടത്തില്‍
Next Story

RELATED STORIES

Share it