Articles

മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച മനസ്സുകള്‍ പ്രചോദനമാവട്ടെ

മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച മനസ്സുകള്‍ പ്രചോദനമാവട്ടെ
X
r-swathi-and-രാജ്യത്തിനകത്തും പുറത്തും പ്രാദേശികതലങ്ങളില്‍ വരെ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും കൂട്ടക്കൊലകളും പീഡനവാര്‍ത്തകളും മാത്രമേ കേള്‍ക്കാനുള്ളു. ഈ വാര്‍ത്തകളും ദൃശ്യങ്ങളും ആവര്‍ത്തിക്കുന്നത് വളരുന്ന തലമുറയുടെ മനസ്സുകളില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം ഭീകരമാണ്. മുതിര്‍ന്ന തലമുറയില്‍പ്പോലും അക്രമവും ചോരക്കളിയും നിര്‍വികാരതയോടെ സ്വീകരിക്കുന്ന മാനസികാവസ്ഥയാണ് ഇന്നു രൂപപ്പെട്ടിരിക്കുന്നത്. ഇതിനിടെ ചെറിയ ഇടവേളകളില്‍ വരുന്ന മനസ്സ് കുളിര്‍പ്പിക്കുന്ന വാര്‍ത്തകളാണ് സമൂഹത്തില്‍ നന്മയുടെ നാമ്പുകള്‍ പൂര്‍ണമായും കരിഞ്ഞുപോയിട്ടില്ലെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നത്.

ഇന്നലെ ചെന്നൈയില്‍നിന്നു വന്നത് അത്തരമൊരു വാര്‍ത്തയാണ്. ഉപരിപഠനത്തിന് പ്രവേശനം ലഭിച്ച സ്ഥാപനം തേടി അമ്മയോടൊപ്പം വഴിതെറ്റി എത്തിയ ഒരു പെണ്‍കുട്ടിക്ക് നാഴികകള്‍ക്കകലെ, യഥാസ്ഥാനത്ത് നിശ്ചിത സമയത്ത് എത്തുന്നതിന്  സുമനസ്സുകള്‍ സൗകര്യമൊരുക്കി. ഈ സദ്കര്‍മത്തില്‍ പങ്കാളികളായ ചെന്നൈ അണ്ണാ യൂനിവേഴ്‌സിറ്റിയിലെ പ്രഭാത നടത്തക്കാരെ അഭിനന്ദിക്കുന്നു.

തിരുച്ചിയിലെ മുസിരി ഗ്രാമത്തില്‍നിന്നു പ്ലസ്ടു പരീക്ഷയില്‍ 1012 മാര്‍ക്ക് നേടിയ സ്വാതിക്ക്് കോയമ്പത്തൂര്‍ അണ്ണാ അരംഗം തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയിലാണ് പ്രവേശനം ലഭിച്ചത്. രാവിലെ എട്ടരമണിക്ക് പ്രവേശന നടപടികള്‍ ആരംഭിക്കുമെന്ന അറിയിപ്പ് കിട്ടി. ചെന്നൈയിലെ അണ്ണാ യൂനിവേഴ്‌സിറ്റിയിലാണ് അമ്മ തങ്കപ്പൊന്നുവിനൊപ്പം സ്വാതി എത്തിയത്. സ്ഥാപനം തെറ്റിയെത്തിയ ഇരുവരെയും രാവിലെ ആറരമണിയോടെയാണ് പ്രഭാത നടത്തക്കാര്‍ കണ്ടത്.

ആവശ്യമായ പണം സമാഹരിച്ച് അമ്മയ്ക്കും മകള്‍ക്കും വിമാനമാര്‍ഗം കോയമ്പത്തൂരിലെത്താന്‍ അവര്‍ സൗകര്യമൊരുക്കി. അതോടൊപ്പം പ്രവേശനസമയം നീട്ടിലഭിക്കാന്‍ കാര്‍ഷിക സര്‍വകലാശാല രജിസ്ട്രാറുമായും ബന്ധപ്പെട്ടു. രാവിലെ 10.05ന് പുറപ്പെട്ട വിമാനം 11.28ന് കോയമ്പത്തൂരിലെത്തി. ഒരുമണിക്കൂറിനകം സ്വാതിക്ക് ബി.ടെക്. ബയോ ടെക്‌നോളജി കോഴ്‌സിന്റെ പ്രവേശന കാര്‍ഡ് ലഭിച്ചു. ഒരു ചലച്ചിത്രംപോലെ സ്വപ്നസമാനമായ അനുഭവമെന്ന സ്വാതിയുടെയും അമ്മയുടെയും വാക്കുകള്‍ തീര്‍ത്തും പ്രസക്തം.

എല്ലാ പ്രതീക്ഷയും നഷ്ടമായപ്പോള്‍ മാലാഖമാരെപ്പോലെയാണ് അവര്‍ വന്നതെന്ന് ആ അമ്മയും മകളും പറഞ്ഞത് ഹൃദയത്തില്‍ തട്ടിയാണ്. ചെകുത്താന്മാര്‍ ആധിപത്യം വാഴുന്ന സമൂഹം തേടുന്നത് മാലാഖമാരെയാണ്. ബന്ധപ്പെടുന്ന മേഖലകളില്‍, ആ വൃത്തം എത്ര ചെറുതാണെങ്കിലും, കാരുണ്യവും മനുഷ്യത്വവും പ്രകടിപ്പിക്കാന്‍ നമുക്കു സാധ്യമാവേണ്ടതുണ്ട്. അവസരങ്ങള്‍ ചുറ്റും അനേകമാണ്. അതു കണെ്ടത്താനും ഏറ്റെടുത്ത് നിര്‍വഹിക്കാനും സന്നദ്ധമാണോ എന്നതാണ് ചോദ്യം. അതിനുള്ള പ്രചോദനമാണ് ചെന്നൈയിലെ പ്രഭാത നടത്തക്കാരുടെ ഇടപെടല്‍ നല്‍കുന്ന സന്ദേശം.
Next Story

RELATED STORIES

Share it