മനുഷ്യക്കടത്ത്: സ്‌പെയിനില്‍89 പേര്‍ അറസ്റ്റില്‍

മാഡ്രിഡ്: സ്‌പെയിന്‍ മാര്‍ഗം ചൈനീസ് പൗരന്മാരെ ബ്രിട്ടന്‍, കാനഡ, യു.എസ്, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുപോകുന്ന സംഘത്തിലെ കണ്ണികളായ 89 പേരെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സംഘത്തിലെ പാകിസ്താനി, ചൈനീസ് പൗരന്മാരാണ് അറസ്റ്റിലായിരിക്കുന്നത്. ഒരാള്‍ക്ക് 20,000 യൂറോ എന്ന നിലയിലാണ് കടത്തുകാര്‍ ആളുകളില്‍ നിന്നും ഈടാക്കിയിരുന്നത്. പകുതി തുക സ്വന്തം രാജ്യത്തുവച്ചും ബാക്കി തുക ലക്ഷ്യത്തിലെത്തിയതിനു ശേഷവും കൈമാറണമെന്നതാണ് വ്യവസ്ഥ.ബാക്കിതുക നല്‍കാന്‍ വിസമ്മതിച്ചാല്‍ യാത്രാരേഖകള്‍ തടഞ്ഞുവയ്ക്കുകയും മിക്ക കേസുകളിലും ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യാറുണ്ട്.

അറസ്റ്റിലായവരില്‍ നാലു പേര്‍ക്കെതിരേ ക്രിമിനല്‍ സംഘടനയ്ക്കു രൂപം നല്‍കല്‍, വ്യാജരേഖ നിര്‍മിക്കല്‍, വിദേശപൗരന്മാര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. ബാക്കി 85 പേര്‍ക്കെതിരേ വ്യാജരേഖ നിര്‍മിക്കല്‍, വിദേശീയര്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വ്യാജ പാസ്‌പോര്‍ട്ടുപയോഗിച്ചു യാത്ര ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ സ്പാനിഷ് വിമാനത്താവളത്തില്‍ ഏതാനും പേര്‍ അറസ്റ്റിലായതോടെയാണ് അധികൃതര്‍ അന്വേഷണം ആരംഭിച്ചത്. ദക്ഷിണകൊറിയ, ജപ്പാന്‍, മലേസ്യ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ വ്യാജപാസ്‌പോര്‍ട്ടുപയോഗിച്ച് രാജ്യത്തേക്കു കടക്കാന്‍ ശ്രമിച്ചതായും വിവരമുണ്ട്.
Next Story

RELATED STORIES

Share it