മനുഷ്യക്കടത്തിനെതിരേ സമഗ്ര നിയമം വരുന്നു: വര്‍ഷാവസാനം ബില്ല് അവതരിപ്പിക്കും

ന്യൂഡല്‍ഹി: മനുഷ്യക്കടത്തിനിരയാവുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ സമഗ്രമായ നിയമനിര്‍മ്മാണം നടത്തുമെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മേനക ഗാന്ധി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കടത്ത് നടക്കുന്ന പ്രദേശങ്ങളില്‍ രണ്ടാംസ്ഥാനമാണ് ദക്ഷിണേഷ്യക്കെന്നാണ് യുഎന്‍ കുറ്റാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇന്ത്യയിലും നേപ്പാളിലും ബംഗ്ലാദേശിലും മനുഷ്യക്കടത്തിന് വിധേയമാകുന്നതെന്നാണ് സന്നദ്ധ സംഘടനകള്‍ പറയുന്നത്.
നിര്‍ബന്ധ വിവാഹത്തിനും കരാര്‍ ജോലികള്‍ക്കും ഇടത്തരക്കാരുടെ വീടുകളിലേയും ചെറിയ കടകളിലേയും ഹോട്ടലുകളിലേയും തൊഴിലുകള്‍ക്കുമാണ് ഇവരെ ഉപയോഗിക്കുന്നത്. ചിലര്‍ വേശ്യാലയങ്ങളില്‍ നിരന്തരം പീഡനത്തിന് ഇരയാകുന്നുമുണ്ട്. മനുഷ്യക്കടത്തില്‍ നിന്നു രക്ഷപ്പെടുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന തരത്തില്‍ നിലവിലുള്ള നിയമങ്ങള്‍ ഏകീകരിച്ച് സമഗ്രമായ കരട് നിയമം നിര്‍മ്മിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
മനുഷ്യക്കടത്ത് കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിന് പ്രത്യേക കോടതികളും ഇരകള്‍ക്ക് വേണ്ടി പുനരധിവാസ കേന്ദ്രങ്ങളും സ്ഥാപിക്കും. ജില്ല-സംസ്ഥാന-ദേശീയ തലത്തില്‍ മനുഷ്യക്കടത്തിനെതിരേയുള്ള കമ്മറ്റികള്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നതായും മന്ത്രി അറിയിച്ചു.
ദേശീയ ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2014ല്‍ 5,466 മനുഷ്യക്കടത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനിടയില്‍ കേസില്‍ 90 ശതമാനം വര്‍ധനയാണുണ്ടായത്. അടുത്തമാസം 30വരെ നിയമനിര്‍മ്മാണത്തിനുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കും. ശേഷം മന്ത്രാലയങ്ങള്‍ക്ക് കരട് നിയമത്തിന്റെ പകര്‍പ്പ് നല്‍കുമെന്നും വര്‍ഷാവസാനം ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it