മനീഷും ഷെല്‍വിയും മിന്നലോട്ടക്കാര്‍

കോഴിക്കോട്: ആതിഥേയ താരങ്ങളില്ലെങ്കിലും ആവേശത്തിന്റെ തിരകടലായിരുന്നു മിന്നലോട്ടത്തിന്റെ ട്രാക്ക്. 61ാമതു ദേശീയ സ്‌കൂള്‍ കായികമേളയിലെ ഏറ്റവും വേഗമേറിയ താരങ്ങളെ കണ്ടെത്താനുള്ള മല്‍സരത്തില്‍ പുരുഷവിഭാഗത്തില്‍ കര്‍ണാടകയുടെ മനീഷും വനിതകളില്‍ തമിഴ്‌നാടിന്റെ വി തമിഴ് ശെല്‍വിയും ജേതാക്കളായി.
ഇഞ്ചോടിഞ്ച് നീണ്ട പോരാട്ടത്തിനൊടുവില്‍ 10.76 സെക്കന്‍ഡിലായിരുന്നു മനീഷ് ഓടിയെത്തിയത്. 12.39 സെക്കന്‍ഡിലായിരുന്നു ഷെല്‍വിയുടെ കുതിപ്പ്. മീറ്റിലെ ഏറ്റവും ഗ്ലാമര്‍ ഇനമായ മൂന്നു വിഭാഗത്തിലെയും 100 മീറ്ററില്‍ ഇത്തവണ വന്‍ തിരിച്ചടിയാണ് കേരളത്തിന് നേരിട്ടത്. മൂന്ന് ഇനങ്ങളിലും ഒരു സ്വര്‍ണംപോലും നേടാന്‍ കഴിയാതിരുന്ന ആതിഥേയര്‍ക്ക് ആശ്വസിക്കാന്‍ ഒരു വെള്ളിയും വെങ്കലവും മാത്രം ലഭിച്ചു. സീനിയര്‍ ആണ്‍കുട്ടികളില്‍ കെ എസ് പ്രണവിന്റെ വെള്ളിയും ജൂനിയര്‍ പെണ്‍കുട്ടികളില്‍ പി ഡി അഞ്ജലിയുടെ വെങ്കലവും മാത്രമാണ് ഗ്ലാമര്‍ ഇനത്തില്‍ കേരളത്തിനു ലഭിച്ചത്.
ഇന്നലെ അഞ്ച് പുതിയ റെക്കോഡുകള്‍ കൂടി പിറവിയെടുത്തു. ഇതില്‍ നാലെണ്ണവും മലയാളി താരങ്ങളായിരുന്നു സ്വന്തമാക്കിയത്. മൂന്നാംദിനത്തിലെ മല്‍സരങ്ങള്‍ക്ക് തിരശ്ശീല വീണപ്പോള്‍ 20 സ്വര്‍ണവും 11 വെള്ളിയും ആറ് വെങ്കലവുമടക്കം 139 പോയിന്റോടെ കേരളം ഏറെ മുന്നിലാണ്. നാല് സ്വര്‍ണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമടക്കം 36 പോയിന്റുമായി മഹരാഷ്ട്ര രണ്ടാംസ്ഥാനത്തും ഒരു സ്വര്‍ണവും ഏഴു വെള്ളിയും മൂന്നു വെങ്കലവുമടക്കം 29 പോയിന്റുമായി പഞ്ചാബ് മൂന്നാംസ്ഥാനത്തുമാണ്.
Next Story

RELATED STORIES

Share it