മനസ്സ് വ്യക്തമാക്കാതെ ദേശിംഗനാട്

സുധീര്‍ കെ ചന്ദനത്തോപ്പ്

കൊല്ലം: തൊഴിലാളി വര്‍ഗത്തിന്റെ ഈറ്റില്ലമായ കൊല്ലത്ത് തിരഞ്ഞെടുപ്പ് ഫലപ്രവചനം അസാധ്യമാണ്. ഇരുമുന്നണികള്‍ക്കും ഒരുപോലെ മേധാവിത്വം നല്‍കിയ ജില്ലയാണിത്. ചില സമയങ്ങളില്‍ ഭൂരിഭാഗം സീറ്റുകളും വലത്തോട്ട് ചായുമെങ്കിലും ചിലപ്പോഴെങ്കിലും ഇടത്തേക്കു ചായും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇടതിന്റെ കുത്തകയാണ് ജില്ല. യുഡിഎഫില്‍ കോണ്‍ഗ്രസ്സിനാവട്ടെ കഴിഞ്ഞ രണ്ടു നിയമസഭകളിലും ജില്ലയില്‍ നിന്ന് ഒരംഗത്തെ പോലും സൃഷ്ടിക്കാനും കഴിഞ്ഞിട്ടില്ലെന്ന നാണക്കേട് കൂടി ജില്ല സമ്മാനിച്ചിട്ടുണ്ട്. 11 നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ജില്ലയില്‍ ഇക്കുറി പോരാട്ടത്തിന് വീറും വാശിയും ഏറെയാണ്. ഒരുകാലത്ത് നിയമസഭ അടക്കിവാഴുകയും ഇന്ന് നിലനില്‍പ്പിനായി പോരാടുകയും ചെയ്യുന്ന ഏതാനും പാര്‍ട്ടികളുടെ ജീവന്‍മരണ പോരാട്ടത്തിനാണ് കൊല്ലം ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സാക്ഷ്യംവഹിക്കാന്‍ പോവുന്നത്.
യുഡിഎഫില്‍ നിന്നവര്‍ എല്‍ഡിഎഫിലും എല്‍ഡിഎഫില്‍ നിന്നവര്‍ യുഡിഎഫിലേക്കും മലക്കംമറിഞ്ഞപ്പോള്‍ പലര്‍ക്കും ഈ തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ കൂടി പോരാട്ടമാണ്. എല്‍ഡിഎഫിന്റെ പടിക്കെട്ടുകളിറങ്ങി തറവാട്ടുമുറ്റമായ കൊല്ലത്ത് ആര്‍എസ്പികള്‍ ഒന്നായി മാറി യുഡിഎഫ് സിരയില്‍ ആവേശരക്തം തിളപ്പിക്കുമ്പോള്‍ കൊട്ടാരക്കരയില്‍ യുഡിഎഫിന്റെ ധമനിയായിരുന്ന ആര്‍ ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ് (ബി) ആ മുന്നണിയോട് ബൈ പറഞ്ഞ് ഇടത് മുഖം ചമച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയ സമവാക്യങ്ങള്‍ ഇളകിമറിഞ്ഞതോടെ ഇത്തവണ ഇരു പാര്‍ട്ടികളുടെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും. 2006ല്‍ സംസ്ഥാനം മുഴുവന്‍ ആഞ്ഞടിച്ച ഇടതു തരംഗത്തില്‍ കൊല്ലം ജില്ലയും ഇടതിനൊപ്പമാണ് നിന്നത്. ആകെയുണ്ടായിരുന്ന 12 സീറ്റില്‍ 11ഉം ഇടത് കരസ്ഥമാക്കി. കേരള കോണ്‍ഗ്രസ് ബിയിലെ ഗണേഷ്‌കുമാര്‍ മല്‍സരിച്ച പത്തനാപുരം മാത്രമാണ് അന്ന് യുഡിഎഫിനൊപ്പം നിന്നത്. 2001ല്‍ ലഭിച്ച ഒമ്പത് സീറ്റില്‍ നിന്നാണ് യുഡിഎഫ് ഒന്നിലേക്ക് ചുരുങ്ങിയത്. അന്ന് കോണ്‍ഗ്രസ്സിന് മാത്രം അഞ്ച് എംഎല്‍എമാര്‍ ഉണ്ടായിരുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ നെടു—വത്തൂര്‍ ഇല്ലാതായി, മണ്ഡലങ്ങളുടെ എണ്ണം 11 ആയി ചുരുങ്ങി. എന്നാല്‍ ഈ തിരഞ്ഞെടുപ്പിലും ഫലം എല്‍ഡിഎഫിനൊപ്പമായിരുന്നു. ഒമ്പത് സീറ്റുകള്‍ എല്‍ഡിഎഫ് കരസ്ഥമാക്കി. ആര്‍എസ്പി (ബി)യിലെ ഷിബു ബേബിജോണ്‍ ചവറയില്‍ നിന്ന് കേരള കോണ്‍ഗ്രസ് (ബി) യിലെ ഗണേഷ്‌കുമാര്‍ പത്തനാപുരത്ത് നിന്നും ജയിച്ചതാണ് യുഡിഎഫിന് ആശ്വാസമായത്. അതോടെ ഏക അംഗങ്ങളുള്ള ഈ രണ്ട് പാര്‍ട്ടിക്കും ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിക്കുപ്പായവും ലഭിച്ചു. ചവറയില്‍ ആര്‍എസ്പിയിലെ എന്‍ കെ പ്രേമചന്ദ്രനെയാണ് ഷിബു ബേബിജോണ്‍ തോല്‍പ്പിച്ചതെങ്കില്‍ പത്തനാപുരത്ത് സിപിഎം ജില്ലാ സെക്രട്ടറി കെ രാജഗോപാലിനെ തറപറ്റിച്ചാണ് ഗണേഷ്‌കുമാര്‍ വെന്നിക്കൊടി നാട്ടിയത്. ആര്‍എസ്പിയിലെ കോവൂര്‍ കുഞ്ഞുമോന്‍(കുന്നത്തൂര്‍), എ എ അസീസ് (ഇരവിപുരം), സിപിഎമ്മിലെ പി കെ ഗുരുദാസന്‍(കൊല്ലം), എം എ ബേബി(കുണ്ടറ), പി ഐഷാ പോറ്റി (കൊട്ടാരക്കര), സിപിഐയിലെ സി ദിവാകരന്‍(കരുനാഗപ്പള്ളി), കെ രാജു(പുനലൂര്‍), മുല്ലക്കര രത്‌നാകരന്‍(ചടയമംഗലം), ജി എസ് ജയലാല്‍(ചാത്തന്നൂര്‍) എന്നിവരാണ് എല്‍ഡിഎഫ് ടിക്കറ്റില്‍ നിയമസഭ കണ്ടവര്‍.
എന്നാല്‍ ഇത് ചരിത്രം. 2011ല്‍ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് മല്‍സരിച്ച ആര്‍എസ്പി ഇന്ന് യുഡിഎഫ് പാളയത്തിലാണ്. യുഡിഎഫിനൊപ്പം നിന്ന കേരള കോണ്‍ഗ്രസ് (ബി) ഇടതിനൊപ്പവും. ആര്‍എസ്പിയിലുണ്ടായിരുന്ന കോവൂര്‍ കുഞ്ഞുമോന്‍ ആര്‍എസ്പി (ലെനിനിസ്റ്റ്) ഉണ്ടാക്കി ഇടതിനോട് ഓരം ചേര്‍ന്ന് നില്‍ക്കുന്നു. 2014ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പാണ് ആര്‍എസ്പിയെ ഇടതുപാളയത്തില്‍ കൊണ്ടെത്തിച്ചത്. തുടര്‍ച്ചയായുള്ള അവഗണനയില്‍ മനംമടുത്ത് യുഡിഎഫിലെത്തിയ ആര്‍എസ്പി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എന്‍ കെ പ്രേമചന്ദ്രനെ വിജയിപ്പിച്ച് സിപിഎമ്മിന് കനത്ത ആഘാതവും ഏല്‍പ്പിച്ചു. ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ്‌കുമാറും തമ്മിലുണ്ടായ അഭിപ്രായഭിന്നതയ്‌ക്കൊടുവില്‍ തിരിച്ചെടുത്ത മന്ത്രിസ്ഥാനം ഇവര്‍ തമ്മിലുള്ള യോജിപ്പിന് ശേഷവും തിരികെ നല്‍കാത്തതാണ് പിള്ളയെയും കൂട്ടരെയും ഇടതു ക്യാംപിലെത്തിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇടത് സീറ്റിലാണ് കേരള കോണ്‍ഗ്രസ്(ബി) മല്‍സരിച്ചത്.
2006ന് ശേഷം 2009, 2014 വര്‍ഷങ്ങളിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മാത്രമാണ് യുഡിഎഫിന് മേല്‍ക്കെ നേടാനായത്. ജില്ലയിലുള്ള രണ്ട് പാര്‍ലമെന്റ് സീറ്റുകളും യുഡിഎഫിനാണ്. കഴിഞ്ഞ രണ്ട് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും നേട്ടം എല്‍ഡിഎഫിനായിരുന്നു. ഇക്കുറി ആകെയുള്ള 68 ഗ്രാമപ്പഞ്ചായത്തുകളില്‍ 58 എണ്ണത്തിലും എല്‍ഡിഎഫിനാണ് ഭരണം. യുഡിഎഫിനാവട്ടെ 10 പഞ്ചായത്തുകളില്‍ മാത്രമേ സ്വാധീനമുള്ളൂ. ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണവും എല്‍ഡിഎഫിനൊപ്പം. ജില്ലാ പഞ്ചായത്തിലെ 26 ഡിവിഷനുകളില്‍ 22ഉം എല്‍ഡിഎഫിനാണ്. 4 ഡിവിഷന്‍ മാത്രമാണ് യുഡിഎഫിനുള്ളത്. ആകെയുള്ള നാല് മുനിസിപ്പാലി—റ്റികളും എല്‍ഡിഎഫിനാണ്. കോര്‍പറേഷന്‍ രൂപീകരിച്ചത് മുതല്‍ എല്‍ഡിഎഫിന് തന്നെയാണ് ഭരണം.
ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം തന്നെ ഇരുമുന്നണികള്‍ക്കും കീറാമുട്ടിയാണ്. മല്‍സരിച്ചിരുന്ന സീറ്റുകള്‍ മുന്നണിമാറ്റത്തിന് ശേഷവും സിറ്റിങ് സീറ്റാണെന്ന അവകാശവാദവുമായി പാര്‍ട്ടികള്‍ എത്തിയതാണ് യുഡിഎഫിലെ പ്രശ്‌നങ്ങള്‍ എങ്കില്‍ ആര്‍എസ്പി മല്‍സരിച്ചിരുന്ന സീറ്റുകള്‍ പങ്കുവയ്ക്കുന്നതിനെച്ചൊല്ലി സിപിഎം സിപിഐതമ്മിലുള്ള തര്‍ക്കമാണ് എല്‍ഡിഎഫിലുള്ളത്. (തുടരും)
Next Story

RELATED STORIES

Share it