മനപ്പൂര്‍വ്വം തിരിച്ചടക്കാത്തവര്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 74,699 കോടി

ന്യൂഡല്‍ഹി: രാജ്യത്തെ വമ്പന്‍മാര്‍ വിവിധ ബാങ്കുകള്‍ക്കായി നല്‍കാനുള്ളത് 74,699 കോടി രൂപ. 2005 ഡിസംബര്‍ വരെയുള്ള കണക്കാണിത്. ലോണ്‍ തിരിച്ചടയ്ക്കാന്‍ ശേഷിയുണ്ടായിട്ടും ബാങ്കിനെ പറ്റിച്ചു നടക്കുന്ന (വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സ്) കമ്പനികളുടെ ലിസ്റ്റ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സുപ്രിംകോടതിക്കു സമര്‍പ്പിച്ചു.
500 കോടിക്കു മുകളില്‍ ലോണെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റാണ് റിസര്‍വ് ബാങ്ക് കൈമാറിയത്. ലിസ്റ്റില്‍ വിജയ്മല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് അഞ്ചാം സ്ഥാനത്താണ്. രാജ്യത്ത് 6819 വമ്പന്‍മാരാണ് ഇത്തരത്തില്‍ ബാങ്കുകളെ പറ്റിച്ചു നടക്കുന്നതെന്ന് ലിസ്റ്റ് വ്യക്തമാക്കുന്നു. 2012 ഡിസംബര്‍ വരെ 3703 വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സാണ് ഉണ്ടായിരുന്നത്. ഇവര്‍ നല്‍കാനുണ്ടായിരുന്നത് 22,332 കോടി. മുന്നു വര്‍ഷത്തിനുള്ളില്‍ ഇത്തരക്കാരുടെ എണ്ണം മൂന്നിരട്ടി ഉയര്‍ന്നു. ഡെക്കാന്‍ ക്രോണിക്കിളും ലിസ്റ്റിലുണ്ട്. ആവശ്യത്തിനു പണമുണ്ടായിട്ടും അടയ്ക്കാത്തവരാണ് ഈ കമ്പനികളെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു.
ജതിന്‍ മേത്തയുടെ വിന്‍സം ഡയമണ്ട്‌സ്-ഫോര്‍ എവര്‍ പ്രീഷ്യസ് ഗ്രൂപ്പാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. 3969 കോടി ഇവര്‍ നല്‍കാനുണ്ട്. മേത്ത ഇപ്പോള്‍ വിദേശത്താണു താമസം. ഇതു സംബന്ധിച്ച കേസ് സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷിച്ചുവരുകയാണ്.
സൂം ഡെവലപേഴ്‌സാണ് രണ്ടാം സ്ഥാനത്ത്. 26 പൊതുമേഖലാ ബാങ്കുകള്‍ക്കായി 3002 കോടി സൂം ഡെവലപേഴ്‌സ് നല്‍കാനുണ്ട്. നിതിന്‍ കാസ്‌ലിവാളിന്റെ എസ് കുമാര്‍ ഗ്രൂപ്പാണ് മറ്റൊന്ന്. 1789 കോടിയാണ് ഇവര്‍ നല്‍കാനുള്ള തുക. യഥാര്‍ഥത്തില്‍ ഇവര്‍ വിവിധ ബാങ്കുകള്‍ക്കു നല്‍കാനുള്ളതിനെക്കാള്‍ കൂടുതലാണ് വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സായി ബാങ്കുകള്‍ പ്രഖ്യാപിച്ച തുക.
കിങ്ഫിഷര്‍ ഗ്രൂപ്പ് 9000 കോടിയാണ് വിവിധ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. എന്നാല്‍, എസ്ബിഐയും പഞ്ചാബ് നാഷനല്‍ ബാങ്കും മാത്രമാണ് മല്യയെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ ആയി പ്രഖ്യാപിച്ചത്. ഇതിനാല്‍ എസ്ബിഐക്കു നല്‍കാനുള്ള 1201 കോടി, പഞ്ചാബ് നാഷനല്‍ ബാങ്കിനു നല്‍കാനുള്ള 597 കോടി എന്നിങ്ങനെ 1798 കോടിയാണ് മല്യയുടെ വില്‍ഫുള്‍ ഡിഫാള്‍ട്ടര്‍ എന്ന നിലയിലുള്ള കടബാധ്യതയായി കണക്കാക്കുക. സ്വകാര്യവ്യവസായ കമ്പനികള്‍ മാത്രമല്ല, കൃഷിമന്ത്രാലയത്തിന്റെ കീഴിലുള്ള നാഷനല്‍ അഗ്രിക്കള്‍ച്ചറല്‍ കോ-ഓപറേറ്റിവ് മാര്‍ക്കറ്റിങ് ഫെഡറേഷനും(നാഫഡ്) ലിസ്റ്റിലുണ്ട്. 224 കോടിയാണ് നാഫഡ് പഞ്ചാബ് നാഷനല്‍ ബാങ്കിനു നല്‍കാനുള്ളത്. വില്‍ഫുള്‍ ഡിഫാള്‍ട്ടറും അല്ലാത്തവരും തമ്മില്‍ റിക്കവറി നടപടികള്‍ക്കു വ്യത്യാസമില്ലാത്തതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട കമ്പനികള്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടാറില്ല.
കടംവാങ്ങി മുങ്ങിയ കമ്പനികള്‍ക്കെതിരായ നടപടിയില്‍ എസ്ബിഐയും പഞ്ചാബ് നാഷനല്‍ ബാങ്കുമാണ് മുന്നില്‍. 11,467 കോടി കിട്ടാന്‍ പഞ്ചാബ് നാഷനല്‍ ബാങ്ക് 905 കേസുകള്‍ ഫയല്‍ ചെയ്തപ്പോള്‍ 12,091 കോടി കിട്ടാന്‍ എസ്ബിഐ 1034 കേസുകളാണ് ഫയല്‍ ചെയ്തത്.
Next Story

RELATED STORIES

Share it