മനം കവര്‍ന്ന് വേഗതയുടെ താരങ്ങള്‍

സമീര്‍ കല്ലായി

കോഴിക്കോട്: കായിക മേളയിലെ ഗ്ലാമര്‍ ഇനമായ 100 മീറ്റര്‍ ഓട്ട മല്‍സരങ്ങള്‍ ഇത്തവണയും കാണികളുടെ മനംകവര്‍ന്നു. വേഗതയുടെ രാജകുമാരന്മാരും കുമാരികളും പ്രതീക്ഷ തെറ്റിച്ചില്ല. ഫോട്ടോ ഫിനിഷില്‍ വരെ കാര്യങ്ങളെത്തിച്ച് അവര്‍ മാധ്യമപ്രവര്‍ത്തകരെപ്പോലും ആശയക്കുഴപ്പത്തിലാക്കി.
വേഗതയുടെ താരങ്ങളെ നിശ്ചയിക്കാന്‍ ആദ്യം നടന്ന ഫൈനല്‍ സബ്ജൂനിയര്‍ ഗേള്‍സിന്റേതായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തില്‍ അവര്‍ ഓടിയെത്തിയതോടെ ലൈവ് നല്‍കാനിരുന്ന ചാനല്‍ പ്രവര്‍ത്തകര്‍ അന്ധാളിപ്പിലായി. മൂന്നാം സ്ഥാനക്കാരിയായ ഭരണങ്ങാനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റലിലെ ആന്റോസ് ടോമിയെവച്ച് അവര്‍ ആഘോഷവും തുടങ്ങി. ചാനലുകളുടെ ഇന്റര്‍വ്യൂകളും ഫോട്ടോഗ്രാഫര്‍മാരുടെ ബഹളവും ശമിച്ചപ്പോഴാണ് ഈ ഇനത്തില്‍ ഒന്നാംസ്ഥാനം മേഴ്‌സികുട്ടന്‍ അക്കാദമിയിലെ ഗൗരി നന്ദനയ്ക്കാണെന്ന വിവരം പുറത്തുവരുന്നത്. കോച്ച് മേഴ്‌സിക്കുട്ടന്‍ ആദ്യം തന്നെ മാധ്യമ പ്രവര്‍ത്തകരോടു ഈ സംശയം പങ്കിട്ടിരുന്നു. പെരുമണ്ണൂര്‍ സെന്റ് തോമസ് ഗേള്‍സ് എച്ച്എസിലെ ഒമ്പതാം തരം വിദ്യാര്‍ഥിയാണ് ഗൗരി നന്ദന. ഇതാദ്യമായാണ് സംസ്ഥാന മീറ്റില്‍ സ്വര്‍ണം ലഭിക്കുന്നത്. നേരത്തെ ജില്ലാതല മല്‍സരങ്ങളില്‍ ഒട്ടേറെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. 13.44 സെക്കന്‍ഡിലാണ് ഗൗരി ഓടിയെത്തിയത്. തിരുവനന്തപുരം സായിയിലെ എം എസ് അഞ്ജനയ്ക്കാണ് രണ്ടാം സ്ഥാനം. സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ അലന്‍ ചാര്‍ളി ചെറിയാന്‍ വ്യക്തമായ ലീഡ് നേടിയാണ് ചാംപ്യനായത്. കൊല്ലം സായിയിലെ ഈ താരം 12.19 സെക്കന്‍ഡിലാണ് ഓടിയെത്തിയത്. കൊല്ലം ക്രിസ്തുരാജാ എച്ച്എസ്എസിലെ ഒമ്പതാം തരം വിദ്യാര്‍ഥിയാണ്. ദേശീയ ജൂനിയര്‍ മീറ്റിലും 100 മീറ്ററില്‍ അലന്‍ സ്വര്‍ണം കൊയ്തിരുന്നു. കൊല്ലം വെസ്റ്റ് അഞ്ചല്‍ ജിഎച്ച്എസ്എസിലെ പി ആര്‍ പ്രത്യുഷാണ് രണ്ടാമതെത്തിയത്. ജൂനിയര്‍ ഗേള്‍സ് വിഭാഗത്തിലും ആദ്യം ആശയക്കുഴപ്പമുണ്ടായെങ്കിലും ഇത്തവണ മാധ്യമപ്രവര്‍ത്തകര്‍ക്കു പിഴച്ചില്ല.
ഫോട്ടോ ഫിനിഷില്‍ നാട്ടിക ഗവ. ഫിഷറീസ് എച്ച്എസ്എസിലെ പി സി അഞ്ജലിക്കായിരുന്നു ഒന്നാംസ്ഥാനം. 12.68 സെക്കന്‍ഡിലാണ് അഞ്ജലി സ്വര്‍ണത്തിലേക്കു കുതിച്ചത്. പ്രഫഷണല്‍ പരിശീലനം ലഭിച്ച താരങ്ങളെ പിന്നിലാക്കിയായിരുന്നു ഈ നാട്ടിന്‍പുറത്തുകാരിയുടെ കുതിപ്പ്. ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുമാണ് അഞ്ജലിയുടെ വരവ്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ എച്ച്എസ്എസിലെ പി പി ഫാത്വിമയ്ക്കാണ് ഈ ഇനത്തില്‍ വെള്ളി.
ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലെ വേഗക്കാരന്‍ ടി പി അമലായിരുന്നു. പാലക്കാട് പറളി എച്ച്എസ്എസിലെ പത്താംതരം വിദ്യാര്‍ഥിയാണ്. കഴിഞ്ഞ വര്‍ഷത്തെ വെങ്കല മെഡലാണ് അമല്‍ 11.29 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണമാക്കി ഉയര്‍ത്തിയത്. കോച്ച് മനോജ് മാസ്റ്ററുടെ നിരന്തര പ്രോല്‍സാഹനമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് അമല്‍ പറഞ്ഞു. ഇനി 200 മീറ്ററില്‍ കൂടി മല്‍സരിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദേശീയ ജൂനിയര്‍ മീറ്റിലും 100 മീറ്ററില്‍ നേട്ടം കൊയ്തിരുന്നു. തെക്കേക്കര കോട്ടൈ പരമേശ്വരന്‍-അജിത ദമ്പതികളുടെ മകനാണ്. കോതമംഗലം മാര്‍ ബേസില്‍ എച്ച്എസ്എസിലെ എം കെ ശ്രീനാഥിനാണ് ഈയിനത്തില്‍ വെള്ളി.
Next Story

RELATED STORIES

Share it