ernakulam local

മധ്യ കേരളത്തില്‍ ശബരി റെയില്‍പാതയും ചര്‍ച്ചയാവും; വെട്ടിലാവുന്നത് ബിജെപി

കോതമംഗലം: തിരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ശബരി റയില്‍ പാതയും ചര്‍ച്ചയാവും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ സീറ്റ് വിഭജനങ്ങളും സ്ഥാനാര്‍ഥി നിര്‍ണയവും എതാണ്ട് ഏകദേശം പൂര്‍ത്തിയായതോടെ ഇനി പ്രചരണത്തിന്റെ നാളുകളാണ് വരാന്‍ പോവുന്നത്.
മധ്യകേരളത്തിലെ മണ്ഡലങ്ങളില്‍ ഇത്തവണ പ്രചരണത്തിന്റെ മുന്‍പന്തിയില്‍ ശബരി റെയില്‍പാതയും സജീവ ചര്‍ച്ചയാവുമെന്ന് ഉറപ്പായി. കാലങ്ങളായിശബരിപാതയുടെ പേരില്‍ വിമര്‍ശനങ്ങളുമായി മുന്‍പില്‍ നിലയുറപ്പിച്ചിരുന്ന കേരളത്തിലെ ബിജെപിയാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. റെയില്‍ വികസനത്തിന്റെ പേരില്‍ മധ്യകേരളത്തില്‍ ഉടലെടുത്ത ഒട്ടുമിക്ക പ്രതിഷേധങ്ങളും ബിജെപി നേതാക്കളായിരുന്നു നയിച്ചിരുന്നത്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയാല്‍ ശബരി റെയില്‍വേ യാഥാര്‍ഥ്യമാവുമെന്ന് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
അങ്കമാലിയില്‍ നിന്നാരംഭിച്ച് എരുമേലിയിലവസാനിക്കുന്ന ശബരി റെയില്‍ പാതയുടെ പ്രഖ്യാപനം ഉണ്ടാവുന്നത് രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് പി സി തോമസ് എംപി ആയിരിക്കുമ്പോഴാണ്. തുടര്‍ന്ന് സര്‍വേ നടപടികളാരംഭിച്ചെങ്കിലുംമേഖലാ ഓഫിസുകള്‍ ആരംഭിക്കാന്‍ പിന്നെയും നാളുകളെടുത്തു. സ്ഥലം ഏറ്റെടുക്കല്‍ നടപടകളാവട്ടെ നാളിതുവരെ പൂര്‍ത്തിയാക്കിയിട്ടുമില്ല.
റയില്‍വെ ബജറ്റില്‍ ആവശ്യമായ തുക വകയിരുത്താതിരുന്നതാണ് കാരണം. മധ്യകേരളത്തിലെ എറണാകുളം, ഇടുക്കി, കോട്ടയം എന്നി ജില്ലകളിലൂടെ കടന്നു പോവുന്ന പാതയുടെ സര്‍വേ നടപടികള്‍ എതാണ്ട് പൂര്‍ത്തിയായി കല്ലിട്ട് തിരിച്ചെങ്കിലും സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഇതുമൂലം നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നു. ഇതിനെതിരേ പ്രാദേശികതലത്തില്‍ ആളുകള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരരംഗത്താണ്. എന്നാല്‍ റെയില്‍ ബജറ്റില്‍ ആവശ്യമായ തുകവകയിരുത്തുമെന്നും നടപടികള്‍ പുരോഗമിക്കുമെന്നും അണികളെ ധരിപ്പിച്ച് പ്രതിഷേധങ്ങളുടെ നടുവില്‍ നിന്ന് ബിജെപി നേതാക്കള്‍ തടിയൂരുന്നതാണ് പിന്നീട് കണ്ടത്.
ഇക്കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ 18 കോടി മാത്രമാണ് ശബരിപാതക്ക് ലഭിച്ചത്. അതിന് മുന്‍പാകട്ടെ 5 കോടിയും. അങ്കമാലി മുതല്‍ പെരുമ്പാവൂര്‍ വരെയുള്ള ഭാഗത്ത് പാതവികസനത്തിന് 100 കോടി രൂപ ആവശ്യപ്പെട്ടിടത്താണ് 5 കോടി ലഭിച്ചത്. എസ്റ്റിമേറ്റിനേക്കാള്‍ തുക അധികരിച്ചേക്കുമെന്ന തിരിച്ചറിവാണ് യഥാര്‍ഥത്തില്‍ ശബരിപാതയുടെ കാര്യത്തിലുള്ള റെയില്‍വേയുടെ മെല്ലെപ്പോക്കിനുള്ള കാരണമെന്ന് ഇതിനോടകം തന്നെ ചര്‍ച്ചയാവുകയും ചെയ്തു.
അങ്കമാലി , കാലടി, പെരുമ്പാവൂര്‍, മൂവാറ്റുപുഴ, തൊടുപുഴ, പാല, ഭരണങ്ങാനം വഴി എരുമേലിയിലേക്കുള്ള നിര്‍ദിഷ്ട പാതയുടെ കാലടി വരെയുള്ള 7 കി മീ ദൂരം മാത്രമാണ് ഏറെക്കുറെ പണികള്‍ നടന്നിട്ടുള്ളത്. മൂവാറ്റുപുഴ മുതല്‍ തെക്കോട്ടുള്ള ഭാഗങ്ങളില്‍ ഭൂമി ഏറ്റെടുക്കാനായിട്ടില്ല. ഏറ്റെടുത്ത ഭൂമിക്കാകട്ടെ റെയില്‍വേ നഷ്ട പരിഹാര വിതരണവും പൂര്‍ത്തിയാക്കിയിട്ടില്ല.
പെരുമ്പാവൂര്‍ വരെയുള്ള പാതയുടെ എസ്റ്റിമേറ്റ് തുക റെയില്‍വെ ബോര്‍ഡ് അംഗീകരിക്കുകയും പാതയുടെ നിര്‍മാണചെലവ് സംസ്ഥാനംകൂടി ആനുപാതികമായി വഹിക്കാമെന്നറിയിച്ചിട്ടും നടപടികള്‍ നീണ്ടുപോയതോടെയാന് ബി ജെ പി നേതൃത്വത്തിന് തിരിച്ചടിയായിരിക്കുന്നത്.
Next Story

RELATED STORIES

Share it