മധ്യവയസ്‌കന്‍ മര്‍ദ്ദനമേറ്റു മരിച്ച സംഭവം: മകന്‍ അറസ്റ്റില്‍

തൊടുപുഴ: മര്‍ദ്ദനമേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. മുട്ടം തുടങ്ങനാട് മൂലഞ്ചേരി നടുത്തറയില്‍ വീട്ടില്‍ ഗോപിനാഥന്‍ (49) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തില്‍ മകന്‍ ഷജിന്‍ (26)നെ മുട്ടം പോലിസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ പാലായില്‍ വച്ചാണ് ഷജിന്‍ പിടിയിലായത്. തുടങ്ങാനാടുള്ള വീട്ടില്‍വച്ച് ഈ മാസം ഏഴിനാണ് ഗോപിനാഥന് മര്‍ദ്ദനമേറ്റത്.
അമ്മ ഷൈലജയെ ക്രൂരമായി ഉപദ്രവിച്ചതിന്റെ പേരില്‍ പിതാവിനെ മര്‍ദ്ദിച്ചതായി ഷജിന്‍ പോലിസിനോട് സമ്മതിച്ചു. ഷജിനെ മര്‍ദ്ദനം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇടുക്കി മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി. കുടുംബവഴക്കിനെ തുടര്‍ന്നാണ് മര്‍ദ്ദനം നടന്നതെന്ന് പോലിസ് പറഞ്ഞു. ഗോപിനാഥന്‍ നിരന്തരമായി ഭാര്യ ഷൈലജയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടായിരുന്നു. മര്‍ദ്ദനം സഹിക്കവയ്യാതെ കഴിഞ്ഞ ഏതാനും മാസങ്ങളായി ഷൈലജയും മൂന്നുമക്കളും നീലൂരിന് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
പശുക്കള്‍ക്ക് തീറ്റനല്‍കുന്നതിനായി ഷൈലജ എല്ലാ ദിവസവും നീലൂരില്‍ നിന്ന് തുടങ്ങാടുള്ള വീട്ടില്‍ എത്താറുണ്ടായിരുന്നു. ഏപ്രില്‍ ആറിന് തുടങ്ങനാട്ടെ വീട്ടിലെത്തിയ ഷൈലജയെ പിതാവ് ഗോപിനാഥ് ക്രൂരമായി ഉപദ്രവിച്ചതായി അറിഞ്ഞ ഷിജിന്‍ ഏഴാംതിയ്യതി വൈകിട്ട് ഏഴുമണിയോടെ തുടങ്ങനാട്ടെ വീട്ടിലെത്തി ഗോപിനാഥിനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനു ശേഷം ഷിജിന്‍ നീലൂരിലെ വീട്ടിലേയ്ക്ക് മടങ്ങി. ഗോപിനാഥന്റെ തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
എട്ടാം തിയ്യതി വിവരമറിഞ്ഞ് എത്തിയ ഗോപിനാഥിന്റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആദ്യം തൊടുപുഴ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. നില വഷളായതിനെ തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ മരണം സംഭവിക്കുകയായിരുന്നു.
മരണകാരണം പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ട് കിട്ടിയതിനുശേഷമെ വ്യക്തമാവുകയുള്ളൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ചാര്‍ജ് വഹിക്കുന്ന ഇടുക്കി സിഐ ഇ പി റെജി, മുട്ടം എസ്‌ഐ ജയകുമാര്‍, അഡീഷനല്‍ എസ്‌ഐ സുകു, എഎസ്‌ഐ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it