Kerala

മധ്യകേരളത്തില്‍ യുഡിഎഫിന്റെ കുത്തക തകര്‍ന്നു

മധ്യകേരളത്തില്‍ യുഡിഎഫിന്റെ  കുത്തക തകര്‍ന്നു
X
udf kerala logoടോമി മാത്യു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ആധിപത്യം അവസാനിപ്പിച്ച് മധ്യകേരളം എല്‍ഡിഎഫ് പിടിച്ചു. പാലക്കാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം എന്നിങ്ങനെ അഞ്ചു ജില്ലകളിലായുളള 53 സീറ്റുകളില്‍ 31 സീറ്റുകള്‍ പിടിച്ചാണ് മധ്യകേരളത്തില്‍ എല്‍ഡിഎഫ് ആധിപത്യം നേടിയത്. യുഡിഎഫ് 21 സീറ്റില്‍ മാത്രമായി ഒതുങ്ങിയപ്പോള്‍ മൂന്നു മുന്നണികളെയും വെല്ലുവിളിച്ച് സ്വതന്ത്രനായി മല്‍സരിച്ച പി സി ജോര്‍ജ് വന്‍വിജയം നേടി. മന്ത്രി കെ ബാബു, ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, അന്തരിച്ച കെ കരുണകാരന്റെ മകള്‍ പത്മജ വേണുഗോപാല്‍ എന്നിവരാണ് പരാജയപ്പെട്ട പ്രമുഖര്‍.
പാലക്കാട് ആകെയുള്ള 12 സീറ്റില്‍ ഒമ്പതും എല്‍ഡിഎഫ് പിടിച്ചപ്പോള്‍ യുഡിഎഫ് മൂന്ന് സീറ്റില്‍ മാത്രമായി ഒതുങ്ങി. കഴിഞ്ഞ തവണ യുഡിഎഫിന് അഞ്ച് സീറ്റ് ലഭിച്ചിരുന്നു. തൃശൂരിലെ ആകെയുള്ള 13 സീറ്റില്‍ 12ഉം പിടിച്ചുകൊണ്ട് എല്‍ഡിഎഫ് ജില്ല തൂത്തുവാരി. വടക്കാഞ്ചേരിയില്‍ മാത്രമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. കേവലം 43 വോട്ടിനാണ് യുഡിഎഫിന്റെ അനില്‍ അക്കരെ വിജയിച്ചത്. കഴിഞ്ഞ തവണ ജില്ലയില്‍ യുഡിഎഫ് ആറു സീറ്റ് നേടിയിരുന്നു. എറണാകുളത്ത് 14 സീറ്റുകളില്‍ അഞ്ചു സീറ്റ് പിടിച്ചുകൊണ്ട് എല്‍ഡിഎഫ് മുന്നേറ്റം നടത്തിയപ്പോള്‍ 11 സീറ്റുണ്ടായിരുന്ന യുഡിഎഫിന് ഒമ്പതു സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇടുക്കിയില്‍ ആകെയുള്ള അഞ്ചു സീറ്റുകളില്‍ എല്‍ഡിഎഫ് മൂന്ന്, യുഡിഎഫ് രണ്ട് എന്നതാണ് ഇത്തവണയും സ്ഥിതി. കോട്ടയത്ത് ആകെയുള്ള ഒമ്പത് സീറ്റില്‍ യുഡിഎഫ് വിജയം ആറു സീറ്റില്‍ ചുരുങ്ങിയപ്പോള്‍ എല്‍ഡിഎഫ് കഴിഞ്ഞ തവണത്തെ രണ്ടു സീറ്റ് ഇത്തവണയും നിലനിര്‍ത്തി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും പരാജയപ്പെടുത്തി ഒരു സ്വതന്ത്രന്‍ വിജയിക്കുന്നത്. മാണി ഗ്രൂപ്പില്‍നിന്നു രാജിവച്ച പി സി ജോര്‍ജിന് എല്‍ഡിഎഫും സീറ്റ് നിഷേധിച്ചതോടെയാണ് സ്വതന്ത്രനായി മല്‍സരിച്ചത്. പാലക്കാട് കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ചിറ്റൂരും പട്ടാമ്പിയും ഇത്തവണ എല്‍ഡിഎഫ് പിടിച്ചെടുത്തു. പട്ടാമ്പിയില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിലെ സി പി മുഹമ്മദ് 12,475 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചതെങ്കില്‍ ഇത്തവണ സിപി ഐയിലെ യുവ തുര്‍ക്കി മുഹമ്മദ് മുഹ്‌സിനിലൂടെ എല്‍ഡിഎഫ് വിജയം പിടിച്ചെടുത്തു. പാലക്കാട്ടും മലമ്പുഴയിലും എന്‍ഡിഎ രണ്ടാമത്തെത്തി.
തൃശൂരില്‍ യുഡിഎഫ് കഴിഞ്ഞ തവണ വിജയിച്ച മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ എന്നീ സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായിരുന്ന മാണി ഗ്രൂപ്പിലെ തോമസ് ഉണ്ണിയാടനെ സിപിഎമ്മിലെ കെ യു അരുണന്‍ 2,711 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്.
എറണാകുളത്ത് എല്‍ഡിഎഫിന്റെ പക്കലുണ്ടായിരുന്ന പെരുമ്പാവൂര്‍, അങ്കമാലി എന്നിവ യുഡിഎഫ് പിടിച്ചെടുത്തപ്പോള്‍ യുഡിഎഫിന്റെ പക്കലുണ്ടായിരുന്ന കൊച്ചി, കോതമംഗലം. തൃപ്പൂണിത്തുറ, മൂവാറ്റുപുഴ എന്നിവയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ഇതില്‍ തൃപ്പൂണിത്തുറയിലെ മന്ത്രി കെ ബാബുവിന്റെ പരാജയമാണ് ഏറ്റവും അധികം ചര്‍ച്ചയായത്. ബാര്‍കോഴ വിഷയത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ ബാബുവിനെ വീണ്ടും മല്‍സരിപ്പിക്കരുതെന്ന നിലപാടായിരുന്നു തുടക്കം മുതല്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ സ്വീകരിച്ചതെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കടുംപിടുത്തംമൂലമാണ് ബാബുവിന് സീറ്റ് ലഭിച്ചത്. ജില്ലയില്‍ അപ്രതീക്ഷിതമായി എല്‍ഡിഎഫ് നേടിയ മറ്റൊരു വിജയം മൂവാറ്റുപുഴയിലേതാണ്. സിറ്റിങ് എംഎല്‍എയും കോണ്‍ഗ്രസ്സിലെ ഐ ഗ്രൂപ്പിന്റെ പ്രമുഖ വക്താവുമായിരുന്ന ജോസഫ് വാഴയ്ക്കനെ സിപിഐയിലെ കന്നിക്കാരനായ എല്‍ദോ എബ്രാഹം 9,375 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജിഷയുടെ കൊലപാതക വിഷയമാണ് പെരുമ്പാവൂരില്‍ എല്‍ഡിഎഫിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന സാജുപോളിന്റെ തോല്‍വിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
ഇടുക്കിയില്‍ കഴിഞ്ഞ തവണത്തേതുപോലെതന്നെ എല്‍ഡിഎഫ് മൂന്ന്, യുഡിഎഫ് രണ്ട് എന്നതാണ് ഇത്തവണത്തെയും സീറ്റ്‌നില. ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന്റെ വരവോടെ ഇടുക്കി തൂത്തുവാരാമെന്നായിരുന്നു എല്‍ഡിഎഫ് പ്രതീക്ഷിച്ചതെങ്കിലും ഫ്രാന്‍സിസ് ജോര്‍ജ് അടക്കം പരാജയപ്പെടുന്ന അവസ്ഥയാണുണ്ടായത്. പാലായില്‍ കെ എം മാണിയുടെയും പുതുപ്പളളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ഭൂരിപക്ഷത്തിലുണ്ടായ ഇടിവുമാണ് ഏറ്റവും അധികം ചര്‍ച്ചയായത്. പാലായില്‍ കഴിഞ്ഞ തവണ കെ എം മാണിയുടെ ഭൂരിപക്ഷം 5,259 വോട്ടായി കുറഞ്ഞിരുന്നു. ഇത്തവണ അത് 4,703 വോട്ടായി വീണ്ടും കുറഞ്ഞു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞ തവണ 33,255 വോട്ടിന്റെ ഭുരിപക്ഷമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ അത് 27,092 ആയി കുറഞ്ഞു. 2011ലെ തിരഞ്ഞെടുപ്പില്‍ അഞ്ച് ജില്ലകളിലായുളള 53 സീറ്റില്‍ യുഡിഎഫ് 31 സീറ്റും എല്‍ഡിഎഫ് 22 സീറ്റുമാണ് നേടിയിരുന്നത്.
Next Story

RELATED STORIES

Share it