മധ്യകേരളത്തില്‍ കനത്ത പോളിങ്; ഇരു മുന്നണികളും ആത്മവിശ്വാസത്തില്‍

ടോമി മാത്യു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യ കേരളത്തില്‍ കനത്ത പോളിങ്. വോട്ടിങ് അവസാനിച്ച വൈകുന്നേരം ആറു മണിക്കുശേഷമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കണക്കനുസരിച്ച് തൃശൂര്‍ 72.5, ഇടുക്കി 72.18, കോട്ടയം 71.98, എറണാകുളം 72.33 ശതമാനം വോട്ട് രേഖപ്പെടുത്തി. എന്നാല്‍, അവസാന കണക്കു വരുമ്പോള്‍ പോളിങ് ശതമാനം ഉയരുമെന്നു തന്നെയാണ് വിലയിരുത്തപ്പെടുന്നത്.
പോളിങ് ശതമാനം ഉയര്‍ന്നതോടെ ഇരു മുന്നണികളും ആത്മവിശ്വാസത്തിലാണ്. മധ്യകേരളത്തില്‍ രാവിലെ മുതല്‍ മികച്ച പോളിങായിരുന്നു. രാവിലെ മുതല്‍ മഴ ആരംഭിച്ചെങ്കിലും ഇതിനെയെല്ലം അവഗണിച്ച് വോട്ടര്‍മാര്‍ പോളിങ്ബൂത്തിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു കാണാന്‍കഴിഞ്ഞത്. ഇടുക്കിയില്‍ മാത്രമായിരുന്നു പോളിങ് മന്ദഗതിയില്‍ നീങ്ങിയത്. പോളിങ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇടുക്കിയൊഴികെയുള്ള മറ്റു മണ്ഡലങ്ങളില്‍ അഞ്ചു ശതമാനത്തോളം പോളിങ് എത്തിയിരുന്നു. 10 മണിയോടെ മധ്യകേരളത്തില്‍ പോളിങ് 18 ശതമാനം കടന്നു. 11 മണിയോടെ തൃശൂര്‍ 29.27, ഇടുക്കി 25.03, കോട്ടയം 28.81, എറണാകുളം 27.74 ശതമാനമായി പോളിങ് ഉയര്‍ന്നു. യുഡിഎഫിന് തലവേദന സൃഷ്ടിച്ചുകൊണ്ട് കോണ്‍ഗ്രസ് വിമതന്‍ മല്‍സരിക്കുന്ന കൊച്ചിയില്‍ 35.2 ശതമാനമായിരുന്നു ഉച്ചയ്ക്ക് പോളിങ്.
കോട്ടയം ജില്ലയില്‍ ജീവന്മരണ പോരാട്ടം നടക്കുന്ന പാലായിലും പൂഞ്ഞാറിലും 12 മണിയോടെ പോളിങ് 30 ശതമാനം കടന്നു. കെ എം മാണി മല്‍സരിക്കുന്ന പാലായില്‍ 34 ശതമാനവും പി സി ജോര്‍ജ് മല്‍സരിക്കുന്ന പൂഞ്ഞാറില്‍ 36 ശതമാനവുമായിരുന്നു ഉച്ചവരെ പോളിങ്.
ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കുന്ന ഇടുക്കിയില്‍ 28.8 ശതമാനം ആളുകള്‍ 12 മണിയോടെ വോട്ട് രേഖപ്പെടുത്തി.
ഉച്ചയ്ക്ക് ഒരു മണിയോടെ തൃശൂര്‍ 44.73, എറണാകുളം 43.64, ഇടുക്കി 40.05, കോട്ടയം 45.59 ശതമാനമായി പോളിങ് ഉയര്‍ന്നു. പാലാ 49.2, പൂഞ്ഞാര്‍ 47, മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളി 44, മന്ത്രി കെ ബാബു മല്‍സരിക്കുന്ന തൃപ്പൂണിത്തുറ 40.7 ശതമാനവുമായിരുന്നു ഈ സമയത്തെ പോളിങ്.
മധ്യകേരളത്തിലെ മുഴുവന്‍ ജില്ലയിലും രാവിലെ മുതല്‍തന്നെ പോളിങ് കേന്ദ്രങ്ങളില്‍ നീണ്ട നിരയായിരുന്നു കാണപ്പെട്ടത്. ഇടയ്ക്കിടെ ചാറ്റല്‍ മഴയുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് മൂന്നു മണിയോടെ തൃശൂര്‍ 58.92, എറണാകുളം 58.70, ഇടുക്കി 55.05, കോട്ടയം 58.93 ശതമാനമായി പോളിങ് ഉയര്‍ന്നു.
തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ഇടുക്കിയിലെ വോട്ടിങ് ശതമാനവും ഉച്ചയോടെ വര്‍ധിച്ചു. അഞ്ചു മണിയോടെ തൃശൂര്‍ 72.24, എറണാകുളം 72.07, ഇടുക്കി 65.97, കോട്ടയം 71.06 ശതമാനവുമായിരുന്നു പോളിങ്. ഇടുക്കിയില്‍ തുടക്കം മുതലുണ്ടായിരുന്ന മന്ദത വോട്ടിങ് ശതമാനത്തിന്റെ അവസാന സമയത്തും തുടര്‍ന്നു. ഉടുമ്പുഞ്ചോലയിലും ഇടുക്കിയിലുമായിരുന്നു ശക്തമായ പോളിങ് നടന്നത്. ഈ രണ്ടു മണ്ഡലത്തിലും ശക്തമായ പോരാട്ടമായിരുന്നു.
കോട്ടയം ജില്ലയില്‍ ശക്തമായ മല്‍സരം നടക്കുന്ന പൂഞ്ഞാറില്‍ വൈകുന്നേരം 4.30ന് തന്നെ 2011ലെ പോളിങ് മറികടന്നു. 2011ല്‍ പൂഞ്ഞാറിലെ പോളിങ് 69.99 ആയിരുന്നു. ഇന്നലെ വൈകുന്നേരം 4.30ഓടെ പൂഞ്ഞാറിലെ പോളിങ് ശതമാനം 70.75 കടന്നു. തൃശൂര്‍ ജില്ലയില്‍ ശക്തമായ പോരാട്ടം നടക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ പോളിങ് അവസാനിച്ചപ്പോള്‍ 71.8 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് ആദ്യ കണക്ക്. യുഡിഎഫിനുവേണ്ടി പത്മജ വേണുഗോപാലും എല്‍ഡിഎഫിനുവേണ്ടി സിപിഐയുടെ വി എസ് സുനില്‍കുമാറുമാണ് ഇവിടെ സ്ഥാനാര്‍ഥികള്‍.
2011ലെ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ 74.88, എറണാകുളം 77.63, കോട്ടയം 73.79, ഇടുക്കി 71.13 ശതമാനമായിരുന്നു പോളിങ്. തൃശൂരില്‍ കൂടുതല്‍ പോളിങ് വടക്കാഞ്ചേരി (77.94)യിലും കുറവ് തൃശൂര്‍ (69.3) ഉം ആയിരുന്നു. എറണാകുളത്ത് കൂടുതല്‍ പറവൂര്‍ (83.96) ഉം കുറവ് കൊച്ചി(66.91)യും കോട്ടയത്ത് കൂടുതല്‍ വൈക്കവും (78.74) കുറവ് കാഞ്ഞിരപ്പള്ളി (69.87)യും ഇടുക്കിയില്‍ കൂടുതല്‍ ദേവികുള(72.32)വും കുറവ് പീരുമേട്(69.64) ഉം ആയിരുന്നു. അഞ്ചു ജില്ലകളിലായുള്ള 53 സീറ്റില്‍ യുഡിഎഫ് 31 സീറ്റും എല്‍ഡിഎഫ് 22 സീറ്റുമാണ് 2011ല്‍ നേടിയത്. എറണാകുളത്ത് 14 സീറ്റില്‍ 11ഉം കോട്ടയത്ത് ഒമ്പത് സീറ്റില്‍ ഏഴും യുഡിഎഫ് നേടി. എറണാകുളത്തും കോട്ടയത്തും നേടിയ വ്യക്തമായ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മധ്യകേരളത്തിലാകെ യുഡിഎഫിന് മേധാവിത്തം ലഭിച്ചു. ഈ രണ്ടു ജില്ലകളിലായി മാത്രം 2011ല്‍ എല്‍ഡിഎഫിനെക്കാള്‍ 13 സീറ്റുകളുടെ ഭൂരിപക്ഷമായിരുന്നു യുഡിഎഫിന് ലഭിച്ചത്.
Next Story

RELATED STORIES

Share it