മധുരയ്ക്കു സമീപം ബസ്സും ലോറിയും കൂട്ടിയിടിച്ച് 14 മരണം; 37 പേര്‍ക്ക് പരിക്ക്

കുമളി: തമിഴ്‌നാട്ടിലെ മധുരയ്ക്കു സമീപം സുപ്പലാപുരത്ത് ബസ്സും സിമന്റ് ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു. 37 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ട് 3.30ഓടെയാണു സംഭവം. തിരുനല്‍വേലിയില്‍നിന്ന് കുമളിയിലേക്കു പുറപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. നാലു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. പരിക്കേറ്റവരെ മധുര രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
സുപ്പലാപുരത്തെ ചെറിയ വളവിനു സമീപമെത്തിയപ്പോള്‍ എതിരേ വന്ന സിമന്റ് ലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിറയെ യാത്രക്കാരുണ്ടായിരുന്ന ബസ് പൂര്‍ണമായും തകര്‍ന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വാഹനം വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം എത്തിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. പിന്നീട് അഗ്നിശമന സേനയും റെസ്‌ക്യൂഫോഴ്‌സും എത്തി. ബസ് ഡ്രൈവര്‍ തേനി വീരപാണ്ഡി സ്വദേശി മുരുകേശന്‍ (49) തല്‍ക്ഷണം മരിച്ചിരുന്നു. നിരവധിപേരെ ഇനിയും തിരിച്ചറിയാനുണ്ട്.
മധുര ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. അപകടം സംബന്ധിച്ച കാര്യങ്ങള്‍ അറിയാനായി കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു.
Next Story

RELATED STORIES

Share it