kannur local

മദ്‌റസ ഗ്രാന്റ്: കാലതാമസം ഒഴിവാക്കണം- ന്യൂനപക്ഷ കമ്മീഷന്‍

കണ്ണൂര്‍: കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ഐഡിഎംഐ ഫണ്ട് ഗഡുക്കള്‍ എത്രയും വേഗം ലഭ്യമാക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനോടും കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രിയോടും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങിന് ശേഷം ചെയര്‍മാന്‍ അഡ്വ. എം വീരാന്‍ കുട്ടി, അംഗം അഡ്വ. വി വി ജോഷി എന്നിവരാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. 2013ല്‍ അനുവദിച്ച ഫണ്ടിന്റെ ആദ്യഗഡു ലഭിച്ച സ്ഥാപനങ്ങള്‍ക്ക് തുടര്‍ഗഡുക്കള്‍ ലഭിക്കാത്തത് പ്രയാസം ഉണ്ടാക്കുന്നതായി പരാതികളുണ്ട്.
തുടങ്ങിവച്ച പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നതായി പല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളും കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികളുമായി ബന്ധപ്പെട്ട് സെമിത്തേരിയും ഖബര്‍സ്ഥാനും സ്ഥാപിക്കാന്‍ അനുമതിക്ക് ഉണ്ടാകുന്ന കാലതാമസം ലഘൂകരിക്കാന്‍ ബന്ധപ്പെട്ട മതസംഘടനാ നേതാക്കളുടെ യോഗം കമ്മീഷന്‍ വിളിച്ചു ചേര്‍ക്കും. അഭിപ്രായ സമന്വയം ഉണ്ടാക്കി സര്‍ക്കാരിലേക്ക് അറിയിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. 20 പരാതികളാണ് കമ്മീഷന്‍ സിറ്റിങില്‍ പരിഗണിച്ചത്.
ഇതില്‍ 2 കേസുകള്‍ തീര്‍പ്പാക്കി. 2 പുതിയ പരാതിയും ലഭിച്ചു. കോണ്‍ക്രീറ്റ് സെമിത്തേരി നിര്‍മാണത്തിന് അനുമതി തേടി ഫാ. സേവ്യര്‍ പുത്തന്‍ പുരയ്ക്കല്‍ സമര്‍പ്പിച്ച പരാതി തെളിവെടുപ്പിനായി മാറ്റി. തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങി വ്യാജപരസ്യങ്ങള്‍ ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയതായി ഷംസുദ്ദീന്‍ ചെമ്പിലോട് സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ പോലിസ് ചീഫിനോട് അന്വേഷണ പുരോഗതി റിപോര്‍ട്ട് തേടി.
വായ്പക്ക് അപേക്ഷിച്ചിട്ട് നല്‍കാതെ മതപരമായി അധിക്ഷേപിച്ചെന്ന മുഹമ്മദ് ശരീഫിന്റെ പരാതി തെളിവെടുപ്പിനായി മാറ്റി. കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് പെരിയ ബ്രാഞ്ച് മുന്‍ മാനേജര്‍ക്കെതിരെയാണ് പരാതി. മദ്‌റസ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായത്തിനുള്ള അപേക്ഷ തിരസ്‌കരിച്ചത് സബന്ധിച്ച യുഎം അബ്ദുര്‍റഹ്മാന്‍ മൗലവിയുടെ പരാതിയില്‍ ഡിപിഐയോട് കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടു. കമ്മീഷന്‍ മെംബര്‍ സെക്രട്ടറി വി എ മോഹന്‍ലാലും സിറ്റിങില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it