Idukki local

മദ്യ ലഹരിയില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച പാപ്പാന്‍മാരെ അറസ്റ്റ് ചെയ്തു

തൊടുപുഴ: തടിപിടിക്കാന്‍ കൊണ്ടുവന്ന ആനയെ ക്രൂരമായി മര്‍ദ്ദിച്ച പാപ്പാന്‍മാരെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ ചാലാശ്ശേരിയിലാണ് സംഭവം.
ചാലാശ്ശേരി പള്ളിക്ക് സമീപം രാവിലെ തടിപിടിക്കാന്‍ കൊണ്ടുവന്ന ആനക്ക് തീറ്റയും വെള്ളവും കൊടുക്കാതെ പാപ്പാന്‍മാരായ കോടികുളം സ്വദേശി ശ്രീകുമാറും മുട്ടം സ്വദേശി പീതാംബരനും ഉപദ്രവിക്കുകയായിരുന്നു.
ഉപദ്രവം സഹിക്ക വയ്യാതെ ആന ഒന്നാം പാപ്പാനായ ശ്രീകുമാറിനെ കുടഞ്ഞ് ആനപ്പുറത്ത് നിന്ന് താഴെയിട്ടു.
പാപ്പാന്റെ പോക്കറ്റില്‍ നിന്ന് നിലത്ത് വീണ മൊബൈല്‍ ഫോണ്‍ ആന ചവിട്ടി പൊട്ടിച്ചു. ഇതിനിടെ വാര്‍ത്തയറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചുകൂടി. ആനക്ക് വെള്ളവും തീറ്റയും നല്‍കാന്‍ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ആനയെ വീണ്ടും രണ്ട് പാപ്പാന്‍മാരും ചേര്‍ന്ന് ഉപദ്രവിച്ചു.
ഇതിനെ ചോദ്യം ചെയ്ത നാട്ടുകാരെ ആനയുടെ ചങ്ങലകള്‍ അഴിച്ചുമാറ്റി ഉപദ്രവിക്കാനും ശ്രമിച്ചു. ചാലാശ്ശേരി പള്ളിക്കു സമീപം എത്തിയപ്പോള്‍ നാട്ടുകാരുടെ നേരെ ആനയെ തിരിച്ചുവിടാനും ശ്രമമുണ്ടായി പള്ളി മൈതാനത്തേക്ക് ഓടിക്കയറിയാണ് നാട്ടുകാര്‍ രക്ഷപ്പെട്ടത്.
തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് കരിമണ്ണൂര്‍ പോലിസ് ഏഴുമുട്ടം സ്‌കൂളിന്റെ ഭാഗത്ത് എത്തി ആനയെ കൊണ്ട് പോകുന്നത് തടഞ്ഞു.
തുടര്‍ന്ന് ആനപ്പുറത്ത് നിന്ന് ഇറങ്ങിയ പാപ്പാന്‍ ആനയുടെ കാലുകളില്‍ ബന്ധിച്ചിരുന്ന ചങ്ങലകള്‍ അഴിച്ചു മാറ്റി.
ഇതിനിടെ ആനയുടെ ഉടമ കരിങ്കുന്നം സ്വദേശി തൂഫാന്‍ തോമസിനെ പോലിസ് വിളിച്ച് വരുത്തി. ഇദ്ദേഹമെത്തി പാപ്പാന്‍മാരെ കൊണ്ട് പട്ടയം കവലയില്‍ ആനയെ തളച്ചു.
തുടര്‍ന്നു പാപ്പാന്‍മാരെ അറസ്റ്റ് ചെയ്തു. സംഭവം അറിഞ്ഞ് തൊടുപുഴയില്‍ നിന്ന് ഫോറസ്റ്റ് സംഘവും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
ആനയെ ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.തൊടുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.
Next Story

RELATED STORIES

Share it