മദ്യ ഉപയോഗം കുറഞ്ഞെന്ന് കണക്കുകള്‍; ബിയര്‍, വൈന്‍ വില്‍പന കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യ ഉപയോഗത്തില്‍ വന്‍കുറവെന്നു റിപോര്‍ട്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ മദ്യ ഉപയോഗത്തില്‍ 20.27 ശതമാനത്തിന്റെ കുറവെന്നാണു പഠനറിപോര്‍ട്ട്. വിദേശമദ്യ വില്‍പനയില്‍ 24.92 ശതമാനത്തിന്റെ കുറവുണ്ടായപ്പോള്‍ ബിയര്‍ വില്‍പനയില്‍ 63.65 ശതമാനവും വൈന്‍ വില്‍പനയില്‍ 260.02 ശതമാനവും വര്‍ധനയുണ്ടായി.
ആല്‍ക്കഹോള്‍ ആന്റ് ഡ്രഗ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍(അഡിക്) ഇന്ത്യയുടെ പഠനത്തിലാണ് മദ്യഉപയോഗം കുറഞ്ഞതായി കണ്ടെത്തിയിരിക്കുന്നത്. 2014 ഏപ്രില്‍ മുതല്‍ 2015 സപ്തംബര്‍ വരെയുള്ള മാസങ്ങളിലെ വില്‍പനയാണു പഠനവിധേയമാക്കിയത്. കഴിഞ്ഞവര്‍ഷം ഈ സമയവുമായി താരതമ്യം ചെയ്യുമ്പോള്‍ 5,37,24,258 ലിറ്റര്‍ മദ്യം കുറവാണ് ഈ വര്‍ഷം വിറ്റഴിച്ചത്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒഴികെയുള്ള 730 ബാറുകളുടെ ലൈസന്‍സ് റദ്ദാക്കിയതും ബെവ്‌കോയുടെയും കണ്‍സ്യൂമര്‍ഫെഡിന്റെയും 70ഓളം ഔട്ട്‌ലെറ്റുകള്‍ പൂട്ടിയതുമാണ് മദ്യവില്‍പ്പന കുറയാന്‍ കാരണമെന്ന് അഡിക് ഇന്ത്യ ഡയറക്ടര്‍ ജോണ്‍സണ്‍ ജെ ഇടയാറന്‍മുള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, ബിയര്‍, വൈന്‍ വില്‍പനയില്‍ യഥാക്രമം 5,42,71,620 ലിറ്റര്‍, 16,53,480 ലിറ്ററിന്റെ വര്‍ധനയും രേഖപ്പെടുത്തുന്നു. അടച്ച ബാര്‍ ഹോട്ടലുകള്‍ക്കു പകരം 730 ബിയര്‍-വൈന്‍ പാര്‍ലറുകള്‍ ആരംഭിച്ചതാണ് ഈ വര്‍ധനയ്ക്കു കാരണം. 2014-15 കാലയളവില്‍ 418 ബാറുകള്‍ പൂര്‍ണമായും അടഞ്ഞുകിടന്നപ്പോള്‍ 84,30,997 ലിറ്റര്‍ കുറവുണ്ടായിരുന്ന സ്ഥാനത്തുനിന്നാണ് ബിയര്‍-വൈന്‍ വില്‍പനയിലെ ഈ വര്‍ധന. കഴിഞ്ഞ രണ്ടുവര്‍ഷമായി സംസ്ഥാനത്തെ മദ്യവില്‍പനയില്‍ ക്രമാനുഗതമായ കുറവുണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
Next Story

RELATED STORIES

Share it