മദ്യവര്‍ജന നയം ജനവഞ്ചനയും കാപട്യം നിറഞ്ഞതും: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

കൊച്ചി: എല്‍ഡിഎഫിന്റേത് മദ്യവര്‍ജന നയമാണെന്ന നേതാക്കന്‍മാരുടെ പ്രഖ്യാപനം ജനവഞ്ചനയും കാപട്യം നിറഞ്ഞതുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന ചെയര്‍മാന്‍ ബിഷപ് മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍. പാലാരിവട്ടം പിഒസിയില്‍ നടന്ന മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 22ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ മദ്യനയം സംബന്ധിച്ച് എടുത്ത തീരുമാനത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ തിരഞ്ഞെടുപ്പിനു മുമ്പ് ഇടതുപക്ഷം മദ്യനയം പ്രഖ്യാപിക്കാന്‍ തയ്യാറാവണമെന്നും മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. മദ്യവര്‍ജനം ഓരോ വ്യക്തിയും വ്യക്തിപരമായി എടുക്കേണ്ട തീരുമാനമാണ്. മദ്യനിയന്ത്രണവും മദ്യനിരോധന നടപടികളുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവേണ്ടത്.
യുഡിഎഫ് സര്‍ക്കാരിന്റേത് ഘട്ടംഘട്ടമായുള്ള സമ്പൂര്‍ണ മദ്യനിരോധനം എന്ന നയമാണ്. ഈ നയം തുടരുമോ ഇല്ലയോ എന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വ്യക്തമാക്കണം. മദ്യനയത്തില്‍ അവ്യക്തത പാടില്ല. അടച്ച ബാറുകള്‍ തുറക്കുവാന്‍ തക്ക നിയമങ്ങള്‍ ഇനി ആവിഷ്‌കരിക്കപ്പെടുമോ എന്നും പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും മാര്‍ റെമജിയോസ് ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. മദ്യനയത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിച്ചു തുടങ്ങിയ കേരളസമൂഹത്തെ മദ്യരാജാക്കന്‍മാര്‍ക്ക് തീറെഴുതാന്‍ അനുവദിക്കില്ല. മദ്യ വ്യവസായികളുടെ താല്‍പര്യമല്ല, ജനക്ഷേമകരമായ നയമാണു സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. നയം ആവിഷ്‌കരിക്കുമ്പോള്‍ ജനഹിതം പ്രതിഫലിപ്പിക്കുന്ന താണോ എന്നു തിരിച്ചറിയേണ്ടതുണ്ട്.
ബാറുടമകള്‍ക്കു വേണ്ടി മദ്യനയം അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ ശക്തമായ സമരപ്രക്ഷോഭങ്ങള്‍ക്ക് കെസിബിസി മദ്യവിരുദ്ധ സമിതി നേതൃത്വം നല്‍കുമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it