Idukki local

മദ്യലഹരിയില്‍ വാഹനമോടിച്ച് അപകടം; അമ്മയെയും മകളെയും ഇടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പിടികൂടി

തൊടുപുഴ: പളളിയില്‍ പോയ ശേഷം വീട്ടിലേക്ക് മടങ്ങിയ അമ്മയേയും മകളേയും ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ കാര്‍ പോലിസ് പിന്തുടര്‍ന്ന് പിടികൂടി. കാറോടിച്ചിരുന്ന മേലുകാവ് കാഞ്ഞിരത്തുങ്കല്‍ പ്രതിഷ് ജോസഫ് മദ്യലഹരിയിലായിരുന്നുവെന്ന് കാഞ്ഞാര്‍ പോലിസ് പറഞ്ഞു.
അറക്കുളം 12ാം മൈല്‍ വളവില്‍ വച്ച് ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ 5.30നാണ് അപകടം. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അറക്കുളം മൂന്നുങ്കവയല്‍ നടുപ്പറമ്പില്‍ ജോയിയുടെ ഭാര്യ ലിസി മകള്‍ ജോതി എന്നിവരെയാണ് എതിര്‍ ദിശയില്‍ വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചത്.ഇടിച്ച ശേഷം കാര്‍ നിര്‍ത്താതെ തൊടുപുഴ ഭാഗത്തേക്ക് ഓടിച്ചു പോയി. സംഭവം കണ്ടു നിന്നവര്‍ ഉടന്‍ തന്നെ കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.കാഞ്ഞാര്‍ എസ് ഐ സജി കെയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം റോഡിലിറങ്ങി വാഹനം തടയാന്‍ ശ്രമം നടത്തിയെങ്കിലും വാഹനം കടന്നു പോയിരുന്നു.
കാറിനു പിന്നാലെ പാഞ്ഞ പോലിസ് സംഘം ഉടന്‍ തന്നെ മുട്ടം പോലിസ് സ്‌റ്റേഷനിലേക്ക് വാഹനത്തിന്റെ നിറവും രജിസ്‌ട്രേഷന്‍ നമ്പരിന്റെ ശ്രദ്ധയില്‍പ്പെട്ട ഭാഗവും ഉള്‍പ്പെടെ സൂചനയും നല്‍കി.മുട്ടം പോലിസ് മുട്ടം ടൗണിനു സമീപം വച്ച് വാഹനം തടഞ്ഞു. അപ്പോഴേക്കും എത്തിച്ചേര്‍ന്ന കാഞ്ഞാര്‍ പോലിസ് വാഹനവും, പ്രതീഷ് ജോസഫിനേയും കസ്റ്റഡിയിലെടുത്തു.പ്രതീഷ് അമിത മദ്യലഹരിയലൊയിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റവരെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായിരുന്നതിനാല്‍ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ലിസിയുടെ ഒരു കയ്യും കാലും ഒടിഞ്ഞിട്ടുണ്ട്. ജോതിയുടെ തലക്കാണ് പരിക്ക്. കാഞ്ഞാര്‍ പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Next Story

RELATED STORIES

Share it