Pathanamthitta local

മദ്യലഹരിയില്‍ കാറോടിച്ച യുവാവ് രണ്ടു വാഹനങ്ങള്‍ ഇടിച്ചുതകര്‍ത്തു

പത്തനംതിട്ട: കാറുമായി മരണപ്പാച്ചില്‍ നടത്തിയ യുവാവ് രണ്ടു വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തു. ഇടിയേറ്റ് മറിഞ്ഞ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കുമ്പഴ പൊയ്കവീട്ടില്‍ മുകേഷ് മോഹനനാണ് അപകടമുണ്ടാക്കിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന്പറയുന്നു.
ഇന്നലെ വൈകീട്ട് നാലോടെ കുമ്പഴയില്‍ നിന്നാണ് യുവാവിന്റെ മരണപ്പാച്ചില്‍ തുടങ്ങിയത്. ഇവിടെ വച്ച് മുകേഷ് ഓടിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ചു. ഇടി കൊണ്ട കാറിലുണ്ടായിരുന്നവര്‍ പിന്തുടരുന്നത് കണ്ട് മുകേഷ് വാഹനം മൈലപ്ര വഴി പത്തനംതിട്ടയിലേക്ക് പായിച്ചു. താഴെവെട്ടിപ്രം ശബരിമല ഇടത്താവളത്തിന് മുന്നില്‍ വച്ച് എതിരേ വന്ന ഓട്ടോറിക്ഷ ഇടിച്ചു മറിക്കുകയായിരുന്നു.
ഓട്ടോയിലുണ്ടായിരുന്ന കുമ്പഴ നോര്‍ത്ത് വലിയകാലായില്‍ സാറാമ്മ, സുമ വര്‍ഗീസ്, വിജി വര്‍ഗീസ്, മൈലപ്ര ചക്കാലത്ത് കിഴക്ക് മനോജ് (30) എന്നിവര്‍ക്കാണ് പരിക്കേത്. സാറാമ്മ, സുമ എന്നിവര്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലും മനോജ് കോഴഞ്ചേരിയിലെ സ്വകാര്യാശുപത്രിയിലും വിജി പത്തനംതിട്ടയിലെ സ്വകാര്യാശുപത്രിയിലും ചികില്‍സയിലാണ്.
മുകേഷിനെതിരേ മദ്യപിച്ച് വാഹനമോടിച്ചതിന് മാത്രമാണ് ഇപ്പോള്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
പരിക്കേറ്റവരുടെ മൊഴിയെടുത്തതിന് ശേഷം അപകടമുണ്ടാക്കിയതിന് ഇയാള്‍ക്കെതിരേ കേസ് എടുക്കുമെന്ന് എസ്‌ഐ മനോജ് പറഞ്ഞു.
Next Story

RELATED STORIES

Share it