മലയാളി പോലിസുകാരന്‍ നീതി തേടി സുപ്രിംകോടതിയില്‍

മലയാളി പോലിസുകാരന്‍ നീതി തേടി സുപ്രിംകോടതിയില്‍
X
salim-newന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലൂടെ അപമാനിതനാവുകയും അതുമൂലം സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്ത ഡല്‍ഹി പോലിസിലെ മലയാളി ഉദ്യോഗസ്ഥന്‍ സുപ്രിംകോടതിയില്‍. 50കാരനായ ഡല്‍ഹി പോലിസ് കോണ്‍സ്റ്റബിള്‍ പി കെ സലിമാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഡല്‍ഹി മെട്രോയില്‍ മദ്യപിച്ച് നിലതെറ്റിയ പോലിസുകാരന്‍ എന്ന തലക്കെട്ടില്‍ യൂട്യൂബില്‍ സലിം മെട്രോയില്‍ കാലുകളുറയ്ക്കാതെ യാത്ര ചെയ്യുകയും നില്‍പ്പുറക്കാതെ വീഴുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആരോ പോസ്റ്റ് ചെയ്തതോടെയാണ് ഇദ്ദേഹത്തിന്റെ ജീവിതം മാറുന്നത്. വീഡിയോ വൈറലായി. ഫേസ്ബുക്കിലും പ്രചരിച്ചു. വൈകാതെ സലിമിനെ ഡല്‍ഹി പോലിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

സലിമിന്റെ കുടുംബത്തിന് അതൊരു ദുരന്തമായി. സമ്മര്‍ദ്ദം താങ്ങാനാവാതെ ഭാര്യക്ക് മസ്തിഷ്‌കാഘാതം വന്നു.
എന്നാല്‍, ഡല്‍ഹി പോലിസ് നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ സലിം മദ്യപിച്ചിരുന്നില്ലെന്നു കണ്ടെത്തി. മസ്തിഷ്‌കാഘാതം വന്ന് ഇടതുവശം തളര്‍ന്ന സലിം രോഗാവസ്ഥയിലായിരുന്നു. അതോടൊപ്പം ഓര്‍മക്കുറവു ബാധിക്കുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്തിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന സലിമിനെ ഇതുമൂലം ഓഫിസ് ജോലിയിലേക്കു മാറ്റി.
ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ ഷീലാ ദീക്ഷിതിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കെ പി ചിദംബരത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു സലിം. രോഗം മൂലം തുടര്‍ച്ചയായി മരുന്നു കഴിക്കുകയും പരിശോധന നടത്തുകയും ചെയ്യേണ്ടിവന്നു. 2015 ആഗസ്ത് 19ന് ജോലിക്കിടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് വീട്ടിലേക്കു പോവാന്‍ മെട്രോയില്‍ കയറിയതായിരുന്നു. നിലയുറപ്പിക്കാന്‍ കഴിയാതിരുന്ന സലിം മദ്യപിച്ചതാണെന്നു കരുതി ആരും സഹായിച്ചില്ല. മെട്രോ നീങ്ങിയപ്പോള്‍ നിലതെറ്റി വീഴുകയും ചെയ്തു. ഇതെല്ലാം ആരോ വീഡിയോയില്‍ പകര്‍ത്തി യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. അത് രണ്ടു ലക്ഷത്തോളം പേരാണു കണ്ടത്. ഒരു ടെലിവിഷന്‍ ചാനല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മെട്രോയിലെ സുരക്ഷയെക്കുറിച്ച് ചര്‍ച്ചയും സംഘടിപ്പിച്ചു.
സലിം മദ്യപിച്ചിരുന്നില്ലെന്ന് പോലിസ് കണ്ടെത്തിയതോടെ സസ്‌പെന്‍ഷന്‍ കാലാവധി ഡ്യൂട്ടിയായി പരിഗണിച്ച് ആനൂകൂല്യങ്ങള്‍ നല്‍കുകയും തിരിച്ചെടുക്കുകയും ചെയ്തു. ഇപ്പോള്‍ രോഗം മൂര്‍ച്ഛിച്ച് മെഡിക്കല്‍ ലീവില്‍ നാട്ടിലാണ് സലിം. വീഡിയോ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തിരുന്നില്ല. തുടര്‍ന്നാണ് സലിം കോടതിയെ സമീപിച്ചത്. അപമാനത്തിന് നഷ്ടപരിഹാരം വേണം, യൂട്യൂബില്‍ നിന്ന് വീഡിയോ നീക്കം ചെയ്യണം, ഇത്തരം വീഡിയോകള്‍ പ്രചരിപ്പിക്കുന്നതു തടയാന്‍ നടപടി വേണം, ഇതു വാര്‍ത്തയാക്കിയ പത്രങ്ങളും ചാനലുകളും വിശദീകരണം നല്‍കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
Next Story

RELATED STORIES

Share it