palakkad local

മദ്യനയവും പുനസംഘടനയും: കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം

കെ സനൂപ്

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തേചൊല്ലിയും ഡിസിസി പുനസംഘടനയേചൊല്ലിയും കോണ്‍ഗ്രസിലും യുഡിഎഫിലും തമ്മിലടി രൂക്ഷമാകുന്നു. ഡിസിസി ഭാരവാഹികളെ തിരഞ്ഞെടുത്തതിനെച്ചൊല്ലി ഉടലെടുത്ത പ്രശ്‌നം പിന്നീട് മദ്യനയത്തിന്റേ ചര്‍ച്ചകളിലേക്ക് വഴിമാറുകയായിരുന്നു. കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടനയായ കേരള പഞ്ചായത്ത് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ ജില്ലാ സമ്മേളന വേദിയിലാണ് മദ്യനയത്തേച്ചൊല്ലി കെ അച്യുതന്‍ എംഎല്‍എ വിവാദ പ്രസ്താവന നടത്തിയത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ക്ഷീണമുണ്ടായത് തെറ്റായ മദ്യനയം കാരണമാണെന്നും ഉമ്മന്‍ചാണ്ടി തന്നെ അടുത്ത തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ നയിക്കുമെന്നും അച്യുതന്‍ പറഞ്ഞത് ഡിസിസി പുനസംഘടന നടത്തിയവര്‍ക്കുള്ള ഒരു മറുപടികൂടിയായിരുന്നുവെന്നത് വ്യക്തമാണ്. മദ്യനയം മൂലം ഒരു പ്രധാന വിഭാഗം കോണ്‍ഗ്രസിനെതിരെ തിരിഞ്ഞെന്നും അത് തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പില്‍ ദോഷമായെന്നും മദ്യനയത്തില്‍ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തുകയാണെങ്കില്‍ അത് അടുത്ത തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും അച്യുതന്‍ പറഞ്ഞു. ചിറ്റൂര്‍ മേഖലയില്‍ നിന്ന് വ്യാജകള്ളൊഴുകുന്നുവെന്നും അതില്‍ ഏറിയ പങ്കും അവിടുത്തെ പ്രധാന നടത്തിപ്പുകാരനായ അച്യുതന്‍ എംഎല്‍എയുടെ സഹോദരനാണെന്ന വിവാദമുണ്ടായതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അദ്ദേഹം കള്ള് കച്ചവടം നിര്‍ത്തുകയാണെന്ന് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. മലപ്പുറം മദ്യദുരന്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ആ പ്രസ്താവന കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.
പുതിയ സന്ദര്‍ഭത്തില്‍ അച്യുതന്‍ നടത്തിയ പ്രസ്താവനയും ഇതോടെയാണ് വിവാദമാകുന്നത്. സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കിയതില്‍ പ്രധാന പങ്ക് വഹിച്ചത് സുധീരനാണെന്നിരിക്കേ മദ്യനയം തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് തിരിച്ചടി സമ്മാനിച്ചെന്ന പ്രസ്താവന ആരെ ലക്ഷ്യമിട്ടാണെന്നുള്ളത് അതില്‍ നിന്ന് തന്നെ വ്യക്തമാണ്.
സുധീരന്റെയും രമേശ് ചെന്നിത്തലയുടേയും തിരക്കഥയിലൊരുങ്ങിയ പാലക്കാട്ടെ ഡിസിസി 59 അംഗ ജംബോ പട്ടികയില്‍ തങ്ങളുടെ അനുകൂലികളെ ഒഴിവാക്കിയതിലുള്ള പ്രതിഷേധം കൂടിയായിരുന്നു അച്യുതന്റെ ആ പ്രസ്താവനയെന്നത് ഇതിനകം തന്നെ ചര്‍ച്ചാവിഷയമായിരിക്കയാണ്. മുന്‍ എംഎല്‍എമാരായ സി ചന്ദ്രന്‍, എ വി ഗോപിനാഥ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് കെ അപ്പു, എ കെ സുല്‍ത്താന്‍ (മെക്ക) എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. മാണിയെ രാജിവെപ്പിച്ചതിലൂടെ ഇടഞ്ഞുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മിനെ കൂടി അച്യുതന്‍ ലക്ഷ്യമിട്ടിരുന്നതായാണ് പ്രശ്‌നം കൂടുതല്‍ കുഴക്കിയത്. ചിറ്റൂരിലെ കള്ള് കച്ചവടത്തില്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്ന അച്യുതനേയും കൂട്ടരേയും ലക്ഷ്യമിട്ട് ഇതോടെ കെപിഇഒയുടെ പരിപാടിയില്‍ പങ്കെടുത്ത വിവിധ സംഘടനകള്‍ രംഗത്തെത്തി.
അച്യുതന്റെ നിലപാട് ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കെതിരാണെന്ന് കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ എ കെ സുല്‍ത്താന്‍ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരം ലഭിക്കുകയാണങ്കില്‍ 24 മണിക്കൂറിനുള്ളില്‍ രാജ്യത്തെ മദ്യഷാപ്പുകള്‍ മുഴുവന്‍ അടച്ചുപൂട്ടുമെന്ന് ഗാന്ധി പ്രഖ്യാപിച്ചിരുന്നതായും അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെമുറുകെപിടിച്ച് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ഇത്തരത്തില്‍ പറയുന്നത് ഖേദകരമാണെന്നും സുല്‍ത്താന്‍ പറഞ്ഞു. അധികാരം ലക്ഷ്യമിട്ട് ആദര്‍ശങ്ങള്‍ ബലികഴിക്കണമെന്നു പറയുന്ന അച്യുതന്‍ കോണ്‍ഗ്രസിന്റെ ചരിത്രം പഠിക്കണമെന്നും എ കെ സുല്‍ത്താന്‍ ഓര്‍മ്മിപ്പിച്ചതോടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ഇതിനകം തന്നെ അച്യുതന്റെ പ്രസ്താവന വിവാദമായിരിക്കയ ാണ്. അതേസമയം അച്യുതന്‍ ലക്ഷ്യമിട്ടത് മദ്യനയത്തേയല്ലാ മറിച്ച് അതിന് നേതൃത്വം നല്‍കിയവരേയാണെന്നാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം അടക്കം പറയുന്നത്. മദ്യനയത്തിന് ചുക്കാന്‍ പിടിച്ച സുധീരനെതിരേയും വിഡി സതീശനെതിരേയുമുള്ള ഒളിയമ്പായാണ് അതിനെ കണക്കാക്കുന്നതെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
ഇത് ഡിസിസി ഭാരവാഹി ലിസ്റ്റില്‍ നിന്ന് മദ്യവ്യവസായികളുമായി അടുത്തിടപഴകുന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്ന് ഡിസിസിയില്‍ നിന്നൊഴിവാക്കപ്പെട്ട പി ബാലഗോപാലിനെ തിരിച്ചെടുക്കണമെന്ന ഒരാവശ്യത്തിലേക്കുള്ള ചൂണ്ടുപലകയാണെന്നും അവര്‍ പറഞ്ഞു. ഡിസിസി ഭാരവാഹികളുടെ ജംബോലിസ്റ്റില്‍ ഇടംപിടിക്കാതിരുന്നവര്‍ക്ക് വേണ്ടിയായിരുന്നു അച്യുതന്റെ പ്രസ്താവനയെന്ന് അതിലൂടെ തന്നെ വ്യക്തമാണ്. അതേസമയം മദ്യനയം തിരുത്തേണ്ട ആവശ്യമില്ലെന്നു തന്നെയാണ് ലീഗ് ജില്ലാ നേതൃത്വത്തിന്റേയും നിലപാട്. എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും അതേ നിലപാട് തന്നെയാണ് സ്വീകരിക്കുന്നത്. അതേസമയം ഡിസിസി ലിസ്റ്റില്‍ അട്ടപ്പാടിയിലെ ചെന്നിത്തല ഗ്രൂപ്പ് അനുയായി പി സി ബേബിയും തഴയപ്പെട്ടിട്ടുണ്ടെന്നത് കോണ്‍ഗ്രസിലെ മറ്റൊരു വിഭാഗത്തേയും ചൊടിപ്പിച്ചിരിക്കയാ ണ്.
ഡിസിസി പ്രസിഡന്റ് സ്ഥാനത്തിനായി പി വി രാജേഷ്, വി കെ ശ്രീകണ്ഠന്‍, എ രാമസ്വാമി, കെ ഭവദാസ്, കെ എസ് ബി എ തങ്ങള്‍, കമ്മുകുട്ടി എടത്തോള്‍ എന്നിവരുടെ പേരുകള്‍ പരിഗണനയിലുള്ളതായി അറിയുന്നു. കെ ഭവദാസ് പാലക്കാട് നഗരസഭാ കോണ്‍ഗ്രസ് ലീഡറായ സ്ഥിതിക്ക് പി വി രാജേഷ് സ്ഥാനം ആവശ്യപ്പെടാനുള്ള സാധ്യത തെളിയുന്നതെങ്കിലും വി കെ ശ്രീകണ്ഠന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണറിയുന്നത്. പി വി രാജേഷിനെ യുഡിഎഫ് ജില്ലാ ചെയര്‍മാനാക്കി എ രാമസ്വാമിയെ ഡിസിസി പ്രസിഡന്റാക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it