മദ്യനയത്തിന്റെ രാഷ്ട്രീയ-സമ്പദ് ശാസ്ത്രം

ടി ജി ജേക്കബ്

കേരളത്തില്‍ മദ്യം വാര്‍ത്താപ്രാധാന്യമുള്ള ചരക്കാണ്. കൊളോണിയല്‍ കാലത്ത് മലബാറില്‍ നടന്ന മദ്യവിരുദ്ധ പിക്കറ്റിങുകളും അതിനെതിരായി അഴിച്ചുവിട്ട അക്രമങ്ങളും പിന്നീട് തിരുവിതാംകൂറില്‍ നടപ്പാക്കിയ മദ്യനിരോധനവും അതു സൃഷ്ടിച്ച വ്യാജമദ്യ മുതലാളി വിഭാഗവും വമ്പിച്ച മദ്യദുരന്തങ്ങളും അതിനെതിരായി നടന്ന ജനകീയ സമരങ്ങളും സംസ്ഥാനത്തിന്റെ വരവില്‍ മദ്യത്തിനുള്ള വലിയ പങ്കും എക്‌സൈസ് വകുപ്പ് വന്‍ അഴിമതികളുമായി വളര്‍ന്നതും മദ്യമുതലാളിമാര്‍ കേരള രാഷ്ട്രീയ-സമ്പദ്ഘടനയിലെ പ്രബല ശക്തിയായി വളര്‍ന്നതും ഒക്കെ ഇതിനെ രാഷ്ട്രീയപ്രാധാന്യമുള്ള വിശേഷവസ്തുവായി അവരോധിച്ചു. ഇന്നും ഈ വിശേഷവസ്തുവിന്റെ രാഷ്ട്രീയപ്രാധാന്യം നിലനില്‍ക്കുന്നുണ്ട്. മദ്യത്തിന്റെ ഉപഭോക്താക്കള്‍ക്കും അവരുടെ സംഘബലം ഒന്നുകൊണ്ടുതന്നെ, കേരള രാഷ്ട്രീയത്തില്‍ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പുകളില്‍ വോട്ടിന് ഇത്ര മദ്യം എന്ന രീതി ദീര്‍ഘകാലമായി നിലവിലുണ്ട്. സര്‍ക്കാരിന്റെ വരുമാനത്തില്‍ മദ്യം നിര്‍ണായകസ്ഥാനം കൈവരിച്ചിട്ട് കാലം കുറേയായി. സ്വാഭാവികമായും മദ്യമുതലാളിവര്‍ഗം ഭരണസംവിധാനത്തില്‍ സ്വാധീനമുള്ളവരാണ്. കൂട്ടുകക്ഷിസമ്പ്രദായം ഭരണക്രമമായി മാറിയ കേരളത്തില്‍ മദ്യമന്ത്രാലയം പ്രബല കക്ഷിയുടെ വകുപ്പാവുന്നത് അതുകൊണ്ടുതന്നെയാണ്. അതായത്, അത് കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നതായതുകൊണ്ട്.
കുറച്ചുകാലം മുമ്പ് ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ചാരായനിരോധനം നടപ്പാക്കി. ചാരായം സര്‍വവ്യാപിയായി എവിടെയും കിട്ടുന്ന ചരക്കായി മാറിയപ്പോഴാണ് നിരോധനം കൊണ്ടുവന്നത്. പക്ഷേ, 'ആദര്‍ശവാദി'യുടെ പദ്ധതി ഫലം കണ്ടില്ല. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. പക്ഷേ, ചാരായനിരോധനം മറ്റു മാറ്റങ്ങളുണ്ടാക്കി. തെങ്ങിന്‍കള്ളും തെങ്ങും തമ്മിലുള്ള ബന്ധം ഇല്ലാതാക്കി. കേരളത്തിലെ കള്ളുഷാപ്പുകള്‍ വിഷഷാപ്പുകളായി. അതിപ്പോഴും അങ്ങനെ തന്നെ തുടരുന്നു. ചെലവാകുന്ന കള്ളിന്റെ കണക്കും ചെത്തുന്ന തെങ്ങുകളുടെയും ചെത്തുതൊഴിലാളികളുടെയും കണക്കും തമ്മില്‍ വിദൂരമായ ബന്ധംപോലുമില്ല. ജനങ്ങള്‍ കുടിക്കുന്ന കള്ള് വ്യാജനാണെന്നതിന് ഇതില്‍പ്പരം യാതൊരു തെളിവും ആവശ്യമില്ല. മലയാളിയുടെ ഭക്ഷണചര്യയെ തന്നെ തകിടംമറിക്കാന്‍ പര്യാപ്തമായിരുന്നു ഇത്.
ഇതോടൊപ്പം തന്നെയാണ് ചാരായവിപത്ത് ദൂരീകരിച്ചെന്നും അതിന്റെ സ്ഥാനത്ത് 'വിദേശ'മദ്യം മാത്രം മതിയെന്നും വിലവ്യത്യാസം മദ്യ ഉപഭോഗം കുറയ്ക്കുമെന്നുമുള്ള ശുദ്ധ അസംബന്ധം പ്രചരിപ്പിക്കപ്പെട്ടത്. മദ്യം ഒരു ലഹരിവസ്തുവാണെന്നും അതുകൊണ്ടുതന്നെ അത് കമ്പോളത്തിലെ വിലമാറ്റങ്ങള്‍ക്ക് ഒരു വലിയ അളവുവരെ പ്രതികരിക്കില്ലെന്നുമുള്ള വസ്തുത കണക്കിലെടുക്കാതെയായിരുന്നു ഈ മണ്ടന്‍ പ്രചാരണം അരങ്ങേറിയത്. ബാറുകള്‍ നാടുനീളെ പ്രചാരത്തിലായി. മലയാളി അങ്ങനെ ആധുനികനായി. സര്‍ക്കാരിനു കിട്ടുന്ന കൊള്ളയുടെ കണക്ക് കൂടി. പഴയ ചാരായക്കച്ചവടക്കാര്‍ ചാരായം തന്നെ ബാറുകളില്‍ നിറംചേര്‍ത്തു വില്‍ക്കുന്ന അവസ്ഥ വന്നു. അതായത് മദ്യം കൂടുതല്‍ വിഷമയമായി. അതേസമയം തന്നെ കള്ള് പൂര്‍ണമായും വിഷമായി. കുടിയന്മാര്‍ വീട്ടില്‍ കൊടുക്കുന്ന കാശ് കുറഞ്ഞു.
മുക്കിലും മൂലയിലും ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തുകൊണ്ട് രാഷ്ട്രീയ-ഉദ്യോഗസ്ഥ മുതലാളിമാര്‍ കീശവീര്‍പ്പിച്ചു. കാര്യങ്ങളിങ്ങനെ പരസ്പരപൂരകമായി നടന്നുവരുമ്പോഴാണ് 'മദ്യവിപത്ത്' കൂടിയിട്ടേയുള്ളൂവെന്നും അതിനെ ഫലപ്രദമായി നേരിട്ടില്ലെങ്കില്‍ ആകപ്പാടെ കുഴപ്പത്തിലാവുമെന്നും മുഖ്യ ഭരണകക്ഷിക്ക് ബുദ്ധിയുദിച്ചത്. അങ്ങനെയാണ് നേരത്തേ ചാരായം നിരോധിച്ച മാതിരി ഇപ്പോള്‍ ബാറുകള്‍ നിരോധിച്ചത്. പഴയ ബാറുകളില്‍ ബിയര്‍-വൈന്‍ ഷാപ്പുകള്‍ നിലവില്‍ വന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം കടുത്ത മദ്യം വില്‍ക്കുന്ന വ്യവസ്ഥിതി. കള്ളിനെ തെങ്ങില്‍നിന്ന് ആട്ടിയോടിച്ച മാതിരി തന്നെ ബിയറും വൈനും വിഷമയമാക്കാനുള്ള സാഹചര്യം സൃഷ്ടിച്ചു. അതാണിപ്പോള്‍ കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.
ഇതിനോടൊപ്പം തന്നെ മദ്യവും ഫെഡറലിസവും തമ്മിലുള്ള ബന്ധവും കാണണം. മദ്യം സംസ്ഥാന സാമ്പത്തിക വിഷയമാണ്. മദ്യം സംസ്ഥാനങ്ങളുടെ വിഭവസമാഹരണത്തിന്റെ പ്രധാന ഘടകമാണ്. മിക്ക സംസ്ഥാനങ്ങളും ദീര്‍ഘകാലമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കടക്കെണിയിലുമാണ്. അതേസമയം തന്നെ ചെലവിന്റെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നോട്ടുപോവാനും കഴിയില്ല. ഭരണകക്ഷികള്‍ക്ക് അധികാരത്തില്‍ നിലനില്‍ക്കണമെങ്കില്‍ 'ജനകീയ' പദ്ധതികള്‍ കൂടിയേ തീരൂ.
കേരളം മദ്യവിപണനം സര്‍ക്കാര്‍ കുത്തകയാക്കി. തമിഴകവും അങ്ങനെ തന്നെ. തമിഴകത്തില്‍ എല്ലായിടത്തും സര്‍ക്കാര്‍ മദ്യം വിറ്റ് പണം സ്വരൂപിക്കുന്നു. ഇങ്ങനെ സര്‍ക്കാര്‍ തന്നെ നിലനില്‍ക്കുന്നു. കേരളത്തില്‍ തികഞ്ഞ കാപട്യമാണ് നടക്കുന്നത്. മദ്യത്തില്‍നിന്നുള്ള പണം വേണം. അതേസമയം, മദ്യനിരോധനം എന്ന ഗീര്‍വാണവും വേണം. സര്‍ക്കാര്‍ മദ്യം വില്‍ക്കും. അതില്‍ നിന്നു പണം സമാഹരിക്കും. പഞ്ചനക്ഷത്രങ്ങളില്‍ പോയി ഭരണവര്‍ഗത്തിന് യഥേഷ്ടം മദ്യം കഴിക്കാം. അതിനുള്ള പണം ജനങ്ങള്‍ കൊടുക്കുന്നുണ്ടല്ലോ.
സര്‍ക്കാര്‍ മദ്യക്കച്ചവടം നടത്തുന്നത് ഒരു കോര്‍പറേഷന്‍ വഴി, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വഴിയാണ്. മദ്യനിരോധനം നടപ്പാക്കുന്നതിനു വേണ്ടി ഈ കടകളുടെ സംഖ്യ ഘട്ടംഘട്ടമായി കുറയ്ക്കുമെന്നാണ് വാഗ്ദാനം. നിലവിലുള്ള അവസ്ഥ എന്താണെന്നു നോക്കാം. ബിവറേജസ് കോര്‍പറേഷന്റെ ഏതു കടയും ഏതു സമയത്തും ഒരു യുദ്ധഭൂമിയാവാം. കഴിഞ്ഞ ഡിസംബറില്‍ മാത്രമായി കേരളത്തില്‍ ഈ കടകളുടെ മുന്നില്‍ നാലു കൊലപാതകങ്ങള്‍ നടന്നു. കോഴിക്കോട്, കൊച്ചി നഗരങ്ങളിലാണ് ഇവ നടന്നത്. മാരകമായ അടിപിടികള്‍ സാധാരണമാണ്. ഈ കടകളുടെ സംവിധാനം അടിമസമ്പ്രദായത്തെ നീതീകരിക്കുന്നതാണ്. ക്യൂ തെറ്റിച്ചാല്‍ അടിയുണ്ടാവും. അതു മരണത്തില്‍ കലാശിക്കുകയും ചെയ്യാം. മനുഷ്യരെ മൃഗീയവല്‍ക്കരിക്കുന്ന പണിയാണിത്. സര്‍ക്കാരിന്റെ മദ്യനയമാണ് ഈ അവസ്ഥ സൃഷ്ടിക്കുന്നത്. ജനങ്ങളെ മൃഗീയവല്‍ക്കരിക്കുന്നതില്‍ക്കൂടി പണം ഉണ്ടാക്കുന്ന വിദ്യ. നമുക്കു കാശുകിട്ടിയാല്‍ മതി. മറ്റൊന്നിനും നമ്മള്‍ ഉത്തരവാദികളല്ല എന്ന സമീപനം. പിന്നെ, വാരാന്‍ പറ്റുന്നതൊക്കെ നമ്മുടെ മന്ത്രിമാര്‍ക്കും ശിങ്കിടികള്‍ക്കും വാരിയെടുക്കുകയും ചെയ്യാമല്ലോ.
മദ്യംമാതിരി തന്നെയോ അതിലും ഗുരുതരമായതോ ആയ മറ്റു പല ഉല്‍പന്നങ്ങളും വിപണിയിലുണ്ട്. പലതും സാധാരണ മരുന്നുകടകളില്‍ കൂടി സുലഭമായി കിട്ടുന്നവയാണ്. കഞ്ചാവു കൃഷി വളരെ കുറഞ്ഞിട്ടുണ്ടെങ്കിലും ചരക്ക് കേരളത്തില്‍ സുലഭമാണ്. കോഴിക്കോട് മയക്കുമരുന്ന് തലസ്ഥാനം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്നുണ്ട്. ഒഡീഷ, ആന്ധ്ര സംസ്ഥാനങ്ങളില്‍നിന്നു വന്‍തോതില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരാന്‍ അവിടങ്ങളില്‍നിന്നു വരുന്ന തൊഴിലാളികളെ ഉപയോഗിക്കുന്നു. ഫരീദാബാദ്, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മെഡിക്കല്‍ ഷോപ്പുകളില്‍ കൂടി വില്‍ക്കുന്ന മയക്കുമരുന്നുകള്‍ കടത്തിക്കൊണ്ടുവരുന്നു. ഇതിന്റെയൊക്കെ ശൃംഖല വിപുലമാണ്. പൂര്‍ണമായും അധോലോക ശൃംഖലയാണിത്. ഇതെല്ലാം നിയമപാലകര്‍ക്ക് നന്നായറിയുന്ന വസ്തുതകളുമാണ്.
ബാറുകള്‍ പൂട്ടിയ സാഹചര്യം ഒരു പുതിയ തൊഴില്‍/വരുമാന മേഖല സൃഷ്ടിച്ചിട്ടുണ്ട്. ബിവറേജസ് കടകളുടെ ഫാഷിസ്റ്റ് സ്വഭാവമാണ് ഈ മേഖലയ്ക്ക് ജന്മംകൊടുത്തത്. ഫോണ്‍ ചെയ്താല്‍ ആവശ്യമുള്ളിടത്ത് മദ്യം എത്തും. കോര്‍പറേഷന്‍ കടകളില്‍ കൊടുക്കുന്ന വിലയെക്കാള്‍ 100-150 രൂപ കുപ്പിക്ക് കൂടുതല്‍ കൊടുക്കണം. സര്‍ക്കാര്‍ കടകളില്‍നിന്നു വാങ്ങി സ്റ്റോക്ക് ചെയ്യുന്ന ചെറുകിട നിയമവിരുദ്ധ കച്ചവടമാണിത്. ഇതുമൂലം സര്‍ക്കാരിന് നഷ്ടം ഉണ്ടാവുന്നില്ല. ഇവര്‍ക്ക് ദിവസ പലിശയ്ക്ക് പണം കടം കിട്ടുന്ന സമ്പ്രദായമുണ്ട്. കോര്‍പറേഷന്‍ കടകള്‍ ഉള്ളത് നഗരങ്ങളിലും പട്ടണങ്ങളിലുമാണല്ലോ. പക്ഷേ, ഉപഭോക്താക്കള്‍ എല്ലായിടത്തുമുണ്ട്. ഗ്രാമങ്ങളില്‍ നിന്നു വന്ന് സ്‌റ്റോക്ക് ചെയ്ത് തിരിച്ചുപോയി ഗ്രാമങ്ങളില്‍ കച്ചവടം നടത്തുന്നത് വളരെ സ്വാഭാവികം. 'വരണ്ട' ദിവസങ്ങളും സമയപരിധിയും ഈ കച്ചവടത്തിന് ബാധകമല്ല. $
Next Story

RELATED STORIES

Share it