മദ്യനയം വീണ്ടും ചര്‍ച്ചയാവുന്നു; സിപിഎമ്മും കോണ്‍ഗ്രസ്സും പരസ്യ ഏറ്റുമുട്ടലിലേക്ക്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മദ്യനയം പ്രചാരണായുധമാക്കാനുറച്ച് മുന്നണികള്‍. ഇതിന്റെ ആദ്യപടിയായി മദ്യനയം സംബന്ധിച്ച് ഇരുമുന്നണികളിലെയും പ്രമുഖ പാര്‍ട്ടികളായ സിപിഎമ്മും കോ ണ്‍ഗ്രസ്സും പരസ്യമായി ഏറ്റുമുട്ടി.
സംസ്ഥാനത്ത് മദ്യനിരോധനം പ്രായോഗികമല്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കി. എന്നാല്‍, തിരഞ്ഞെടുപ്പിനു മുമ്പുതന്നെ മദ്യലോബിയും സിപിഎം നേതൃത്വവുമായുള്ള അവിശുദ്ധബന്ധത്തിന്റെ പരസ്യപ്രകടനമാണ് ഇരുവരുടെയും പ്രതികരണത്തോടെ വ്യക്തമായിരിക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍ ആരോപിച്ചു.
മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നായിരുന്നു പിണറായി വിജയന്റെ അഭിപ്രായം. സിപിഎം ഒരിക്കലും മദ്യത്തെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല. യുഡിഎഫ് ചാരായനിരോധനം കൊണ്ടുവന്നു. എന്നാല്‍, പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ അത് പുനഃസ്ഥാപിച്ചിട്ടില്ല. എല്‍ഡിഎഫ് മദ്യനയം വ്യക്തമാക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യം തള്ളിക്കളയുന്നു. വി എം സുധീരന്റെ നിലപാടുകള്‍ വെറും ജാഡയാണെന്നും പിണറായി തുറന്നടിച്ചു.
സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയ അട്ടപ്പാടിയിലെ സ്ഥിതിയെന്താണെന്നായിരുന്നു കോടിയേരിയുടെ ചോദ്യം. അവിടെ ഇപ്പോഴും ഏതുതരം മദ്യം വേണമെങ്കിലും ലഭിക്കും. കേരളത്തെ മുഴുവന്‍ അട്ടിപ്പാടിപോലെയാക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. എല്‍ഡിഎഫിന്റെ മദ്യനയം തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫിനെ ദുര്‍ബലമാക്കി മദ്യലോബിക്ക് സ്വാധീനമുള്ള ഒരു ഭരണസംവിധാനത്തിന് വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി.
അധികാരത്തിലേറിയാല്‍ അ ടച്ച ബാറുകള്‍ തുറന്നുകൊടുക്കുമെന്ന അനൗദ്യോഗിക ധാരണ അവര്‍ തമ്മിലുണ്ട്. സമൂഹനന്മയെ അംഗീകരിക്കില്ലെന്നും ജനദ്രോഹ നിലപാടുകള്‍ തുടരുമെന്നുമുള്ള സിപിഎം നയത്തിന്റെ പ്രകടമായ ഉദാഹരണമാണിതെന്നും സുധീരന്‍ പറഞ്ഞു. സുധീരന് ജാഡയാണെന്ന പിണറായിയുടെ ആരോപണത്തിന് മറുപടിയായി ആര്, എന്ത്, എങ്ങനെ എന്നെല്ലാം ജനങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടെന്നും അതിന് തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ജനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് മതിയെന്നും സുധീരന്‍ മറുപടി നല്‍കി.
Next Story

RELATED STORIES

Share it