മദ്യനയം തിരുത്തും; എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് പിണറായി

പി പി ഷിയാസ്

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വരുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച മദ്യനയം പൊളിച്ചെഴുതാന്‍ തയ്യാറെടുക്കുന്നു. ഫോര്‍ സ്റ്റാര്‍ വരെയുള്ള ബാറുകള്‍ പൂട്ടിയും ഫൈവ് സ്റ്റാറിന് മാത്രം അനുമതി നല്‍കിയും ബിവറേജ് ഔട്ട്‌ലെറ്റുകള്‍ ഘട്ടംഘട്ടമായി അടച്ചുപൂട്ടിയുമുള്ള യുഡിഎഫ് മദ്യനയം സമ്പൂര്‍ണ പരാജയമാണെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണിത്.
തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമായ മദ്യവര്‍ജനമെന്ന മദ്യനയം നടപ്പാക്കാന്‍ തന്നെയാണ് എല്‍ഡിഎഫിന്റെ തീരുമാനം. സര്‍ക്കാര്‍ അധികാരമേറ്റെടുത്താല്‍ ആദ്യം പരിഗണിക്കേണ്ട വിഷയങ്ങളുടെ പട്ടികയിലാണ് എല്‍ഡിഎഫ് മദ്യനയം ഉള്‍പ്പെടുത്തിയത്.
മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ഇക്കാര്യം വ്യക്തമാക്കി പിണറായി വിജയന്‍ രംഗത്തെത്തി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം മുന്നണി യോഗത്തില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എല്‍ഡിഎഫ് നിലപാട് തുറന്നടിച്ചു. യുഡിഎഫ് മദ്യനയത്തെ വിമര്‍ശിച്ചും ഒരു പൊളിച്ചെഴുത്തിന്റെ കാഹളമൂതിയുമായിരുന്നു കാനത്തിന്റെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ നിലവില്‍വരും. ബാറുകള്‍ പൂട്ടിയെന്ന കള്ളപ്രചാരണത്തിന് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലം.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മദ്യനിരോധനം ഉട്ടോപ്യന്‍ സങ്കല്‍പ്പമാണ്. യുഡിഎഫ് നയത്തിന്റെ തുടര്‍ച്ചയല്ല എല്‍ഡിഎഫിന്റെ മദ്യനയം. ആജീവനാന്ത മദ്യനയം പ്രഖ്യാപിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് എന്താണ് അധികാരം. ലോകത്ത് എവിടെയെങ്കിലും പൂര്‍ണമായി മദ്യനിരോധനം നടപ്പാക്കിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ അതൊന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞുതരണമെന്നും കാനം ആവശ്യപ്പെട്ടു. എന്നാല്‍, യുഡിഎഫിന്റെ മദ്യനയമേകിയ പ്രയോജനത്തില്‍ നിന്നു പിന്നാക്കം പോവുന്നതാവരുത് എല്‍ഡിഎഫ് മദ്യനയമെന്നാണ് കെസിബിസിയുടെ അഭിപ്രായം.
യുഡിഎഫ് മദ്യനയം പൂര്‍ണമായും മദ്യത്തിന്റെ ഉപയോഗം കുറച്ചിട്ടില്ലെങ്കിലും ഒരു പരിധിവരെ നിയന്ത്രണമുണ്ടാക്കിയിട്ടുണ്ടെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി ഇന്‍ചാര്‍ജ് ഫാദര്‍ ടി ജെ ആന്റണി പറഞ്ഞു. മദ്യശാലകളുടെ എണ്ണവും ഉപഭോഗവും കുറയ്ക്കുന്നതാവണം പുതിയ മദ്യനയം. മറിച്ചാണെങ്കില്‍ ശക്തമായ പ്രതിഷേധമുണ്ടാവുന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, എല്‍ഡിഎഫിന്റെ മദ്യനയം തിരഞ്ഞെടുപ്പിനു മുമ്പ് ബാറുടമകളുമായി നടത്തിയ ഗൂഢാലോചനയുടെ ഫലമാണെന്നാണ് യുഡിഎഫ് നിലപാട്. ബാറുടമകള്‍ക്കു നല്‍കിയ വാക്കു പാലിക്കുന്നതിനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
എല്‍ഡിഎഫിന്റെ മദ്യനയത്തെ വിമര്‍ശിച്ച് മുന്‍മന്ത്രി കെ ബാബു രംഗത്തെത്തി. എല്‍ഡിഎഫിന്റെ മദ്യനയം ബാറുകള്‍ തുറക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അവര്‍ക്കുവേണ്ടി പത്രങ്ങളില്‍ പരസ്യം നല്‍കിയത് ബാര്‍ മുതലാളിമാരാണ്. ഇതിലൂടെ ഗൂഢാലോചന വ്യക്തമായെന്നും ബാബു പറഞ്ഞു. വിവാദ മദ്യനയമാണ് യുഡിഎഫിന്റെ ദയനീയ പരാജയത്തിനു കാരണമെന്നാണ് കെ സുധാകരന്റെ അഭിപ്രായം.
Next Story

RELATED STORIES

Share it