Flash News

മദ്യത്തിനെതിരെ അട്ടപ്പാടിയിലെ വീട്ടമ്മമാര്‍ ഇന്നുമുതല്‍ റിലേ നിരാഹാരത്തില്‍

മദ്യത്തിനെതിരെ അട്ടപ്പാടിയിലെ വീട്ടമ്മമാര്‍ ഇന്നുമുതല്‍ റിലേ നിരാഹാരത്തില്‍
X
Aattapadyപാലക്കാട് : കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മദ്യശാലക്കെതിരേ സമരം ചെയ്യുന്ന അട്ടപ്പാടിയിലെ വീട്ടമ്മമാര്‍ ഇന്ന് അനിശ്ചിതകാല റിലേ നിരാഹാരം ആരംഭിക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും നിസംഗമനോഭാവം തുടരുന്നതിനാലാണ് സമരം പുതിയ രൂപത്തിലേക്ക് മാറ്റുന്നതെന്ന് നേതൃത്വം നല്‍കുന്ന തായ്ക്കുലം സംഘം ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരമായില്ലെങ്കില്‍ 21 മുതല്‍ കേരളത്തില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള ആനക്കട്ടി റോഡ് ഉപരോധിക്കും. ലഹരിവസ്തുക്കള്‍ കണ്ടെത്തി നശിപ്പിക്കല്‍, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കല്‍ തുടങ്ങി ശക്തമായ സമരത്തിന് തയ്യാറാവുമെന്നും തായ്ക്കുലം സംഘം മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 17 നാണ് ആദിവാസി വീട്ടമ്മമാര്‍ കേരള അതിര്‍ത്തിയിലെ തമിഴ്‌നാട് സര്‍ക്കാരിന്റെ മദ്യവില്‍പനശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആനക്കട്ടി ജങ്ഷനില്‍ കുടില്‍കെട്ടി രാപകല്‍ സമരം ആരംഭിച്ചത്. ഉശിര് സമരം എന്നുപേരിട്ട പോരാട്ടം 29ന് അവസാനിപ്പിക്കുമെന്നായിരുന്നു നേതൃത്വം നല്‍കുന്ന തായ്ക്കുലം സംഘം ഭാരവാഹികള്‍ ആദ്യം അറിയിച്ചിരുന്നത്. കുടില്‍ കെട്ടിയുള്ള സമരത്തിന് അനുകൂലമായി അധികൃതരോ ജനപ്രതിനിധികളോ നിലപാട് സ്വീകരിക്കാത്തതുമൂലം പിന്നീട് റോഡ് ഉപരോധമുള്‍പ്പെടെയുള്ള രീതി വീട്ടമ്മമാര്‍ സ്വീകരിച്ചു. പിന്നീട് മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ. എന്‍ ഷംസുദ്ദീനും ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ് ബാവയും സ്ഥലത്തെത്തി റോഡ് ഉപരോധത്തില്‍ നിന്ന് വീട്ടമ്മമാരെ പിന്തിരിപ്പിക്കുകയായിരുന്നു.
ആനക്കട്ടി ജങ്ഷനിലെ തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള വിദേശ മദ്യവില്‍പന ശാലകള്‍ അടച്ചുപൂട്ടാന്‍ ശ്രമമാരംഭിച്ചതായും ഇതിനായി കോയമ്പത്തൂര്‍ കലക്ടറുമായി ചര്‍ച്ച നടത്തിയതായും അനുകൂല തീരുമാനമുണ്ടാവുമെന്നും വീട്ടമ്മമാര്‍ പിരിഞ്ഞുപോവണമെന്നും ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി നിര്‍ദേശിച്ചു. എന്നാല്‍ മദ്യശാല ഉടന്‍ അടച്ചുപൂട്ടുമെന്നുള്ള ഉറപ്പ് ജില്ലാ കലക്ടര്‍ രേഖാമൂലം എഴുതി നല്‍കിയാല്‍ സമരമവസാനിപ്പിക്കാമെന്ന നിലപാടില്‍ തന്നെയായിരുന്നു വീട്ടമ്മമാര്‍.
അതേസമയം ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടതായി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it