മദായയിലേക്ക് സഹായസാമഗ്രികളുമായി രണ്ടാമത്തെ സംഘവും പുറപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ സര്‍ക്കാര്‍ സൈന്യം ഉപരോധമേര്‍പ്പെടുത്തിയ മദായയിലേക്ക് സഹായസാമഗ്രികള്‍ വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വാഹനവ്യൂഹവും പുറപ്പെട്ടു.
തലസ്ഥാനമായ ദമസ്‌കസില്‍ നിന്ന് 50 ട്രക്കുകളാണ് അവശ്യസാധനങ്ങളുമായി പുറപ്പെട്ടത്. ലെബനീസ് അതിര്‍ത്തിയിലെ വിമത അധീനപ്രദേശമായ മദായയില്‍ സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയതിനാല്‍ മേഖലയില്‍ കുടുങ്ങിയവര്‍ ഭക്ഷണസാധനങ്ങള്‍ പോലും ലഭിക്കാതെ പട്ടിണിമൂലം മരിച്ചുവീഴുന്ന അവസ്ഥയാണെന്ന് യുഎന്‍ റിപോര്‍ട്ട് ചെയ്തിരുന്നു.
40,000ത്തോളം ജനങ്ങളാണ് മേഖലയില്‍ കുടുങ്ങിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മദായയിലേക്കും വടക്കന്‍ നഗരങ്ങളായ ഫോഹ്, കെഫ്രയ എന്നിവിടങ്ങളിലേക്കും മരുന്നും ഭക്ഷണവും എത്തിച്ചിരുന്നു. അഞ്ചു വര്‍ഷമായി ജനാധിപത്യ പ്രക്ഷോഭം നടക്കുന്ന സിറിയയില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും ദയനീയമായ സ്ഥിതിയാണുള്ളതെന്ന് മേഖല സന്ദര്‍ശിച്ച യുഎന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പുല്ലുകളും മറ്റും ഭക്ഷിച്ചാണ് ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നത്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് സര്‍ക്കാര്‍ സൈന്യവും ലബ്‌നാനില്‍ നിന്നുള്ള ഹിസ്ബുല്ലയും ചേര്‍ന്ന് മേഖല ഉപരോധിച്ചത്.
Next Story

RELATED STORIES

Share it