മഥുര സംഘര്‍ഷം: യുപിയില്‍ രാഷ്ട്രീയ പോര്‌

ലഖ്‌നോ: സര്‍ക്കാര്‍ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനിടെ മഥുരയില്‍ പോലിസും കൈയേറ്റക്കാരും തമ്മില്‍ നടന്ന സംഘട്ടനം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ പോരിനു വഴിവച്ചു. ബിഎസ്പി, ബിജെപി, കോണ്‍ഗ്രസ് കക്ഷികള്‍ സംഭവത്തില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടിയെ രൂക്ഷമായി വിമര്‍ശിച്ചു.സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്  സര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. സമയബന്ധിതമായ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും മായാവതി ആവശ്യപ്പെട്ടു. സംഭവം സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയെയാണു കാണിക്കുന്നതെന്നും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാനത്തെ രഹസ്യാന്വേഷണ സംവിധാനത്തിന്റെ പരാജയമാണ് സംഭവത്തിനു കാരണം. ധാര്‍മികമായ ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നും ബിജെപി വക്താവ് വിജയ് ബഹാദൂര്‍ സിങ് പറഞ്ഞു. സംഭവത്തെ തുടര്‍ന്നുണ്ടായ ഗൗരവതരമായ സ്ഥിതിവിശേഷം തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെ വാല ആവശ്യപ്പെട്ടത്. മരണം രാഷ്ട്രീയ വിഷയമാക്കരുതെന്നും സര്‍ക്കാര്‍ അതിന്റെ കടമ നിറവേറ്റിയിട്ടുണ്ടെന്നും സമാജ്‌വാദി പാര്‍ട്ടി എംപി നരേഷ് അഗര്‍വാള്‍ പറഞ്ഞു. മുംബൈയിലുള്ള ഗവര്‍ണര്‍ രാംനായിക് സംഭവത്തില്‍ വിശദമായ റിപോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.അതേസമയം ഭരണസംവിധാനത്തിനും രഹസ്യാന്വേഷണ വിഭാഗത്തിനും ചില വീഴ്ചകള്‍ പറ്റിയതായി മുഖ്യമന്ത്രി അഖിലേഷ് യാദവ് സമ്മതിച്ചു. പ്രക്ഷോഭകരുടെ കൈയില്‍ ആയുധശേഖരമുണ്ടെന്നു കണ്ടെത്താന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കു സാധിച്ചില്ല. സര്‍ക്കാര്‍ ഭൂമി കൈയേറിയവരുമായി പലതവണ ചര്‍ച്ച നടത്തിയിരുന്നെന്നും അതെല്ലാം വിഫലമായെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story

RELATED STORIES

Share it