മഥുര സംഘര്‍ഷം: മരണം 29 ആയി; കൊല്ലപ്പെട്ടവരില്‍ സമരനേതാവ് രാം വൃക്ഷ യാദവും

മഥുര: ജവഹര്‍ബാഗില്‍ ഭൂമികൈയേറ്റക്കാരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ടുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 29 ആയി. അജ്ഞാതനായ സമരക്കാരന്‍, അഅ്‌സംഗഡ് സ്വദേശി പിനാകോ എന്നിവരാണ് ഗുരുതര പരിക്കേറ്റ് ആഗ്രയിലെ എസ്എന്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് 3,000 പേരെ പ്രതികളാക്കി 45 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സീനിയര്‍ പോലിസ് സൂപ്രണ്ട് രാകേഷ് സിങ് പറഞ്ഞു. മുതിര്‍ന്ന രണ്ടു പോലിസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മരിച്ച കലാപത്തിനു പിന്നിലെ പ്രധാന സൂത്രധാരനെന്നു കരുതുന്ന ആസാദ് ഭാരത് വൈദിക് വൈചാരിക് ക്രാന്തി സത്യഗ്രഹി എന്ന സംഘടനയുടെ നേതാവ് രാം വൃക്ഷ യാദവ് കൊല്ലപ്പെട്ടതായി ഡിജിപി ജാവേദ് അഹ്മദ് സ്ഥിരീകരിച്ചിട്ടുണ്ട്. യാദവിന്റെ അടുത്ത കൂട്ടാളികളെ അന്വേഷിച്ചുവരുകയാണ്. രണ്ടു സ്ത്രീകളടക്കമുള്ള കൈയേറ്റക്കാരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ തിരിച്ചറിയാന്‍ ശ്രമം തുടരുകയാണ്. ബന്ധുക്കള്‍ എത്തിയില്ലെങ്കില്‍ ഇന്നു രാവിലെ 11ന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കും.
ആയുധങ്ങള്‍ കണ്ടെടുക്കാനുള്ള തിരച്ചില്‍ ഇന്നുകൂടി തുടരും. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേകസംഘം രണ്ടാഴ്ചയ്ക്കകം സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അലിഗഡ് ഡിവിഷനല്‍ പോലിസ് കമ്മീഷണര്‍ ചന്ദ്രകാന്ത് പറഞ്ഞു. അക്രമാസക്തരായ സമരക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കാനുള്ള ഉത്തരവ് നല്‍കാന്‍ വൈകി. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മജിസ്‌ട്രേറ്റ് രാജേഷ്‌കുമാര്‍, എസ്എസ്പി രാജേഷ് സിങ് എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഡിവിഷനല്‍ പോലിസ് കമ്മീഷണര്‍ ചര്‍ച്ച നടത്തി.
Next Story

RELATED STORIES

Share it