മഥുര സംഘര്‍ഷം: മരണം 24 ആയി

ഉത്തര്‍പ്രദേശ്: മഥുരയിലെ ജവഹര്‍ബാഗില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ പോലിസും കൈയേറ്റക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 24 ആയി. സിറ്റി പോലിസ് സൂപ്രണ്ട് മുകുള്‍ ദ്വിവേദി, സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സന്തോഷ് യാദവ് എന്നിവരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മരിച്ച മറ്റ് 22 പേരില്‍ സ്ത്രീയും ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ട 22 പേരെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റ 23 പോലിസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്തുനിന്ന് 47 തോക്കുകള്‍, ആറു റൈഫിളുകള്‍, 178 ഗ്രനേഡുകള്‍, 15 കാറുകള്‍, 6 മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 320 പേര്‍ അറസ്റ്റിലായി. ബുധനാഴ്ചയാണു സംഭവം. ബാബാ ജെയ് ഗുരുദേവിന്റെ സംഘത്തില്‍നിന്നു വേര്‍പിരിഞ്ഞ ആസാദ് ഭാരത് വിധിക് വൈചാരിക് ക്രാന്തി സത്യാഗ്രഹി എന്ന സംഘടനയാണു കൈയേറ്റത്തിനും സംഘര്‍ഷത്തിനും പിന്നില്‍.
260 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ 3000ത്തോളം പേരാണു താമസിച്ചുവന്നിരുന്നത്. അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു കൈയേറ്റം ഒഴിപ്പിക്കല്‍. സംഘടനാ നേതാക്കളായ രാം വൃക്ഷ് യാദവ്, ചന്ദന്‍ ബോസ്, ഗിരീഷ് യാദവ്, രാകേഷ് ഗുപ്ത എന്നിവരെ ഉടന്‍ പിടികൂടുമെന്ന് ഡിജിപി പറഞ്ഞു. അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അഖിലേഷ് യാദവ്, കൊല്ലപ്പെട്ട പോലിസുകാരുടെ കുടുംബത്തിന് 20 ലക്ഷം രൂപ പ്രഖ്യാപിച്ചു. യുപി സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് റിപോര്‍ട്ട് തേടി.
Next Story

RELATED STORIES

Share it