Editorial

മഥുരയില്‍ എന്താണ് സംഭവിച്ചത്?

അടുത്ത വര്‍ഷം തിരഞ്ഞെടുപ്പു നടക്കാന്‍ പോവുന്ന ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയുടെ അവസ്ഥയെന്ത് എന്ന് സര്‍വരെയും ബോധ്യപ്പെടുത്തുന്ന സംഭവവികാസങ്ങളാണ് കഴിഞ്ഞദിവസം മഥുരയില്‍ ദര്‍ശിച്ചത്. നഗരമധ്യത്തിലെ പാര്‍ക്കില്‍ താവളമടിച്ച സ്വാധീന്‍ ഭാരത് എന്ന പേരിലുള്ള രഹസ്യസ്വഭാവമുള്ള ഗൂഢസംഘവുമായി പോലിസ് ഏറ്റുമുട്ടിയത് അപ്രതീക്ഷിതമായാണ്. പാര്‍ക്ക് ഒഴിപ്പിക്കണം എന്ന കര്‍ശന നിര്‍ദേശം അലഹബാദ് ഹൈക്കോടതി നല്‍കിയതിനെത്തുടര്‍ന്നാണ് ജില്ലാ പോലിസ് സൂപ്രണ്ടും ഏതാനും ഡസന്‍ പോലിസുകാരും അവിടെ എത്തിയത്. പാര്‍ക്കിന്റെ മതില്‍ ഒരു ഭാഗം പൊളിച്ച് അകത്തേക്കു പ്രവേശിക്കാനായി ഒരു ബുള്‍ഡോസറും പോലിസ് സംഘം കൊണ്ടുപോയിരുന്നു.
പോലിസ് സംഘത്തിനു നേരെ അപ്രതീക്ഷിതമായ കടന്നാക്രമണമാണ് പാര്‍ക്കില്‍നിന്ന് ഉണ്ടായത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ എസ്പി അടക്കമുള്ള ചില ഉന്നതോദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പിന്നീടുണ്ടായ തിരിച്ചടിയും ഏറ്റുമുട്ടലും 29 പേരുടെ മരണത്തിലാണു കലാശിച്ചത്.
നഗരമധ്യത്തില്‍ സര്‍ക്കാര്‍വക പാര്‍ക്കില്‍ ഇത്രയേറെ ആയുധസജ്ജരായ ഒരു സംഘം എങ്ങനെ ഇത്രനാള്‍ അധികൃതശ്രദ്ധയില്‍നിന്ന് അകന്ന് കഴിഞ്ഞുകൂടി എന്ന് വിശദീകരിക്കേണ്ടത് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ്. സ്വാധീന്‍ ഭാരതുമായുണ്ടായ ഏറ്റുമുട്ടലില്‍ പിഴവുകള്‍ പറ്റിയിട്ടുണ്ട് എന്നാണ് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞിരിക്കുന്നത്. എന്നാല്‍, വെറും പിഴവുകളല്ല സംഭവിച്ചത്; ഗുരുതരമായ കൃത്യവിലോപംതന്നെയാണ്.
അധികൃതരുമായി ഏതു നിമിഷവും ഏറ്റുമുട്ടലിനു തയ്യാറായാണ് ഈ സംഘം അവിടെ കഴിഞ്ഞുവന്നത് എന്ന് തീര്‍ച്ചയാണ്. തോക്കുകളും മറ്റ് ആയുധങ്ങളും മാത്രമല്ല, സ്‌ഫോടനമുണ്ടാക്കാനായി ഏതാണ്ട് ആയിരത്തിലധികം ഗ്യാസ് സിലിണ്ടറുകളും അവര്‍ ഉപയോഗിക്കുകയുണ്ടായി.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ആരാധകര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ സംഘത്തിന് യുപി രാഷ്ട്രീയത്തിലെ പ്രമുഖരുടെ പിന്തുണയുണ്ടായിരുന്നുവെന്നു പറയപ്പെടുന്നുണ്ട്. 2014ല്‍ മധ്യപ്രദേശിലെ സാഗര്‍ പ്രദേശത്തുനിന്നാണ് ഈ സംഘം മഥുരയില്‍ എത്തിയത്. ഡല്‍ഹിയിലെ ജന്തര്‍മന്ദറിലേക്കുള്ള യാത്രാമധ്യേ തങ്ങള്‍ക്ക് ഏതാനും ദിവസം പാര്‍ക്കില്‍ തങ്ങാന്‍ അനുവാദം നല്‍കണം എന്നാണ് അന്ന് സംഘത്തലവന്‍ രാം ബ്രിക്ഷ് യാദവ് യുപി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചത്. പക്ഷേ, രണ്ടുദിവസമല്ല, രണ്ടുവര്‍ഷം തന്നെ അവര്‍ അവിടെ കഴിച്ചുകൂട്ടി. മാത്രമല്ല, പാര്‍ക്കിലേക്ക് ആരെങ്കിലും പ്രവേശിക്കുന്നത് തടയാനും അവര്‍ തയ്യാറായി. സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരെപ്പോലും അവര്‍ മര്‍ദ്ദിച്ച് ഓടിക്കുകയായിരുന്നു.
ഇത്തരമൊരു സാഹചര്യം മഥുരയില്‍ രണ്ടു വര്‍ഷമായി നിലനില്‍ക്കുകയാണ് എന്നറിഞ്ഞിട്ടും ഫലപ്രദമായ നടപടികള്‍ ഒന്നും സ്വീകരിക്കാന്‍ യുപി ഭരണകൂടം തയ്യാറായില്ല എന്നാണു മനസ്സിലാക്കേണ്ടത്. എന്തുകൊണ്ട് അത്തരമൊരു പിഴവു വന്നു എന്ന് ഒരുപക്ഷേ ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണങ്ങളില്‍നിന്നു വ്യക്തമായേക്കാം.
പക്ഷേ, ഇത്തരം രഹസ്യാത്മക സംഘങ്ങള്‍ പൊതുസമൂഹത്തിനും ക്രമസമാധാനപാലനത്തിനും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികളും ഭീഷണിയും കാണാതിരുന്നുകൂടാ.
Next Story

RELATED STORIES

Share it