മതേതര രാജ്യത്ത് മതയോഗയല്ല ആവശ്യം

കെ എ മുഹമ്മദ് ഷമീര്‍

ലോകത്തിന്റെ പലഭാഗത്തും കാണുന്ന വ്യായാമമുറകളില്‍പ്പെട്ടതാണ് യോഗ. മറ്റേതൊരു വ്യായാമവുംപോലെയാണത്. അതു മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യുന്ന അസംഖ്യം കലകളില്‍ ഒന്നുമാത്രമാണ്. ആരോഗ്യത്തിന് ഗുണകരമാവുന്നതുകൊണ്ടുതന്നെ മതഭേദമെന്യേ എല്ലാവര്‍ക്കും യോഗ ചെയ്യാവുന്നതാണ്. ഇന്ത്യയെപ്പോലെ ബഹുസ്വരമായ ഒരു ജനാധിപത്യസമൂഹത്തില്‍ പൗരന്‍മാരുടെ മതസ്വാതന്ത്ര്യമെന്ന അടിസ്ഥാന മൗലികാവകാശത്തെ ഹനിക്കാതെ തന്നെ യോഗ പ്രചരിപ്പിക്കാന്‍ കഴിയും. പലതരം യോഗാശാഖകളുണ്ട്. യുഎസില്‍ പ്രചാരണത്തിലുള്ള അയ്യങ്കാര്‍ യോഗ ഒരു ട്രേഡ് മാര്‍ക്കായിട്ടാണ് അതിന്റെ ഉടമസ്ഥര്‍ പ്രചരിപ്പിക്കുന്നത്. അതായത് മറ്റൊരാള്‍ക്കു സമ്മതമില്ലാതെ അയ്യങ്കാര്‍ യോഗാ ക്ലബ്ബുകള്‍ നടത്താന്‍ പറ്റില്ല. ഓരോ യോഗാചാര്യന്മാരും തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്നു വാദിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎന്നില്‍ വച്ച് നടത്തിയ അഭ്യര്‍ഥനയെ തുടര്‍ന്ന് യുഎന്‍ 2014 ഡിസംബര്‍ 11 ആഗോള യോഗാദിനമായി പ്രഖ്യാപിച്ചു. അന്നുമുതല്‍ മതേതര ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി ചിത്രീകരിക്കാനും ലോകത്ത് ഹൈന്ദവ മിത്തുകള്‍ക്ക് വേരുപിടിപ്പിക്കാനുമുള്ള സംഘപരിവാര ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ നികുതിപ്പണം ചെലവഴിക്കുന്നത്. മതേതരമായ ഒരു വ്യായാമരീതിയിലൂടെ ഉത്തരേന്ത്യന്‍ ഹിന്ദുത്വം പ്രചരിപ്പിക്കുക എന്നതാണ് രഹസ്യ അജണ്ട. നരേന്ദ്ര മോദി ജൂണ്‍ 21 യോഗാദിനമായി പ്രഖ്യാപിച്ചപ്പോള്‍ അതിന് അദ്ദേഹം നല്‍കിയ വിശദീകരണം തന്നെ ഹൈന്ദവ മിത്തില്‍ അധിഷ്ഠിതമായിരുന്നു. വടക്കന്‍ അര്‍ധഗോളത്തിലെ ഏറ്റവും നീളം കൂടിയ ദിനമാണ് ജൂണ്‍ 21. അത് ഹൈന്ദവ ആഘോഷമായ ഗുരുപൂര്‍ണിമയുടെ ദിനമാണെന്നും അന്നേ ദിവസമാണ് ഹൈന്ദവ ത്രിമൂര്‍ത്തികളില്‍പ്പെട്ട ശിവന്‍ എന്ന ആദിയോഗി മനുഷ്യകുലത്തിനു യോഗയുടെ പാഠങ്ങള്‍ പകര്‍ന്നുനല്‍കിയതെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
പ്രത്യക്ഷത്തില്‍ അന്താരാഷ്ട്ര യോഗാദിനം നരേന്ദ്ര മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതില്‍ ജനങ്ങളുടെ മാനസിക-ശാരീരിക-ആത്മീയ-ആരോഗ്യ പരിപാലനത്തിന്റെ സന്ദേശമുണ്ട്. എങ്കിലും അതിനു പിന്നില്‍ അതിസൂക്ഷ്മമായി ഹിന്ദുത്വസംസ്‌കാരം ഇന്ത്യയുടെ ഏക സംസ്‌കാരമാക്കി മാറ്റാനുള്ള തന്ത്രമാണുള്ളത്. സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ തുടങ്ങിയ ഒരു പ്രക്രിയയുടെ തുടര്‍ച്ചയാണത്; പലതരം വിശ്വാസങ്ങളും സംസ്‌കാരങ്ങളും ജീവിതരീതികളും ഒരു പ്രത്യേക ജനവിഭാഗത്തിന്റെ വിശ്വാസസംഹിതയില്‍ ചുരുക്കിക്കെട്ടാനുള്ള ശ്രമത്തിന്റെ തുടര്‍ച്ച. ഇന്ത്യന്‍ ദേശീയതയുടെ ബഹുവര്‍ണ-ബഹുസ്വര സ്വഭാവത്തെ അധികാരത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നശിപ്പിക്കുകയാണ് ഈ പ്രയത്‌നങ്ങളുടെ ആത്യന്തിക ലക്ഷ്യം. അതിന്റെ പ്രായോഗിക നടപടിയെന്നോണമാണ് എല്ലാ കോളജുകളിലും സ്‌കൂളുകളിലും ജൂണ്‍ 21 യോഗ അഭ്യസിക്കാന്‍ നിര്‍ദേശം നല്‍കിക്കൊണ്ട് ബിജെപി സര്‍ക്കാര്‍ തന്നെ രൂപീകരിച്ച ആയുഷ് മന്ത്രാലയം ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുള്ളത്. മുസ്‌ലിംകളെ ജോലിക്കെടുക്കരുതെന്ന രഹസ്യ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു വെട്ടിലായ മന്ത്രാലയമാണ് ആയുഷ്. അന്താരാഷ്ട്ര യോഗാദിനത്തില്‍ യോഗയുടെ നടപടിക്രമങ്ങള്‍ തയ്യാറാക്കിയ മന്ത്രാലയം യോഗ തുടങ്ങുമ്പോള്‍ ഋഗ്വേദത്തിലെ സംസ്‌കൃതമന്ത്രങ്ങള്‍ ഉരുവിടാന്‍ നിര്‍ദേശിക്കുന്നു. അതേ ചുവടുപിടിച്ച് സര്‍ക്കുലര്‍ തയ്യാറാക്കിയ സിബിഎസ്ഇ, ആയുഷ് മന്ത്രാലയത്തിന്റെ യോഗാ പ്രോട്ടോകോള്‍ അനുഷ്ഠിക്കാന്‍ ആവശ്യപ്പെടുന്നു.
ഭരണകൂടം യോഗ എല്ലാവരോടും ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടുതന്നെ എതിര്‍ക്കേണ്ടതുമല്ല. പക്ഷേ, അതിന്റെ മറവില്‍ മതേതര രാജ്യമായ ഇന്ത്യയില്‍ ഹിന്ദുത്വ മിത്തുകള്‍ സര്‍ക്കാര്‍ ചെലവില്‍ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇന്ത്യപോലുള്ള ഒരു മതേതര ജനാധിപത്യ ഭരണഘടനയുള്ള രാജ്യത്ത് എല്ലാവിധ ജനങ്ങളുടെയും നികുതിപ്പണംകൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹിന്ദുത്വ മിത്തുകളോ ഗ്രന്ഥങ്ങളോ പ്രചരിപ്പിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തെ സൂത്രവിദ്യകളിലൂടെ മതരാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നവരുടെ നിഗൂഢലക്ഷ്യങ്ങളാണ് യോഗാദിനത്തില്‍ അനാവരണം ചെയ്യപ്പെടുന്നത്. ഓം എന്ന് ഉച്ചരിക്കണമെന്ന വാശിയിലാണ് ആയുഷ്. ഹിന്ദുക്കളില്‍ ഒരുവിഭാഗത്തിന്റെ ഈശ്വരപ്രതീകമാണ് ഓം. ലാഇലാഹ ഇല്ലല്ലാ എന്നോ ഹല്ലേലൂയ എന്നോ ബുദ്ധം ശരണം ഗച്ഛാമി എന്നോ ഉച്ചരിക്കണമെന്നു മതേതര ഭരണകൂടം നിര്‍ദേശിക്കുന്നതിലുള്ള വൈചിത്ര്യം തന്നെയാണ് ഇതിലുള്ളത്. വേദവചനങ്ങള്‍ ഉച്ചരിച്ച് സിബിഎസ്ഇ ആയുഷ് മന്ത്രാലയത്തിന്റെ യോഗാ നടപടികള്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒരു സര്‍ക്കുലര്‍ ബോര്‍ഡിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുത്തത് അതിനാല്‍ തന്നെ ഗര്‍ഹണീയമായ നീക്കമാണ്. പലപ്പോഴും സിബിഎസ്ഇ മാനവശേഷി മന്ത്രാലയത്തിന്റെ കടിഞ്ഞാണ്‍ പിടിക്കുന്നവരുടെ സങ്കുചിത രാഷ്ട്രീയസങ്കല്‍പങ്ങള്‍ പരോക്ഷമായി വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിക്കുന്നതായി കാണുന്നു. കോപ്പിയടി തടയുന്നതിന്റെ ഭാഗമായി ശിരോവസ്ത്രത്തിനു വിലക്കുകല്‍പിച്ചപ്പോള്‍ ബോര്‍ഡിന്റെ നിലപാടുകള്‍ വലിയ വിമര്‍ശനത്തിനു വിധേയമായത് വെറുതെയല്ല. ഇവിടെ സര്‍ക്കാര്‍ വകുപ്പായ ആയുഷ് തങ്ങളുടെ ഔദ്യോഗിക റിലീസുകളില്‍ യോഗയുടെ ചരിത്രമായി പ്രചരിപ്പിക്കുന്നത് ഹൈന്ദവ മിത്തുകളാണ് എന്നത് യോഗ പ്രോട്ടോകോള്‍ വായിച്ചാല്‍ മനസ്സിലാവും. മതങ്ങള്‍ ഉണ്ടാവുന്നതിനുമൊക്കെ മുമ്പ് ഭാരതത്തില്‍ യോഗ അഭ്യസിച്ചിരുന്നു എന്നാണ് ആയുഷ് മന്ത്രാലയം പറയുന്നത്.
യഥാര്‍ഥത്തില്‍ അസംഖ്യം ആയോധന-വ്യായാമ വ്യവസ്ഥകളുള്ള രാജ്യമാണ് ഇന്ത്യ. യോഗ തന്നെ സര്‍വപ്രശ്‌നത്തിനും പരിഹാരമായും ഇന്ത്യയുടെ മുഖ്യ വ്യായാമമുറയായും പ്രചരിപ്പിക്കുന്നതിനു പിന്നിലുള്ള താല്‍പര്യം വളരെ വ്യക്തമാണ്.
ഇന്ത്യ മതേതര ജനാധിപത്യ പരമാധികാര രാഷ്ട്രമെന്നു ഭരണഘടനയുടെ ആമുഖത്തില്‍ വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ മതവിഭാഗങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ മതത്തില്‍ വിശ്വസിക്കാനും അത് അനുഷ്ഠിക്കാനും മതത്തെ പ്രചരിപ്പിക്കാനും മൗലികാവകാശം നല്‍കുന്ന ഒരു രാജ്യത്ത് ഏതെങ്കിലും ഒരു മതത്തിന്റെ സങ്കല്‍പങ്ങളെ മറ്റു മതവിശ്വാസികളോട് അനുഷ്ഠിക്കാന്‍ പറയുന്നത് സംസ്‌കാരരഹിതമായ നടപടിയാണ്. ഇന്ത്യയുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുകയും അനുസരിക്കുകയും ചെയ്യേണ്ട ഭരണകൂടം മതവിശ്വാസത്തെയോ മിത്തുകളെയോ അടിസ്ഥാനപ്പെടുത്തിയുള്ള മതയോഗയല്ല, എല്ലാ വിഭാഗത്തിനും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മതേതര യോഗയാണ് സംഘടിപ്പിക്കേണ്ടത്. അതും ഐച്ഛികമായ രീതിയില്‍. ഭരണഘടനയില്‍ വിശ്വസിക്കുന്ന യഥാര്‍ഥ മതേതര പൗരന്മാര്‍ കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരേ പ്രതിഷേധിച്ചു രംഗത്തുവരേണ്ടത് അനിവാര്യമാണ്.
നരേന്ദ്ര മോദി ഭരണം മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ പാസ്‌പോര്‍ട്ടില്‍ അനേകം വിദേശരാഷ്ട്രങ്ങളുടെ മുദ്രയുണ്ട് എന്നല്ലാതെ മറ്റൊന്നും പറയാനില്ലാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ നാഗ്പൂരില്‍നിന്നു വരുന്ന പ്രചാരകര്‍ ശ്രദ്ധതിരിക്കുന്ന, വൈകാരികതയുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ നോക്കുന്നു. രാജ്യത്തെ സാംസ്‌കാരിക ഹിന്ദുത്വത്തിലേക്ക് കൊണ്ടുപോവാന്‍ ഭരണകൂടം നടത്തുന്ന ശ്രമത്തിനെതിരേ ജനകീയമായ പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ട്. വ്യവസ്ഥാപിതവും എന്നാല്‍, നിഗൂഢവുമായ രീതിയിലൂടെയാണ് ഒരു രാജ്യത്തിന്റെ ജനാധിപത്യവ്യവസ്ഥയെ ഫാഷിസം വിഷമയമാക്കുക.
Next Story

RELATED STORIES

Share it