മതേതരത്വം ശക്തിപ്പെടുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈകോര്‍ക്കണം: ഗോപാല്‍കൃഷ്ണ ഗാന്ധി

തിരൂര്‍: രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാം മറന്നു മതേതരത്വം ശക്തിപ്പെടുത്താന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ കൈകോര്‍ക്കേണ്ടതു കാലഘട്ടത്തിന് അനിവാര്യമാണെന്ന് രാഷ്ട്രപിതാവിന്റെ പൗത്രനും സാഹിത്യകാരനുമായ ഗോപാല്‍കൃഷ്ണ ഗാന്ധി. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ കേന്ദ്രസാഹിത്യ അക്കാദമിയും തുഞ്ചന്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച തുഞ്ചന്‍ ഉല്‍സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ രാജ്യമായ ശ്രീലങ്കയില്‍ എല്ലാ ഭാഷകളെയും ദേശീയഗാനത്തില്‍ ഉള്‍പ്പെടുത്തിയത് മറ്റുള്ള രാജ്യങ്ങള്‍ മാതൃകയാക്കേണ്ടതുണ്ട്. സൗത്താഫ്രിക്കയില്‍ നെല്‍സന്‍മണ്ടേലയും ഇത്തരം നിലപാടാണു സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നമ്മുടെ അയല്‍ക്കാരന്റെ ഭാഷ ഏതാണെന്ന് അറിയാത്ത അവസ്ഥയാണുള്ളത്. എല്ലാ ഭാഷയും മതേതരത്വ സങ്കല്‍പ്പത്തോടൊപ്പം സമീപിക്കുന്ന സംസ്‌കാരം വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
സര്‍ഗാത്മകതയാണു സ്വാതന്ത്ര്യമെന്നും സ്വാതന്ത്ര്യമാണു സര്‍ഗാത്മകതയെന്നും ഗാന്ധി പറഞ്ഞു. വളര്‍ന്നുവരുന്ന സംസ്‌കാരം ഭാഷാവൈവിധ്യത്തിന്റേതാവണം. ഭാഷാബഹിസ്ഫുരണതയാണ് ഇന്ത്യയുടെ ശക്തി- അദ്ദേഹം പറഞ്ഞു. വലിയ ലോകം സ്വപ്‌നംകണ്ട ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യ ജനാധിപത്യ ഇന്ത്യക്ക് അപമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയര്‍മാന്‍ എം ടി വാസുദേവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. അസഹിഷ്ണുതയുടെ നടുവിലൂടെയാണ് നാട് കടന്നുപോവുന്നതെന്ന് എംടി പറഞ്ഞു.
Next Story

RELATED STORIES

Share it