Alappuzha local

മതിയായ പരിശീലനമില്ല; പോളിയോ പ്രതിരോധമരുന്ന് വിതരണ രീതി മാറ്റുന്നത് ആശങ്ക സൃഷ്ടിക്കുന്നു

ഹരിപ്പാട്: മതിയായ പരിശീലനം നല്‍കാതെ പോളിയോ പ്രതിരോധമരുന്ന വിതരണ രീതി മാറ്റുന്നത് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു.
വായില്‍ തുള്ളി മരുന്നൊഴിച്ചു കൊടുത്തിരുന്ന പരമ്പരാഗത രീതി മാറ്റി ഇന്നു മുതല്‍ ജില്ലയില്‍ കുഞ്ഞുങ്ങള്‍ക്ക് കുത്തിവയ്പ്പ് രീതിയിലാണ് പോളിയോ വാക്‌സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ പുതിയ രീതി ആരംഭിക്കുന്നതിനുമുമ്പ് പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമാര്‍ക്കും ആശാ പ്രവര്‍ത്തകര്‍ക്കും വിദഗ്ധരുടെ സാന്നിധ്യത്തില്‍ മതിയായ പരിശീലനം നല്‍കി ആശങ്കകള്‍ ഒഴിവാക്കി പുതിയ രീതി നടപ്പാക്കിയത്.
ഒന്നരമാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ക്കടക്കം പ്രതിരോധ കുത്തിവയ്പ്പ് നടത്തേണ്ട ജീവനക്കാര്‍ ആവശ്യപ്പെട്ടിട്ടു പോലും പരിശീലനം നല്‍കിയിട്ടില്ല. ഇത് മറികടന്നാണ് ജില്ലയില്‍ പുതിയ കുത്തിവയ്പ്പ് സമ്പ്രദായം ആരംഭിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം 25 മുതല്‍ പോളിയോ നിര്‍മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ബൈവാലന്റ് പോളിയോ വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞ ദിവസം കലക്‌ട്രേറ്റില്‍ ചേര്‍ന്ന പോളിയോ പ്രതിരോധ ടാസ്‌ക് ഫോഴ്‌സ് യോഗം തീരുമാനിച്ചിരുന്നു. നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന ട്രൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിന്‍ 24 ഓടെ പിന്‍വലിക്കും. ഇന്ത്യയില്‍ പീടു വൈറസ് മൂലമുള്ള പോളിയോ അണുബാധ റിപോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ലോകാര്യോഗസംഘടനയുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ ട്രൈവാലന്റ് വാക്‌സിന്‍ നല്‍കുന്നത് അവസാനിപ്പിക്കുന്നത്.
ഇപ്പോള്‍ പോളിയോ വാക്‌സിന്‍ നല്‍കിവരുന്ന കുട്ടികള്‍ക്ക് ബൈവാലന്റ് ഓറല്‍ പോളിയോ വാക്‌സിനാണ് നല്‍കുക നവജാത ശിശുക്കള്‍ക്ക് 25 മുതല്‍ ദേശീയ രോഗപ്രതിരോധ ചികില്‍സാ പട്ടിക പ്രകാരം ആറാമത്തെ ആഴ്ചയിലും 14-ാമത്തെ ആഴ്ചയിലും ബൈവാലന്റ് പോളിയോ ഓറല്‍ വാക്‌സിനൊപ്പം നിര്‍ജ്ജീവ പോളിയോ വാക്‌സിന്‍ കുത്തിവയ്പ്പ് രൂപത്തിലും നല്‍കും.
ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ഡി വസന്തദാസ്, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ഡോ. സന്തോഷ് രാഘവന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. രാജേന്ദ്ര കുമാര്‍, ഡോ. മുരളീദരന്‍ , ഡോ. എല്‍ മനോജ്, ഡോ. സംഗീത ജോസഫ്, ഡോ. മോഹന്‍ ദാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it