മതസൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് എല്ലാവരുടെയും കര്‍ത്തവ്യം: സ്വാമി ഋതംഭരാനന്ദ

കൊച്ചി: എംഇഎസ് സംസ്ഥാനസമിതി സംഘടിപ്പിച്ച മതേതരത്വ സംരക്ഷണ മാസാചരണം സമാപിച്ചു. എറണാകുളം ടൗണ്‍ഹാളില്‍ നടന്ന സമാപനസമ്മേളനം ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ ഉദ്ഘാടനം ചെയ്തു.
മതസൗഹാര്‍ദ്ദം നിലനിര്‍ത്തുക എന്നത് എല്ലാ മതവിശ്വാസികളുടെയും കര്‍ത്തവ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഇതര മതസ്ഥര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ യഥാര്‍ഥ മതവിശ്വാസിക്ക് ഒരിക്കലും കഴിയില്ല. മതേതര ഇന്ത്യയെ മുറുകെപിടിക്കാന്‍ ഓരോ ഭാരതീയനും ഉത്തരവാദിത്തമുണ്ട്. മതസൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ഋതംഭരാനന്ദ പറഞ്ഞു.
വര്‍ഗീയവാദികള്‍ക്ക് വോട്ടു ചെയ്യരുതെന്നും അവരെ ഒറ്റപ്പെടുത്തണമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു. രാഷ്ട്രീയത്തിലും സമുദായങ്ങളിലും മാത്രമാണ് വര്‍ഗീയതയുള്ളത്. ദൈനംദിന ജീവിതത്തിന്റെ മറ്റു മേഖലകളിലൊന്നും വര്‍ഗീയതയില്ല. വര്‍ഗീയ പാര്‍ട്ടികള്‍ക്ക് കേരളത്തില്‍ അഞ്ച് ശതമാനം വോട്ടു പോലും ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനറല്‍ സെക്രട്ടറി പ്രഫ. പി ഒ ജെ ലബ്ബ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. എം കെ സാനു, ജസ്റ്റിസ് കെ സുകുമാരന്‍, ഡോ സി കെ രാമചന്ദ്രന്‍, പ്രഫ ആന്റണി ഐസക്, അഡ്വ ടി പി എം ഇബ്രാഹീംഖാന്‍ എന്നിവരെ മതേതര അവാര്‍ഡ് നല്‍കി ആദരിച്ചു. കെ കെ അബൂബക്കര്‍, എ എം അബൂബക്കര്‍, എം അലി, എം അബ്ദുല്‍ ഹമീദ്, കെ എം ഷംസുദ്ദീന്‍, കെ ജെയ്‌നി, നവാസ് അബ്ദുല്ല, ലിയാഖത്തലി ഖാന്‍, സെയ്തുമുഹമ്മദ്, കെ എം അബ്ബാസ്, എ യു ഹംസക്കോയ, കെ എ അബ്ദുല്‍ ജബ്ബാര്‍, കെ എം ഖാലിദ്, ടി എം സക്കീര്‍ ഹുസൈന്‍, എം എം അഷ്‌റഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it