മതസൗഹാര്‍ദം: കേരളം മാതൃക- രാഷ്ട്രപതി

തൃശൂര്‍: കേരളത്തിന്റെ സഹിഷ്ണുതയും സാര്‍വലൗകികതയും രാജ്യത്തിനു മാതൃകയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കൊടുങ്ങല്ലൂര്‍ മുസിരിസ് പൈതൃകപദ്ധതിയുടെ ഒന്നാംഘട്ടം സമര്‍പ്പിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പാരമ്പര്യത്തെയും മതവിശ്വാസത്തെയും സ്വാഗതം ചെയ്യുന്ന നാടാണ് കേരളം. കേരളത്തില്‍ സൗഹാര്‍ദത്തോടെ വസിക്കാനുള്ള സാധ്യത രാജ്യത്തേക്കു കടന്നുവന്ന വിവിധ മതങ്ങളും സംസ്‌കാരങ്ങളും പകര്‍ന്നുനല്‍കിയിട്ടുണ്ട്. അവയെല്ലാം കേരളജനത നിലനിര്‍ത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. പരസ്പരം ഉള്‍ക്കൊള്ളുകയും ആദരിക്കുകയും ചെയ്യുമ്പോഴും അഭിപ്രായവ്യത്യാസങ്ങളെ ബഹുമാനിക്കാനും ഭാരതീയമൂല്യങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. ഈ മഹദ്തത്ത്വത്തെ ഉച്ചത്തില്‍ പ്രഘോഷിക്കുന്ന മുസിരിസിന്റെ സാംസ്‌കാരിക പൈതൃകം ശരിയായവിധത്തില്‍ തലമുറകളിലേക്ക് കൈമാറുന്നതിന് പുതിയ പദ്ധതി സഹായകമാവും.
രാജ്യത്തെ സാംസ്‌കാരികമായും സാമ്പത്തികമായും മുന്നിലെത്തിക്കുന്നതില്‍ മുസിരിസ് പോലുള്ള തുറമുഖ പട്ടണങ്ങള്‍ നിര്‍ണായക പങ്കാണു വഹിച്ചത്. സുഗന്ധവ്യഞ്ജന വസ്തുക്കള്‍ക്ക് ലോകമെങ്ങും ഖ്യാതിനേടിയിരുന്ന മുസിരിസ് വിവിധ സംസ്‌കാരങ്ങളെയും മതങ്ങളെയും വിശ്വാസങ്ങളെയും ഇന്ത്യയുമായി ഇണക്കിയിരുന്ന ശക്തമായൊരു കണ്ണിയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഏറ്റവും പ്രാചീനമെന്നു കരുതുന്ന ചേരമാന്‍ പള്ളിയുടെയും ജൂത സിനഗോഗുകളുടെയും ഭഗവതിക്ഷേത്രത്തിന്റെയും പാരമ്പര്യമുള്‍ക്കൊള്ളുന്ന മുസിരിസ് പട്ടണം തന്നെയാണ് ക്രിസ്തുമതത്തിനും ഇന്ത്യയിലേക്ക് വഴിതുറന്നുകൊടുത്തത് എന്നതും ഈ പ്രദേശത്തിന്റെ സാംസ്‌കാരികസമ്പന്നത വിളിച്ചോതുന്നു.
ഈ സവിശേഷമായ സാംസ്‌കാരിക പാരമ്പര്യത്തെ ജനങ്ങളിലേക്കെത്തിക്കുന്നതിന് ഉതകുന്നതായിരിക്കും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ഈ പദ്ധതിയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പൈതൃകപദ്ധതിയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും രാഷ്ട്രപതി നിര്‍വഹിച്ചു. ഗവര്‍ണര്‍ പി സദാശിവം അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി എ പി അനില്‍കുമാര്‍, എംഎല്‍എമാരായ ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, പ്രഫ. കെ വി തോമസ് എംപി സംബന്ധിച്ചു. മുസിരിസ് ഇതിവൃത്തമാക്കി തപാല്‍ വകുപ്പ് പുറത്തിറക്കിയ സ്റ്റാമ്പിന്റെ പ്രകാശനവും നടന്നു. മന്ത്രി അനില്‍കുമാറിന് ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എ ആര്‍ നന്ദ സ്റ്റാമ്പ് കൈമാറി.
Next Story

RELATED STORIES

Share it