മതസ്വാതന്ത്ര്യം ഭരണഘടനാവകാശം: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഇന്ത്യ ഒരു ഹിന്ദു രാജ്യമോ മുസ്‌ലിം രാജ്യമോ അല്ലായെന്നും മഹത്തായ സാംസ്‌കാരിക പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മതേതര രാജ്യമാണെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ. റെസിഡന്‍സ് അപെക്‌സ് കൗണ്‍സില്‍ എറണാകുളം(റെയ്‌സ്) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മതമൈത്രി സംഗമത്തിലും സമൂഹ നോമ്പുതുറയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ജനപക്ഷ വിഭാഗത്തിന് ഇന്നും സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. കേസുകളുടെ തീര്‍പ്പ് കല്‍പ്പിക്കുന്ന ഉന്നത നീതിപീഠങ്ങള്‍പോലും ഇന്ന് ജനങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസാരിച്ചുകൊണ്ടിരിക്കുന്നു. ജനപ്രാതിനിധ്യ സ്വഭാവമനുസരിച്ച് ജനങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി സാധാരണക്കാര്‍ നീതിപീഠങ്ങളെ സമീപിക്കുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. തുറന്ന അഭിപ്രായപ്രകടനം നടത്തുന്നവരെ അധിക്ഷേപിക്കാന്‍ ശ്രമിക്കാതെ അവരെക്കൂടി ഉള്‍ക്കൊള്ളാനുള്ള മാനസികാവസ്ഥ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്‌ലാം മതം നിര്‍ബന്ധമാക്കിയിട്ടുള്ള സക്കാത്ത് ആരുടേയും ഔദാര്യമല്ല. അത് പാവപ്പെട്ടവരുടെ അവകാശമാണ്. ഓരോ മുസല്‍മാനും യഥാര്‍ഥ സാമ്പത്തിക കണക്ക് വിലയിരുത്തി ദാനധര്‍മം ചെയ്താല്‍ ലോകത്തെ പട്ടിണി പൂര്‍ണമായി മാറ്റുവാന്‍ സാധിക്കും. സ്‌നേഹവും സാഹോദര്യവും നല്‍കുന്ന സന്ദേശം ഐക്യം നിലനിര്‍ത്തുന്നതിന് സഹായകരമാവുന്നുവെന്നും കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് ടി എച്ച് ബദറുദ്ദീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈബി ഈഡന്‍ എംഎല്‍എ, പി ടി തോമസ് എംഎല്‍എ, ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാ. സാബു നെടുനിലത്ത്, മസ്ജിദുല്‍ മുജാഹിദീന്‍ ഖത്തീബ് സുബൈര്‍ പീടിയേക്കല്‍, തിരുവനന്തപുരം ശാന്തിഗിരി ആശ്രമം സെക്രട്ടറി പി ജി രമണന്‍, റാക് പ്രസിഡന്റ് ഹാഷിം പറക്കാടന്‍, റെയ്‌സ് ജനറല്‍ സെക്രട്ടറി കെ എം ഹുസൈന്‍, കെ കെ അബ്ദുല്‍ നാസര്‍, വി എസ് സോമനാഥന്‍, ടി എം വര്‍ഗീസ്, പി എ അന്‍വര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it