Readers edit

മതരംഗത്തെ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കാന്‍

മതരംഗത്തെ ധൂര്‍ത്തുകള്‍ അവസാനിപ്പിക്കാന്‍
X
slug-enikku-thonnunnathuടി പി മുസ്തഫ, പൈലിപ്പുറം

എല്ലാ മതവിഭാഗങ്ങള്‍ക്കിടയിലും മതരംഗത്തുള്ള ധൂര്‍ത്ത് നിലനില്‍ക്കുന്നതായി കാണാന്‍ കഴിയും. സൃഷ്ടികര്‍ത്താവിന്റെ ഭവനമായാണ് മുസ്‌ലിംകള്‍ പള്ളി പണിയുന്നത്. ഇന്ന് ഏറ്റവുമധികം സമ്പാദ്യം ചെലവിടുന്നത് പള്ളി, മദ്‌റസ പോലുള്ള കെട്ടിടനിര്‍മാണരംഗത്താണ്. പള്ളികളില്‍ എസിയും പരവതാനിയും നിര്‍ബന്ധം. മുമ്പുകാലത്ത് ബാങ്കുവിളി ദൂരെ കേള്‍ക്കാന്‍ വേണ്ടിയായിരുന്നു മിനാരങ്ങള്‍ കെട്ടിയുയര്‍ത്തിയിരുന്നത്. ഇന്നതു പൊങ്ങച്ചത്തിന്റെ അലങ്കാരമാണ്.
സ്രഷ്ടാവ് ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് മതരംഗത്ത് സമ്പാദ്യം ചെലവഴിക്കുന്നതുതന്നെ. മതവുമായി ബന്ധപ്പെട്ട് കെട്ടിടനിര്‍മാണത്തിനു മാത്രം നാം സമ്പാദ്യം ചെലവഴിക്കുന്നതു ശരിയാണോ? ഒരു നേരത്തെ വിശപ്പടക്കാന്‍ പാടുപെടുന്ന മനുഷ്യരുള്ള ലോകത്ത് മണിമന്ദിരങ്ങളായി പള്ളിയും മറ്റ് അനുബന്ധ സ്ഥാപനങ്ങളും പണിയേണ്ടതുണ്ടോ? പ്രദേശവാസികളെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ ആവശ്യത്തിനു വലുപ്പവും വിസ്തൃതിയുമൊക്കെയുള്ള കെട്ടിടങ്ങള്‍ തന്നെ പണിയാം. ഭാവിയിലേക്കുകൂടി കരുതി വലുപ്പവും വിസ്തൃതിയുമൊക്കെ കൂടുതലാക്കാം. എന്നാല്‍, അതിനപ്പുറമുള്ള മോടിപിടിപ്പിക്കലാണ് പ്രശ്‌നമാവുന്നത്. ആവശ്യത്തേക്കാള്‍ ഏതാണ്ട് 25 ശതമാനത്തിലധികം തുക മോടിപിടിപ്പിക്കലിനായി ചെലവഴിക്കുന്നു. നിലമൊരുക്കാന്‍ മാര്‍ബിളും ഗ്രാനൈറ്റും വില കൂടിയ ടൈലുമൊക്കെയാണിപ്പോള്‍. അംഗശുദ്ധി വരുത്തുന്നതിനു സൗകര്യങ്ങള്‍ ഒരുക്കുന്നതിലും വൃഥാചെലവു കാണുന്നു.
ഹിന്ദുമതവിശ്വാസികള്‍ക്കിടയിലും ഇങ്ങനെ മതരംഗത്തുള്ള ധൂര്‍ത്ത് കാണുന്നു. കേരള സംസ്ഥാനത്തിന്റെ പേരില്‍ പോലും പ്രതിപാദിച്ചിട്ടുള്ള ഒരു പ്രധാന കാര്‍ഷിക വിളയാണ് നാളികേരം (തേങ്ങ). കേരളത്തിലെ കാര്‍ഷിക മേഖലയിലെ എക്കാലത്തെയും മുഖ്യ വിളകളിലൊന്നാണ് നാളികേരം. ഒരു ഗ്രാമത്തിലേക്ക് ഒന്നോ രണ്ടോ മാസമെങ്കിലും ഉപയോഗിക്കാവുന്നത്ര നാളികേരം കൂമ്പാരമാക്കി അയ്യപ്പസ്വാമിയുടെ തിരുസന്നിധിയില്‍ വച്ചു കത്തിച്ചുകളയുന്ന ദൃശ്യങ്ങള്‍ ശബരിമല സീസണുകളില്‍ പല ടെലിവിഷന്‍ ചാനലുകളിലും കാണാറുണ്ട്.
ക്ഷേത്രോല്‍സവങ്ങളിലും പെരുമ പ്രകടിപ്പിക്കാനായി ഒരുപാട് അനാവശ്യ ചെലവുകള്‍ കാണാവുന്നതാണ്. പ്രധാനമായും അലങ്കാരപ്പണികള്‍ക്കും ഘോഷയാത്രകള്‍ക്കുമായി പണം ചെലവഴിക്കുന്നു. മഹോല്‍സവങ്ങളില്‍ ലക്ഷക്കണക്കിനു രൂപയാണ് വെടിക്കെട്ടിനും ആനയ്ക്കും അമ്പാരിക്കും ചെലവഴിക്കുന്നത്. ക്ഷേത്രങ്ങള്‍ അലങ്കരിക്കുന്നതിലും ഹിന്ദുമതവിശ്വാസികള്‍ ഒട്ടും പിറകിലല്ല.
ക്രൈസ്തവരും മതപരമായ ചടങ്ങുകള്‍ക്കായി കണ്ടമാനം പണം ചെലവഴിക്കുന്നു. ചര്‍ച്ചുകള്‍ അമിതമായ ആഡംബരത്തിന്റെ പ്രതീകങ്ങളാണെന്നുതന്നെ പറയാം. യേശുക്രിസ്തു തന്നെ വിലക്കിയതാണത്. പള്ളിപ്പെരുന്നാളുകള്‍ക്ക് ഭക്തന്‍മാര്‍ കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നു. ഭക്തിയുടെ തെറ്റായ പ്രകടനമാണ് പലപ്പോഴും നടക്കുന്നത്. എല്ലാ മതങ്ങളിലുമുള്ള ആയിരക്കണക്കിനു കുടുംബങ്ങള്‍ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുമ്പോഴാണ് ഇതൊക്കെ നടക്കുന്നത്.
കേരളത്തിലെ സാമൂഹികരംഗം നിരീക്ഷിച്ചാല്‍ വിവിധ മതസമൂഹങ്ങള്‍ തങ്ങളുടെ പ്രതാപം പ്രകടിപ്പിക്കാനായി വലിയതോതില്‍ പാഴ്‌ച്ചെലവ് വരുത്തിവയ്ക്കുന്നതായി കാണാന്‍ കഴിയും. ധൂര്‍ത്ത് പലപ്പോഴും അഴിമതിക്കും കാരണമായിത്തീരുന്നുണ്ട്. പല മതസ്ഥാപനങ്ങളിലും നടത്തിപ്പുകാര്‍ തമ്മിലും നടത്തിപ്പുകാരും പൊതുസമൂഹവും തമ്മിലും അലോസരങ്ങള്‍ ഉണ്ടാവുന്നതിനും ഇത്തരം സാഹചര്യങ്ങള്‍ കാരണമാവാറുണ്ട്. അതിനാല്‍ മിതമായും ഉത്തരവാദിത്തപൂര്‍ണമായും മതപരമായ കാര്യങ്ങളില്‍ പണം ചെലവഴിക്കുന്നതാണ് ഭക്തജനങ്ങള്‍ക്കും പൊതുസമൂഹത്തിനും ഒരേപോലെ അഭികാമ്യമായിരിക്കുക.
Next Story

RELATED STORIES

Share it