'മതന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും'

തിരുവനന്തപുരം: മതന്യൂനപക്ഷ വിഭാഗങ്ങളുടെ ആവശ്യങ്ങളോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഓഫിസില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ കേരള ഖത്തീബ്‌സ് ആന്റ് ഖാസി ഫോറം ഭാരവാഹികള്‍ക്കാണ് അദ്ദേഹം ഈ ഉറപ്പു നല്‍കിയത്.
നിരപരാധികളെ വേട്ടയാടുന്നതിന് വ്യാപകമായി ദുരുപയോഗപ്പെടുത്തപ്പെടുന്ന യുഎപിഎ എന്ന കരിനിയമം സംസ്ഥാനത്ത് നടപ്പാക്കാതിരിക്കുക, അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തില്‍ വിദഗ്ധ ചികില്‍സ ലഭ്യമാക്കുന്നതിന് ഇടപെടുക, അറബിക് സര്‍വകലാശാല സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുക, സാമുദായികസൗഹാര്‍ദം തകര്‍ക്കാനും വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനും ശ്രമിക്കുന്ന ദുഷ്ടശക്തികള്‍ക്കെതിരേ മുഖംനോക്കാതെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിവേദനം നല്‍കിയത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മദ്യവര്‍ജന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ വിവിധ മതവിഭാഗങ്ങളിലെ ആത്മീയനേതാക്കളെയും കൂടി സഹകരിപ്പിച്ച് ക്രമീകരിക്കണമെന്ന നിര്‍ദേശവും ഫോറം മുന്നോട്ടുവച്ചിട്ടുണ്ട്. ഖാസി ഫോറം സംസ്ഥാന പ്രസിഡന്റ് പാനിപ്ര ഇബ്രാഹീം മൗലവി, ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസലിം മൗലവി, കുറ്റിച്ചല്‍ എ ഹസന്‍ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂര്‍, ഹാഫിസ് സുലൈമാന്‍ മൗലവി തൊളിക്കോട്, സയ്യദ് പൂക്കോയ തങ്ങള്‍ എന്നിവരാണ് നിവേദനം നല്‍കിയത്.
Next Story

RELATED STORIES

Share it