kasaragod local

മതനിരപേക്ഷത സംരക്ഷിക്കാന്‍ എല്‍ഡിഎഫ് പ്രതിജ്ഞാബദ്ധം: പിണറായി വിജയന്‍

കാഞ്ഞങ്ങാട്: രാജ്യത്തെ മതനിരപേക്ഷത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കൂടുതല്‍ ജനവിഭാഗങ്ങള്‍ എല്‍ഡിഎഫിനോട് സഹകരിക്കുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. കാഞ്ഞങ്ങാട് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ഗൂഡനീക്കം നടത്തുന്ന എല്ലാവരെയും ഇല്ലാതാക്കുന്ന തിരഞ്ഞെടുപ്പാകും ഇത്. ഇടതുപക്ഷത്തോട് അകല്‍ച്ച പാലിച്ച പലരും ഇടതുപക്ഷം ദുര്‍ബലമാകരുതെന്ന ചിന്തയോടെ അടുത്തവരുന്നുണ്ട്. ഇത്തരം മാനസികാവസ്ഥയെ നാടാകെ പിന്തുണക്കുന്നുണ്ട്. നാരായണ ഗുരു അടക്കം തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കേരളത്തില്‍ ശക്തമായ ഇടതുപക്ഷ മനസ് രൂപപ്പെട്ടത്. അതിനെ തകര്‍ക്കാനുള്ള ഗുഡനീക്കമാണ് ഉമ്മന്‍ചാണ്ടി, ആര്‍എസ്എസ്, വെള്ളാപ്പള്ളി കൂട്ടുക്കെട്ട് ശ്രമിക്കുന്നത്.
വെള്ളാപ്പള്ളി ആര്‍എസ്എസ് കൂട്ടുകെട്ടിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നത് പരസ്യമായ കാര്യമാണ്. വെള്ളാപ്പള്ളിയേയും നിയമോപദേശകന്‍ രാജന്‍ബാബുവിനേയും യുഡിഎഫ് യോഗത്തില്‍ അപലപിക്കാന്‍ തയ്യാറാവാത്തത് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധം കൊണ്ടാണ്.
സംവരണം, ജാതി തുടങ്ങിയ കാര്യങ്ങളിലൊന്നും ശ്രീനാരായണീയര്‍ക്ക് ആര്‍എസ്എസിനോട് യോജിക്കാനാവില്ല. സംവരണത്തിന് അര്‍ഹതയുള്ളവരെ സംവരണവിരുദ്ധരുടെ മടയില്‍ കൊണ്ടിരുത്തുകയാണ് വെള്ളാപ്പള്ളി. സംവരണത്തിനെതിരേ കലാപത്തിന് നേതൃത്വം കൊടുത്തവരാണ് ആര്‍എസ്എസ്. സംവരണ നയം തിരുത്തണമെന്ന് ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭാഗവതും വൈദ്യയും ഈ അടുത്തകാലം വരെ പറഞ്ഞിരുന്നു. ഇത്തരം പിന്നോക്ക വിരുദ്ധ മനോഭാവമുള്ള ആര്‍എസ്എസ് അജണ്ടയൊന്നും കേരളത്തില്‍ നടപ്പാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സി കെ ബാബുരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. പി അപ്പുക്കുട്ടന്‍, എ കെ നാരായണന്‍, പി കരുണാകരന്‍ എംപി, ഇ ചന്ദ്രശേഖരന്‍ എംഎല്‍എ, അഡ്വ. സി വി ദാമോദരന്‍, ജ്യോതി ബാസു, മാട്ടുമ്മല്‍ ഹസന്‍, വി വി രമേശന്‍, പി നാരായണന്‍, സി യൂസഫ് ഹാജി, പി പി രാജു, അസീസ് കടപ്പുറം, എം വി ബാലകൃഷ്ണന്‍, ഡി വി അമ്പാടി സംബന്ധിച്ചു.
Next Story

RELATED STORIES

Share it