മണ്‍സൂണ്‍ മുന്നൊരുക്കം: മുംൈബയില്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയില്ല

മുംബൈ: മണ്‍സൂണിന് മുമ്പുള്ള തയ്യാറെടുപ്പുകള്‍ സമയത്തിന് പൂര്‍ത്തിയാക്കുമെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അവധി മുംബൈ മുനിസിപ്പല്‍ കമ്മീഷണര്‍ അജോയ്‌മേത്ത റദ്ദാക്കി. പ്രതിവാര അവധിയടക്കമുള്ളവ റദ്ദാക്കിയിട്ടുണ്ട്. ഇത്തവണ മണ്‍സൂണ്‍ നേരത്തേ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ബ്രിഹാന്‍ മുംബൈ മുനിസിപ്പാലിറ്റി (ബിഎംസി)യിലെ ഓടകള്‍ വൃത്തിയാക്കുന്ന പ്രവൃത്തിയിലും മറ്റും കമ്മീഷണര്‍ തൃപ്തനല്ല.
അതുകൊണ്ടാണ് ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍ എന്നിവര്‍ അടക്കമുള്ള ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കിയത്. ഇനി ഒരുത്തരവുണ്ടാകുന്നതുവരെ അവധി അനുവദിക്കുന്നതല്ലെന്ന് അധികൃതര്‍ പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അവധി അനുവദിക്കേണ്ട എന്നു തീരുമാനിച്ചത്. കനത്ത മഴ മൂലം നഗരം വെള്ളത്തിനടിയിലാവുന്നതു തടയാന്‍ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്.
ഓടകള്‍ വൃത്തിയാക്കല്‍ അതിന്റെ പ്രധാന ഭാഗമാണ്. ഇത്തവണ മാര്‍ച്ച് 18നു മുന്നൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. മഴ നേരിടാനുള്ള മുന്നൊരുക്കങ്ങളില്‍ വ്യാപൃതരാവാന്‍ കമ്മീഷണര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. മുന്നൊരുക്കങ്ങള്‍ നടക്കുന്നിടങ്ങളില്‍ ഈ മാസം 26 മുതല്‍ കമ്മീഷണര്‍ മിന്നല്‍ സന്ദര്‍ശനം നടത്തും. 31നകം പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. മുംബൈയില്‍ പ്രധാന ഓടകള്‍ ആകെ 252 കിലോമീറ്റര്‍ നീളം വരും. അപ്രധാന ഓടകള്‍ 420 കിലോമീറ്ററും വരും.
Next Story

RELATED STORIES

Share it