palakkad local

മണ്ണ്, ജല സംരക്ഷണത്തിന് ജില്ലയില്‍ വിപുല പദ്ധതികള്‍

പാലക്കാട്: കടുത്തവേനല്‍ ചൂട് താങ്ങാനാവില്ലെന്ന തിരിച്ചറിവില്‍ മണ്ണ്, ജലസംരക്ഷണത്തിന് ജില്ലയില്‍ വിപുല പദ്ധതികള്‍ നടപ്പാക്കുന്നു. എട്ട് നിയോജകമണ്ഡലങ്ങളിലായി 22 പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തി ല്‍ പദ്ധതി നടപ്പാക്കുന്നത്. ജലസമൃദ്ധിയിലൂടെ ഭക്ഷ്യസുരക്ഷഎന്നതാണ് പദ്ധതിയുടെ പേര്.
കുളങ്ങളും കിണറുകളും നവീകരിക്കുന്നതിലൂടെ മണ്ണ് സംരക്ഷണവും ലക്ഷ്യമിടുന്നതാണ് പദ്ധതി. ജില്ലയില്‍ 272 കുളങ്ങള്‍ നന്നാക്കാനുള്ള എസ്റ്റിമേറ്റ് സര്‍ക്കാരിന് നല്‍കി. ഇതില്‍ ആദ്യഘട്ടമെന്ന നിലയില്‍ 56 കുളങ്ങള്‍ നന്നാക്കാന്‍ അനുമതി ലഭിച്ചു. 15.67കോടി രൂപയാണ് ഇതിനായി വിനിയോഗിക്കുന്നത്. വിവിധ പഞ്ചായത്തുകളിലായി 27 കുളങ്ങളുടെ നവീകരണം പൂര്‍ത്തിയായി. 39 കുളങ്ങളുടെ നവീകരണത്തിന് ഗുണഭോക്ത ൃകമ്മിറ്റി രൂപീകരിച്ചു.
ചിറ്റൂര്‍ ബ്‌ളോക്കില്‍ 12, പാലക്കാട് എട്ട്, കൊല്ലങ്കോട് നാല്, മലമ്പുഴയില്‍ ഒമ്പത്, കുഴല്‍മന്ദത്ത് 12, മണ്ണാര്‍ക്കാട് 11 എന്നിങ്ങനെയാണ് കുളങ്ങള്‍ നവീകരിക്കുന്നത്. തച്ചമ്പാറ പഞ്ചായത്തില്‍ കിരാതമൂര്‍ത്തി അമ്പലക്കുളം (പുത്തന്‍കുളം) 26,24000 രൂപ ചെലവാക്കി നവീകരണം പ്രവര്‍ത്തനം തുടങ്ങി. ഇതിലൂടെ മഴക്കാലത്ത് ഒഴുകിയെത്തുന്ന 30 ലക്ഷംലിറ്റര്‍ വെള്ളം സംഭരിക്കാനാകും. മാത്രമല്ല, 50 ഏക്കര്‍ കൃഷിക്ക് ജലസേചനം നടത്താനും കഴിയും. മല്‍സ്യകൃഷി ചെയ്യാനും കഴിയും. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും മണ്ണ് സംരക്ഷണ ഓഫിസര്‍ കണ്‍വീനറുമായുള്ള ഗുണഭോക്തൃകമ്മിറ്റിയാണ് കുളങ്ങളുടെ നവീകരണപ്രവൃത്തി നടത്തുന്നത്. 95 ശതമാനംതുക സര്‍ക്കാരും അഞ്ചുശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്.
14,800 പൊതുകുളങ്ങളും 35, 000ത്തോളം സ്വകാര്യകുളങ്ങളുമടക്കം 50,000ത്തിലധികം കുളങ്ങളും കിണറുകളുമായി ജലസ്രോതസ്സുകളും ജലസംഭരണികളും ജില്ലയിലുണ്ടെന്നാണ് ജലസേചനവകുപ്പിന്റെ കണക്ക്. നെല്‍പ്പാടങ്ങള്‍ നികത്തുന്നതിന്റെ ഭാഗമായി ക്രമാതീതമായി കുളങ്ങളും കിണറുകളും നികത്തുകയാണ്. ഗുരുതര സ്ഥിതിവിശേഷമാണ് ഇതിലൂടെ ജില്ല അഭിമുഖീകരിക്കുന്നത്. പ്രശ്‌നത്തിന്റെ കാഠിന്യം മനസ്സിലാക്കി വിവിധ പഞ്ചായത്തുകള്‍ കുടിവെള്ളസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
തൊഴിലുറപ്പ്പദ്ധതി തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗിച്ച് ചില പഞ്ചായത്തുകള്‍ കിണറുകളും കുളങ്ങളും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്. പരിസ്ഥിതി സംരക്ഷിക്കാന്‍ സന്നദ്ധമായ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ ജലസംഭരണികള്‍ സംരക്ഷിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുനീങ്ങുകയാണ് ജില്ല.
Next Story

RELATED STORIES

Share it