മണ്ണെണ്ണ മറിച്ചുവില്‍പന; മല്‍സ്യഫെഡ് പോലിസ് സഹായം തേടി

തിരുവനന്തപുരം: മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കു സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന വെള്ള മണ്ണെണ്ണയുടെ മറിച്ചുവില്‍ക്കലും കരിഞ്ചന്തയിലെ വിപണനവും തടയണമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മല്‍സ്യഫെഡ് മാനേജിങ് ഡയറക്ടര്‍ സംസ്ഥാന പോലിസ് മേധാവിക്കു കത്തുനല്‍കി. മല്‍സ്യഫെഡ് സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന വെള്ള മണ്ണെണ്ണ അനധികൃതമായി സൂക്ഷിക്കുന്നവര്‍ക്കും കച്ചവടം ചെയ്യുന്നവര്‍ക്കുമെതിരേ ശക്തമായ നടപടിയെടുക്കണമെന്നു കത്തില്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

പൊതുവിതരണ സമ്പ്രദായത്തിലൂടെയാണ് മല്‍സ്യബന്ധനത്തിന് ആവശ്യമായ മണ്ണെണ്ണ ലഭ്യമാക്കുന്നത്. ഫിഷറീസ്, മല്‍സ്യഫെഡ്, സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന അടിസ്ഥാനമാക്കി എന്‍ജിന്‍ കുതിരശക്തിയുടെ അടിസ്ഥാനത്തില്‍ 129 മുതല്‍ 180 ലിറ്റര്‍ വരെ വെള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ മണ്ണെണ്ണ മല്‍സ്യത്തൊഴിലാളികളുടെ ആവശ്യത്തിന് അപര്യാപ്തമാണ്. അതിനാലാണ് അവര്‍ കരിഞ്ചന്തയെ ആശ്രയിക്കുന്നത്.
ലിറ്ററിനു 17 രൂപ വിലയുള്ള സബ്‌സിഡി മണ്ണെണ്ണയ്ക്കു കരിഞ്ചന്തയില്‍ 60 മുതല്‍ 100 രൂപ വരെ നല്‍കണം. ഈ സാഹചര്യത്തിലാണ് പൊതുമേഖലാ എണ്ണക്കമ്പനികളുമായിച്ചേര്‍ന്നു സബ്‌സിഡി നിരക്കില്‍ വെള്ള മണ്ണെണ്ണ വിതരണം ചെയ്യുന്നതിനുള്ള പദ്ധതി മല്‍സ്യഫെഡ് നടപ്പാക്കിയത്. പദ്ധതി പ്രകാരം തീരദേശ ജില്ലകളില്‍ മല്‍സ്യഫെഡ് സ്ഥാപിച്ച മണ്ണെണ്ണ ബങ്കുകളിലൂടെ ലിറ്ററിന് 25 രൂപ സബ്‌സിഡിയോടുകൂടി മണ്ണെണ്ണ നല്‍കുന്നുണ്ട്.
എന്‍ജിനുകളുടെ കുതിരശക്തി അടിസ്ഥാനമാക്കി 140 മുതല്‍ 190 ലിറ്റര്‍ വരെ സബ്‌സിഡിയോടുകൂടിയും കൂടുതല്‍ വേണ്ടവര്‍ക്ക് 213 മുതല്‍ 630 ലിറ്റര്‍ വരെ വിപണി നിരക്കിലും മണ്ണെണ്ണ വിതരണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 15,275 പെര്‍മിറ്റുടമകള്‍ക്കാണു മണ്ണെണ്ണ നല്‍കിയിരുന്നത്. രണ്ടാംഘട്ടത്തില്‍ 8,382 മല്‍സ്യത്തൊഴിലാളികള്‍ കൂടി പദ്ധതിയില്‍ അംഗമായി.
മണ്ണെണ്ണയുടെ മുഴുവന്‍ വിലയും മുന്‍കൂര്‍ നല്‍കിയാണ് മണ്ണെണ്ണ വാങ്ങുന്നത്. സബ്‌സിഡി തുക പിന്നാലെ അവരവരുടെ തന്നെ വ്യക്തിഗത ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിതമാവും. അര്‍ഹതപ്പെട്ടവര്‍ക്ക് സബ്‌സിഡി നേരിട്ടു ലഭിക്കുകയും ചെയ്യും. എന്നാല്‍, ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 15,275 മല്‍സ്യത്തൊഴിലാളികളില്‍ 8,300 പേര്‍ മാത്രമേ ഇതുവരെയായി ബങ്കുകളില്‍ നിന്നു സബ്‌സിഡി നിരക്കില്‍ മണ്ണെണ്ണ എടുത്തിട്ടുള്ളൂ. മല്‍സ്യത്തൊഴിലാളികള്‍ തങ്ങളുടെ പെര്‍മിറ്റുകള്‍ മണ്ണെണ്ണ കച്ചവടക്കാര്‍ക്കു പണയം വയ്ക്കുന്ന രീതിയും കണ്ടുവരുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളില്‍ നിന്നു കുറഞ്ഞ നിരക്കില്‍ മണ്ണെണ്ണ സംഭരിച്ചു മറിച്ചുവില്‍ക്കുന്ന സംഘത്തെ വര്‍ക്കല പോലിസ് പിടികൂടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരം പോലിസ് നടപടികള്‍ സംസ്ഥാന വ്യാപകമാക്കണമെന്നാവശ്യപ്പെട്ട് മല്‍സ്യഫെഡ് ഡിജിപിയെ സമീപിച്ചത്.
Next Story

RELATED STORIES

Share it