Kottayam Local

മണ്ണെടുപ്പിനെ ചൊല്ലി എരുമേലി പഞ്ചായത്ത് ഭരണസമിതിയില്‍ എതിര്‍പ്പ്

എരുമേലി: എല്‍ഡിഎഫ് ഭരിക്കുന്ന എരുമേലിയില്‍ വ്യാപകമായി മണ്ണെടുപ്പിന് പഞ്ചായത്ത് അധികൃതര്‍ അനുമതി നല്‍കുന്നെന്ന് ആരോപിച്ച് സിപിഎം മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി രംഗത്ത്. സംഭവം സംബന്ധിച്ച് ഏരിയാ കമ്മറ്റിയംഗവും മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ കെ സി ജോര്‍ജുക്കുട്ടി കലക്ടറെ പരാതി അറിയിച്ചു.
നിലവില്‍ ഭരണം കൈയാളുന്നത് സിപിഎമ്മാണ്. എന്നാല്‍ എരുമേലി ലോക്കല്‍ കമ്മിറ്റിയും മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റിയും നാളുകളായി ഭിന്നതയിലാണ്. മണ്ണെടുപ്പിനു പഞ്ചായത്ത് അധികൃതര്‍ വ്യാപകമായി അനുമതി നല്‍കുന്നെന്ന് ആരോപിച്ച് മുക്കുട്ടുതറ ലോക്കല്‍ കമ്മിറ്റി ശക്തമായ എതിര്‍പ്പാണ് അറിയിച്ചിരിക്കുന്നത്. എരുമേലി ടൗണിലും പരിസരങ്ങളിലും മുക്കൂട്ടുതറയിലും വ്യാപകമായി മണ്ണ് മാഫിയാ പിടിമുറിക്കിയെന്ന് ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളില്‍ പാടം നികത്താനാണ് മണ്ണ് കടത്തുന്നത്. ഇതിനായി ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
40,000 രൂപാ മുതല്‍ അര ലക്ഷം രൂപവരെയാണ് ഒരു ലോഡ് മണ്ണിന് ഈടാക്കുന്നത്. വീടു നിര്‍മിക്കാനെന്ന പേരില്‍ പെര്‍മിറ്റ് കരസ്ഥമാക്കാന്‍ മണ്ണ് മാഫിയായുടെ ആളുകള്‍ രംഗത്തുണ്ട്. രേഖകളില്‍ പലതും ഇവര്‍ വ്യാജമായാണ് നിര്‍മിക്കുന്നതെന്ന് പറയുന്നു. ജൈവ വൈവിധ്യങ്ങളായ വെള്ളാറം പാറക്കല്ലുകള്‍ തവിടുപൊടിയാക്കി മണ്ണ് എന്ന പേരില്‍ കടത്തുന്നുണ്ട്. വന്‍കിട കെട്ടിടങ്ങള്‍ക്ക് വേണ്ടി ആവശ്യമില്ലെങ്കില്‍ പോലും മണ്ണെടുപ്പിന്റെ പേരില്‍ മറ്റ് സ്ഥലങ്ങളില്‍ നിന്ന് മണ്ണ് കടത്തുകയാണെന്നു പരാതിയുണ്ട്. നിയമ വിധേയമായി മണ്ണെടുക്കുകയാണെന്ന പ്രതീതിയാണു പലയിടങ്ങളിലും. എന്നാല്‍ മിക്ക മണ്ണെടുപ്പ് കേന്ദ്രങ്ങളിലും അനുമതിയും രേഖകളും ലഭിച്ചിട്ടില്ലെന്നാണ് ആക്ഷേപം. രാത്രി കാലങ്ങളില്‍ മാത്രമാണ് മണ്ണ് ഖനനത്തിനും, കടത്തുന്നതിനും അനുമതിയുള്ളത്. എന്നാല്‍ ഇതു ലംഘിച്ച് പകല്‍ സമയങ്ങളില്‍ ടൗണ്‍ റോഡുകളിലൂടെ മണ്ണ് കയറ്റിയ വണ്ടികള്‍ പായുകയാണ്.
മണ്ണ് എടുക്കുന്ന സ്ഥലങ്ങളില്‍ ഒന്നും തന്നെ പോലിസ്, പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥരാരും പരിശോധന നടത്തി നിയമ പ്രകാരമാണോയെന്ന് ഉറപ്പുവരുത്തുന്നില്ലെന്ന് സിപിഎം മുക്കൂട്ടുതറ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു.
Next Story

RELATED STORIES

Share it